റിയാദ് - ഈ മാസം പതിനേഴു മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും സന്ദര്‍ശനങ്ങള്‍ നടത്തി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജും മന്ത്രിയെ അനുഗമിച്ചു. റിയാദ്, ജിദ്ദ എയര്‍പോര്‍ട്ടുകളിലെ ടെര്‍മിനലുകളും അന്താരാഷ്ട്ര യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഏരിയകളും സന്ദര്‍ശിച്ച ഗതാഗത മന്ത്രി, ജവാസാത്ത് അടക്കം ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങളും മറ്റു നടപടിക്രമങ്ങളും വിലയിരുത്തി.
സൗദി പൗരന്മാരുടെ വിദേശ യാത്രക്കുള്ള വിലക്ക് ഈ മാസം 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ എടുത്തുകളയുകയും സമുദ്ര, കര, വ്യോമ അതിര്‍ത്തികള്‍ പൂര്‍ണ തോതില്‍ തുറക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മെയ് 17 പുലര്‍ച്ചെ ഒന്നു മുതല്‍ സ്വദേശി പൗരന്മാര്‍ക്കുള്ള വിദേശയാത്രാ വിലക്ക് എടുത്തുകളയുമെങ്കിലും യാത്രാനുമതി എല്ലാവര്‍ക്കും ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മെയ് 17 പുലര്‍ച്ചെ ഒന്നു മുതല്‍ സൗദി പൗരന്മാര്‍ക്ക് വിദേശ യാത്രാനുമതി നല്‍കുമെന്നും കരാര്‍തിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും പൂര്‍ണ തോതില്‍ തുറക്കുമെന്നും ജനുവരി 29 ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പുകള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മെയ് 17 പുലര്‍ച്ചെ ഒരു മണി മുതല്‍ സൗദികള്‍ക്കുള്ള യാത്രാ വിലക്ക് എടുത്തുകളയാനുള്ള തീരുമാനത്തിന് അന്തിമാംഗീകാരം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
രണ്ടു ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനാലു ദിവസം പിന്നിട്ടവര്‍, ചുരുങ്ങിയത് ആറു മാസം മുമ്പ് കൊറോണ വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ എന്നിവര്‍ക്ക് മെയ് 17 മുതല്‍ വിദേശ യാത്രാനുമതി നല്‍കും. പതിനെട്ടു വയസില്‍ കുറവ് പ്രായമുള്ളവര്‍ക്കും വിദേശ യാത്രക്ക് അനുമതിയുണ്ടാകും. എന്നാല്‍ ഇവര്‍ സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകാരമുള്ള, വിദേശത്ത് കൊറോണ ചികിത്സാ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസി ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്. സൗദിയില്‍ തിരിച്ചെത്തിയ ശേഷം ഇവര്‍ ഏഴു ദിവസം ഹോം ക്വാറന്റൈന്‍ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. ക്വാറന്റൈന്‍ കാലയളവിന്റെ അവസാനത്തില്‍ ഇവര്‍ പി.സി.ആര്‍ പരിശോധനയും നടത്തണം. എട്ടു വയസില്‍ കുറവ് പ്രായമുള്ളവര്‍ പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.