ഖത്തറില്‍ മരിച്ച 30 ഇന്ത്യക്കാരുടെ ആശ്രിതർക്ക് 5.73 കോടി രൂപ നഷ്ടപരിഹാരം ലഭ്യമാക്കി

ദോഹ- ഖത്തറില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങളില്‍ ഏറെ ജാഗ്രതയോടെയാണ് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നതെന്നും സാധ്യമാകുന്ന എല്ലാ തലങ്ങളിലും എംബസി ഇടപെടുമെന്നും
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ മരിച്ച 30 ഇന്ത്യക്കാരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനായി ഇന്ത്യന്‍ എംബസി മുന്‍കൈയെടുത്തു. 5.73 കോടി രൂപയാണ് മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് അയച്ചുകൊടുത്തത്..
എംബസി വിഷയത്തില്‍പെടുകയും ഇന്‍ഷ്യൂറന്‍സ്, കോടതി, നിയമസഹായം എന്നിങ്ങനെ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനാവശ്യമായ എല്ലാ പ്‌ളാറ്റ് ഫോമുകളും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ച നടക്കുന്ന ഓപണ്‍ ഹൗസ് തൊഴിലാളികളുടെ അടിയന്തിര പ്രശ്‌നങ്ങള്‍ എംബസിയുടെ ശ്രദ്ധയില്‍കൊണ്ടുവരുവാന്‍ സഹായകമാണ് . കോവിഡ് കാലത്ത് ഓണ്‍ലൈനിലാണ് ഓപണ്‍ ഹൗസ് നടക്കുന്നതെന്നതിനാല്‍ നാട്ടില്‍ പോയ പ്രവാസികള്‍ക്കും അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ സഹായകമാണ് .

കോവിഡ് ഇന്ത്യക്ക് അത്യാവശ്യമായ സഹായങ്ങള്‍ നല്‍കുവാന്‍ നാല്‍പതോളം രാജ്യങ്ങളാണ് മുന്നോട്ട് വന്നത്. ഇത് സഹായമെന്നതിനപ്പുറം ഇന്ത്യക്കുള്ള ഗുഡ് വില്‍ ആയാണ് താന്‍ കാണുന്നതെന്ന് അംബാസിഡര്‍ പറഞ്ഞു.

ഇറ്റലിയേയും ഇംഗ്‌ളണ്ടിനേയും അമേരിക്കയേയും ബ്രസീലിനേയുമൊക്കെ പിടിച്ചുകുലുക്കിയ പോലെ ഇപ്പോള്‍ ഇന്ത്യയേയും കോവിഡ് ഉലക്കുന്നുണ്ട്. എന്നാല്‍ വൈദ്യ പരിചരണം, വാക്‌സിനേഷന്‍, മുന്‍ കരുതല്‍നടപടികള്‍ എന്നിവയിലൂടെ പ്രതിദിനം മൂന്ന് ലക്ഷം രോഗമുക്തിയാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നത് ഏറെ ആശ്വാസകരമാണ് .

മെഡിക്കല്‍ ഓക്‌സിജന്‍ സൗകര്യങ്ങളുടെ ഡിമാന്റ് ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍ അത് പരിഹരിക്കുന്നതിന് സ്ട്രാറ്റജി രൂപീകരിച്ചു. പ്രതിദിന ഉല്പാദനം 5700 മെട്രിക് ടണില്‍നിന്നും 9000 മെട്രിക് ടണ്‍ ആയി ഉയര്‍ത്തി . ആഗോള പിന്തുണ ലഭ്യമാക്കിയത് പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ കുറച്ചിട്ടുണ്ട്. നാവിക സേനയുടെ പ്രത്യേക കപ്പലുകളിലൂടെയാണ് വലിയ ഓക്‌സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
ആഗോള സഹായം കാര്യക്ഷമമായി കൈകാര്യം ചെയ്യുവാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്

1200 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കെത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഫ്രാന്‍സ് നല്‍കിയ ക്രയോജനിക് ടാങ്കുകളില്‍ 40 മെട്രിക് ടണ്‍ വീതം രണ്ട് കപ്പലുകളില്‍ ഇന്ത്യയിലേക്കയച്ചു കഴിഞ്ഞു. മെയ് 5 ന് പുറപ്പെട്ട കപ്പല്‍ ഇ്ത്യയിലെത്തി. അടുത്ത കപ്പല്‍ ഒന്ന് രണ്ട് ദിവസത്തിനകം ഇന്ത്യയിലെത്തും. വരും ആഴ്ചകളില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കും.
ബ്രിട്ടീഷ് ഓക്‌സിജന്‍ കമ്പനി നല്‍കിയ 1350 ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ഇന്ന് പുറപ്പെടും. കൂടുതല്‍ വൈദ്യ സഹായവുമായി രണ്ട് വിമാനങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ പുറപ്പെടുമെന്ന് അംബാസിഡര്‍ പറഞ്ഞു.

ഖത്തരീ അധികൃതര്‍ കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി നേരിട്ട തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചതാണ് . ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവശ്യ വൈദ്യ സഹായങ്ങള്‍ സൗജന്യമായെത്തിക്കുവാന്‍ രംഗത്തുണ്ട്. ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ കീഴില്‍ മികച്ച സേവനങ്ങളാണ് ചെയ്യുന്നത്.

ടെക്‌നോളജി പ്രയോജനപ്പെടുത്തി ജനങ്ങളെ ആശ്വസിപ്പിക്കുവാനും ആവശ്യമായ അപ്‌ഡേറ്റുകള്‍ നല്‍കുവാനും ശ്രദ്ധിക്കുന്നുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ സഹകരണങ്ങളിലൂടെയും ക്രിയാത്മകമായനടപടികളിലൂടേയും ഇന്ത്യ കോവിഡിനെ അതിജീവിക്കുമെന്ന് അംബാസിഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News