ദുബായ്- ഇന്ത്യയില്‍ നിന്ന് വരുന്ന ബിസിനസ് ജെറ്റ് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ എട്ടില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കില്ലെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ). നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതോറിറ്റി കഴിഞ്ഞ ദിവസമാണ് പുതുക്കിയത്. ചാര്‍ട്ടര്‍ വിമാനങ്ങളുടെ വലിപ്പം അനുസരിച്ച് ആറു മുതല്‍ 35 വരെ യാത്രക്കാരെ മാത്രമെ അനുവദിക്കൂ. എന്നാല്‍ ബിസിനസ് വിമാനങ്ങളിലും ചെറിയ സ്വകാര്യ വിമാനങ്ങളിലും എട്ടു യാത്രക്കാരെ മാത്രമെ അനുവദിക്കൂ. ജിസിസിഎയുടെ പ്രത്യേക അനുമതി വാങ്ങി മാത്രമെ സ്വകാര്യ വിമാന സര്‍വീസ് നടത്താവൂ.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയതോടെ സ്വകാര്യ വിമാനയാത്രയ്ക്കുള്ള ബുക്കിങ്ങും വര്‍ധിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം സ്വകാര്യ വിമാന ടിക്കറ്റ് നിരക്ക് 22,000 ദിര്‍ഹം മുതല്‍ 25,000 ദിര്‍ഹം വരെയാണ്. നേരത്തെ ഇത് 13,000 ദിര്‍ഹം മുതല്‍ 16,000 ദിര്‍ഹം വരെ ആയിരുന്നുവെന്ന് ഏജന്റുമാര്‍ പറയുന്നു.
സ്വകാര്യ വിമാനങ്ങള്‍ യാത്രയ്ക്കു മുന്നോടിയായി അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ ഫ്‌ളൈറ്റ് പ്ലാനിനൊപ്പം സീറ്റുകളുടേയും യാത്രക്കാരുടേയും എണ്ണം അടക്കമുള്ള വിശദമായ വിവരങ്ങള്‍ നല്‍കണമെന്നും ജിസിസിഎ വ്യക്തമാക്കി. കൊമേഴ്‌സ്യല്‍ സര്‍വീസ് പോലെ കൂടുതല്‍ യാത്രക്കാരെ ഒന്നിച്ച് ഉള്‍പ്പെടുത്തി സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് തടയാനാണ് ഈ നിയന്ത്രണങ്ങള്‍.