Sorry, you need to enable JavaScript to visit this website.

ലാല്‍സലാമിലെ സേതുലക്ഷ്മിയും  ഗൗരിയമ്മയും 

ആലപ്പുഴ- സിനിമയിലും കെ.ആര്‍.ഗൗരിയെന്ന ഗൗരിയമ്മ താരമായിരുന്നു. ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയില്‍ വേണു നാഗവള്ളി സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് 1990 ല്‍ പുറത്തിറങ്ങിയ ലാല്‍സലാം. രാഷ്ട്രീയ കേരളം ഈ സിനിമ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തു. നടി ഗീത അവതരിപ്പിച്ച സേതുലക്ഷ്മി എന്ന കഥാപാത്രം ഗൗരിയമ്മയെയാണ് ഉദ്ദേശിക്കുന്നതെന്ന് രാഷ്ട്രീയ കേരളം ഒരേ സ്വരത്തില്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകയായും മന്ത്രിയായും ഗീത സേതുലക്ഷ്മി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി. ടി.കെ.ആന്റണി എന്ന കഥാപാത്രത്തെയാണ് നടന്‍ മുരളി ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൗരിയമ്മയുടെ ഭര്‍ത്താവും കമ്യൂണിസ്റ്റ് നേതാവുമായ ടി.വി.തോമസിനെയാണ് മുരളിയുടെ കഥാപാത്രം ഉദ്ദേശിക്കുന്നതെന്നാണ്  പ്രേക്ഷകര്‍ വിശ്വസിക്കുന്നത്. ഗൗരിയമ്മയുടെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും സിനിമയിലും പ്രമേയമായി.മോഹന്‍ലാലാണ് ലാല്‍സലാമില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ നെട്ടൂരാന്‍ എന്ന കഥാപാത്രം വര്‍ഗീസ് വൈദ്യര്‍ക്ക് വേണ്ടി എഴുതപ്പെട്ടതാണെന്ന് പറയുമ്പോഴും സേതുലക്ഷ്മി താന്‍ അല്ലെന്നാണ് ഗൗരിയമ്മ പറയുന്നത്. ലാല്‍സലാമിലുള്ളത് തന്റെ കഥയല്ല. അത് വര്‍ഗീസ് വൈദ്യന്റെ ഭാര്യയുടെ കഥയാണെന്നാണ് ഗൗരിയമ്മ ചിത്രത്തെ കുറിച്ച് പില്‍ക്കാലത്ത് പറഞ്ഞത്.
സിനിമ പോലെ ഉദ്വേഗം നിറഞ്ഞതായിരുന്നു ഗൗരിയമ്മയുടെ ജീവിതവും. ഒരേ മന്ത്രിസഭയില്‍ അംഗമായിരുന്നു ഗൗരിയമ്മയും ടി.വി.തോമസും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തരായ നേതാക്കള്‍. ഇരുവരുടെയും വിവാഹം ആഢംബരപൂര്‍വ്വം നടന്നു. പാര്‍ട്ടി ആഘോഷമാക്കി. എറണാകുളം മഹാരാജാസില്‍ പഠിക്കുമ്പോഴാണ് ടി.വി.തോമസിനെ ഗൗരിയമ്മ ആദ്യമായി കാണുന്നത്. പിന്നീട് തിരുവനന്തപുരത്ത് നിയമപഠനത്തിനു പോയപ്പോള്‍ കാത്തലിക് ഹോസ്റ്റലിലും ടി.വി.തോമസ് ഉണ്ടായിരുന്നു. സൗഹൃദം വളര്‍ന്നു. ഇരുവരും ഒടുവില്‍ വിവാഹിതരായി.
1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി. ഗൗരിയമ്മ സിപിഎമ്മില്‍ ഉറച്ചുനിന്നു. തോമസ് സിപിഐയില്‍ ചേര്‍ന്നു. പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ഒരിക്കല്‍ താന്‍ ഗര്‍ഭിണിയായെന്നും തിരക്കുപിടിച്ച യാത്രകളാണ് ആ സ്വപ്നം അലസിപ്പിച്ചെന്നും ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്.

Latest News