യു.പിയിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു, ഗംഗയില്‍ 45 എണ്ണം കണ്ടെത്തി

ലഖ്നൗ- ഉത്തര്‍പ്രദേശിലെ ബല്ലിയ, ഗാസിപുര്‍ ജില്ലകളില്‍നിന്നായി 45 മൃതശരീരങ്ങള്‍ ഗംഗാ നദിയില്‍ കണ്ടെത്തി. പ്രദേശവാസികളും അധികൃതരുമാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി കണ്ടെത്തിയത്. ബിഹാറിലെ ബക്സറില്‍ ഗംഗയില്‍ നിന്ന് 71 മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ നദിയിലൂടെ ഒഴുക്കിവിടുന്നതെന്നാണ് സംശയം.

ബല്ലിയയിലെ ഉജിയാര്‍, കുല്‍ഹാദിയ, ഭൗരലി എന്നിവടങ്ങളിലാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞത്. അതേ സമയം എത്ര മൃതദേഹങ്ങളുണ്ടെന്ന കൃത്യമായ എണ്ണം ജില്ലാഭരണകൂടം അറിയിച്ചിട്ടില്ല.

അഴുകിത്തുടങ്ങിയ അവസ്ഥയിലുള്ള ചില മൃതദേഹങ്ങള്‍ ബില്ലിയ-ബക്സാര്‍ പാലത്തിനിടിയില്‍ കണ്ടെത്തിയതായി ബല്ലിയ ജില്ലാ കലക്ടര്‍ അതിദി സിംഗ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ ആദരവോടെ നടത്തുമെന്നും അവര്‍ പറഞ്ഞു.

അതേസമയം ബിഹാറില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ എത്തിയതെന്നാണ് യു.പി പോലീസ് പറയുന്നത്. മൃതദേഹങ്ങള്‍ വളരെ പഴക്കം ചെന്നവയാണ്. ബിഹാറില്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിവിടുന്ന ഒരു ആചാരമുണ്ട്. ഈ മൃതദേഹങ്ങള്‍ കാണുമ്പോള്‍ അവിടെ നിന്നുള്ളതാണെന്ന് സംശയിക്കുന്നു- ജില്ലാ പോലീസ് മേധാവി പറഞ്ഞു.

മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

 

Latest News