ദുബായ് - എല്ലാ വർഷവും 10,000 ലേറെ ദേശാനടക്കിളികളാണ് പോളണ്ടിൽനിന്ന് യു.എ.ഇയിലെത്തുന്നത്. എക്സ്പോ 2020 ന്റെ പവലിയൻ ഒരുക്കുമ്പോഴും ദേശാടനക്കിളികളെ മറക്കാൻ പോളണ്ടിനാവില്ല. പവലിയനു ചുറ്റും ദേശാടനക്കിളികളുടെ ആയിരക്കണക്കിന് മാതൃകയാണ് പോളണ്ട് ഒരുക്കിയിരിക്കുന്നത്. പോളണ്ട്-യു.എ.ഇ ബന്ധം ശക്തമായി അടയാളപ്പെടുത്തുന്ന പ്രതീകം കൂടിയാണിത്. മരം കൊണ്ട് പണിത പവലിയന്റെ ചുമരുകൾക്ക് ചുറ്റുമാണ് പാറിപ്പറക്കുന്ന ദേശാടനക്കിളികളുടെ മാതൃകയുള്ളത്. ഇൻസ്റ്റഗ്രാമിൽ ലക്ഷങ്ങളാണ് ഈ മാതൃക ഇഷ്ടപ്പെട്ടിരിക്കുന്നതെന്ന് പോളണ്ട് പവലിയൻ കമ്മീഷണർ ജനറൽ അഡ്രിയാൻ മലിനോവ്സ്കി പറഞ്ഞു. കെട്ടിടത്തിനു ചുറ്റും മരങ്ങളിൽ വന്നു നിൽക്കുന്ന കിളികളെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ചെറിയ കാറ്റിൽ ഈ കിളികൾ പറക്കുന്നതായി തോന്നും. ദൂരെനിന്ന് നോക്കുമ്പോൾ ആയിരക്കണക്കിന് ദേശാടനക്കിളികൾ പറന്നു വരുന്നതായും അനുഭവപ്പെടും. രണ്ടു നിലകളിലായിട്ടാണ് പവലിയൻ പണിതിരിക്കുന്നത്.

പക്ഷികളുടെ സ്വർഗം എന്നറിയപ്പെടുന്ന പോളണ്ടിൽനിന്ന് ചൂടുകാലത്ത് തണുപ്പ് തേടി അറബ് നാടുകളിലേക്ക് ദേശാടനക്കിളികൾ എത്താറുണ്ട്. ഇതാദ്യമായാണ് എക്സ്പോയിൽ ഇങ്ങനെയൊരു പ്രമേയം വരുന്നത്. ബഹിരാകാശ സാങ്കേതികതയിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് പോളണ്ട്. പവലിയന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട വിസ്മയക്കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.
പോളിഷ് സംസ്കാരവും ആതിഥേയത്വവും വെളിവാക്കുന്ന പ്രദർശനവും എക്സ്പോയുടെ ഭാഗമാണ്. കോവിഡ് സാഹചര്യത്തിൽ ടച്ച് സ്ക്രീനുകൾ ഒഴിവാക്കി സെൻസറുടെ സഹായത്തോടെ സന്ദർശകരെ സ്വീകരിക്കാനാണ് പവലിയൻ ഒരുങ്ങുന്നത്. 70 യൂനിവേഴ്സിറ്റി വിദ്യാർഥികളെയാണ് പവലിയനിൽ അതിഥികളെ സ്വീകരിക്കാനായി പോളണ്ട് നിയമിച്ചിരിക്കുന്നത്.






