ബംഗാളിലെ മുഴുവന്‍ ബിജെപി എംഎല്‍എമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 77 ബിജെപി എംഎല്‍എമാര്‍ക്കും കേന്ദ്ര സേനയുടെ സുരക്ഷ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഭീഷണികളെ തുടര്‍ന്നാണ് കേന്ദ്ര സുരക്ഷയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ എംഎല്‍എമാരു സുരക്ഷയ്ക്ക് സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് എന്നീ സേനകളില്‍ നിന്നുള്ള സായുധ കമാന്‍ഡര്‍മാരെ നിയോഗിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ബംഗാളില്‍ പലയിടത്തും സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത തല സംഘത്തെ അങ്ങോട്ടയച്ചിരുന്നു. ഇവരുടേയും കേന്ദ്ര സുരക്ഷാ ഏജന്‍സികളുടേയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി എംഎല്‍എമാര്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. 

ഇവരില്‍ പ്രമുഖനായ സുവേന്ദു അധികാരിക്ക് നേരത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഇസെഡ് കാറ്റഗറി സുരക്ഷയുണ്ട്. 61 എംഎല്‍എമാര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷയും ബാക്കിയുള്ളവര്‍ക്ക് ഉയര്‍ന്ന സുരക്ഷയായ വൈ കാറ്റഗറി സംരക്ഷണവും ലഭിക്കും.

Latest News