ശ്മശാനങ്ങളിലെത്തി മൃതദേഹങ്ങളുടെ വസ്ത്രങ്ങളും വിരിപ്പുകളും മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

ഭാഗ്പത്- കോവിഡ് ബാധിച്ച് മരിച്ചവര്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളില്‍ വസ്ത്രങ്ങളും വിരിപ്പും മറ്റും മോഷ്ടിച്ച് മറിച്ച് വില്‍പ്പന നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഭാഗ്പതിലാണ് ഏഴു പേര്‍ പിടിയിലായത്. ശ്മശാനങ്ങളിലെത്തിക്കുന്ന മൃതദേഹങ്ങളില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തി വന്നത്. മൃതദേഹങ്ങളെ പൊതിയാനുപയോഗിക്കുന്ന വിരിപ്പുകള്‍, വസ്ത്രങ്ങള്‍, സാരികള്‍, ഇവയോടൊപ്പമുള്ള മറ്റു വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 സാരികള്‍, മറ്റു വസ്തുക്കള്‍ എന്നിവ ഇവരില്‍ നിന്ന് പിടികൂടിയതായും പോലീസ് അറിയിച്ചു. 

മോഷ്ടിച്ച വസ്ത്രങ്ങളും വിരിപ്പുകളും വൃത്തിയാക്കിയ ശേഷം ഗ്വാളിയോറിലെ ഒരു കമ്പനിയുടെ പേരില്‍ പുതുക്കി ഇറക്കി വില്‍പ്പന നടത്തി വരികയായിരുന്നു ഇവരെന്നും പോലീസ് പറഞ്ഞു. ഒരു ദിവസം മോഷ്ടിക്കുന്ന വസ്ത്രങ്ങള്‍ക്ക് 300 രൂപ പ്രതിഫലമായി നല്‍കുന്ന ഡീല്‍ ചില വസ്ത്ര വ്യാപാരികള്‍ ഇവരുമായി ഉണ്ടാക്കിയിരുന്നതായും പോലീസ് പറഞ്ഞു.

അറസ്റ്റിലായ ഏഴു പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. 10 വര്‍ഷത്തിലേറെയായി മോഷണമാണ് ഇവരുടെ തൊഴില്‍. മഹാമാരി കാലത്ത് മോഷണം നടത്തിയതിന് അറസ്റ്റിലായ ഇവര്‍ക്കെതിരെ മഹാമാരി നിയമ പ്രകാരവും കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു.
 

Latest News