തലശ്ശേരിയിൽ കുടുംബ വേരുള്ള ഇന്ത്യയുടെ ശീതകാല ഒളിംപ്യൻ ശിവ കേശവൻ ആറാം ഒളിംപിക്‌സിന് ഒരുങ്ങുന്നു. വടക്കൻ കൊറിയയിലെ പ്യോംഗ്ചാംഗിൽ നടക്കുന്ന ഒളിംപിക്‌സിൽ ശിവ മെഡൽ നേടില്ലെങ്കിലും ആറ് ഒളിംപിക്‌സിൽ മുഖം കാണിച്ച അപൂർവ കളിക്കാരിലൊരാളായി ചരിത്രത്തിൽ ഇടം നേടും. ശൈത്യകാല സ്‌പോർട്‌സിന് വേരോട്ടമില്ലാത്ത ഇന്ത്യയിൽ നിന്ന് ഇത്ര വലിയ ഉയരം കീഴടക്കാൻ ശിവക്കു സാധിച്ചത് മനക്കരുത്ത് കൊണ്ടു മാത്രമാണ്.
ലൂജിലാണ് ശിവ മത്സരിക്കുക. അഞ്ച് ഒളിംപിക്‌സിൽ മത്സരിച്ചതിൽ ഒരിക്കലും ഇരുപത്തഞ്ചാം സ്ഥാനത്തിന് മുമ്പിലെത്താൻ ശിവക്കു സാധിച്ചിട്ടില്ല. ആരെങ്കിലും വിലയിരുത്താൻ വേണ്ടിയല്ല മത്സരിക്കുന്നതെന്നും ആവേശം ഒന്നു കൊണ്ടു മാത്രമാണെന്നും ശിവ പറഞ്ഞു. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായി, ലോകമെങ്ങും സഞ്ചരിച്ചു, ഒരുപാട് പേരെ കണ്ടു -ശിവ പറഞ്ഞു.

നാഷൻസ് കപ്പിൽ മുപ്പത്തൊന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ശിവക്ക് ലോകകപ്പിൽ മത്സരിക്കാനായില്ല. ആദ്യ 15 പേർക്കാണ് അവസരം. ഒരുപാട് രാജ്യങ്ങളുടെ ടീമിലെ അനൗദ്യോഗിക അംഗത്തെ പോലെയാണ് ശിവ. ഓസ്‌ട്രേലിയ, ഉക്രൈൻ ടീമുകൾക്കൊപ്പമൊക്കെ പരിശീലിക്കുന്ന ശിവ എല്ലാ കളിക്കാർക്കും സുപരിചിതനാണ്. ശിവയുടെ സ്ലെഡ് പൊട്ടിയപ്പോൾ ക്രൊയേഷ്യൻ ടീമംഗം ദാരിയ ഒബ്രറ്റോവയാണ് അവരുടേത് നൽകി നാഷൻസ് കപ്പിൽ മത്സരിക്കാൻ സഹായിച്ചത്.
ഹിമാലയത്തിന്റെ മടിത്തട്ടിൽ ഹിമാചൽപ്രദേശിലെ മനാലിയിൽ ജീവിച്ച ശിവ പതിനാറാം വയസ്സിലാണ് ഒളിംപിക് അരങ്ങേറ്റം കുറിച്ചത്, 1998 ൽ ജപ്പാനിലെ നഗാനോയിൽ നടന്ന ഒളിംപിക്‌സിൽ. ഇരുപത്തെട്ടാം സ്ഥാനത്തായിരുന്നു അന്ന്. 2002 ൽ സാൾട്‌ലെയ്ക് ഒളിംപിക്‌സിൽ 33 ാം സ്ഥാനമായിരുന്നു. 2006 ൽ ടൂറിനിലായിരുന്നു മികച്ച പ്രകടനം, ഇരുപത്തഞ്ചാം സ്ഥാനം. 2010 ൽ വാൻകൂവറിൽ 29, 2014 ൽ സോചിയിൽ 37 എന്നിങ്ങനെയായിരുന്നു സ്ഥാനം. ലൂജിൽ സെക്കന്റിന്റെ ആയിരത്തിലൊരംശത്തിനാണ് പലപ്പോഴും വിജയ, പരാജയങ്ങൾ നിർണയിക്കുന്നത്. കഴിവിന്റെ പരമാവധി പരിശ്രമിച്ച കളിക്കാരനെന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്ന് മുപ്പത്താറുകാരൻ പറയുന്നു.






