ജിദ്ദ- സൗദിയില്‍ ഓഡിയോ വിഷ്വല്‍ ജനറല്‍ കമ്മീഷന്‍ (ജിസിഎഎം) ആരംഭിച്ച ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ടു ദിവസം കൊണ്ട് 70,000 കടന്നു.
സൗദിയില്‍ സിനമയുടെ തിരിച്ചുവരവ് സമൂഹ മാധ്യമങ്ങളില്‍ വന്‍ ആഘോഷമായി മാറുകയാണ്. ഞങ്ങള്‍ മടങ്ങിയെത്തി എന്ന് അര്‍ഥമാക്കുന്ന ഉദ്‌ന എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ് ആയിരങ്ങളാണ് ലൈക്ക് ചെയ്ത് റിട്വീറ്റ് ചെയ്തത്.
വെല്‍ക്കം ബാക്ക് എന്ന് ട്വീറ്റ് ചെയ്ത ട്വിറ്റര്‍ ഉപയോക്താക്കളില്‍ പലരും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളുടെ പേരുകളും ചേര്‍ത്തിട്ടുണ്ട്. പിന്നെ ടിക്കറ്റുകള്‍ക്ക് മിതമായ നിരക്കേ ഈടാക്കാവൂ എന്ന അഭ്യര്‍ഥനയം.
സൗദിയില്‍ സിനിമകള്‍ ആരംഭിക്കുമ്പോള്‍ അത് വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്നതാകട്ടെയെന്ന് സൗദി നിര്‍മാതാവും നാഗരികതയില്‍ ഗവേഷകനുമായ ലുആയ് അല്‍ ശരീഫ് ആശംസിച്ചു. സിനികള്‍ കണ്ടാണ് നമ്മളില്‍ പലരും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തിയതെന്നും അദ്ദേഹം അനുസ്മരിച്ചു.
2018 മാര്‍ച്ച് മുതല്‍ സൗദി അറേബ്യയില്‍ വാണിജ്യ സിനിമകള്‍ ആരംഭിക്കുന്ന കാര്യം രണ്ടാഴ്ച മുമ്പാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാജ്യത്ത മത, സാംസ്‌കാരിക മൂല്യങ്ങളെ മാനിക്കുന്നതായിരിക്കണം സിനിമകളെന്ന് സാംസ്‌കാരിക, വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.