Sorry, you need to enable JavaScript to visit this website.

മുസ്ലിം ലീഗിനെ കോണ്‍ഗ്രസ് ഇനിയും ചുമക്കണോ: ജസ്റ്റിസ് കെമാല്‍പാഷ

കൊച്ചി-മുസ്ലിം ലീഗ് എന്ന വര്‍ഗീയപ്പാര്‍ട്ടിയെ ചുമന്ന് കൊണ്ട് കോണ്‍ഗ്രസ് അധഃപതിക്കുകയാണെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ. അഴിമതികള്‍ ധാരാളമുള്ള മുസ്്‌ലിം ലീഗ് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയല്ലെന്നും  കോണ്‍ഗ്രസിന് ലീഗ് ഒരു ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രാദേശിക വീഡിയോ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്വ പെണ്‍കുട്ടിക്ക് വേണ്ടി പണപ്പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകായായിരുന്നു. ഈ വര്‍ഗീയപ്പാര്‍ട്ടിയെ ഒക്കെ ചുമന്നു കൊണ്ട് നടന്ന് കോണ്‍ഗ്രസ് അധഃപതിക്കുകയാണ്. അവരൊരു ബാധ്യതയാണ് കോണ്‍ഗ്രസിന്. കാരണം അഴിമതികള്‍ എന്തു മാത്രമാണ്. മരിച്ചു പോയൊരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുക. അതിനെ കുറച്ച് കണക്കൊന്നുമില്ല. അവിടെ ആര്‍ക്കുമൊന്നും കൊടുത്തിട്ടുമില്ല. ലീഗ് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെ തെറ്റായ ദിശയിലേക്ക് ഉപദേശികള്‍ നയിച്ചിട്ടുണ്ട്. അവരെയൊക്കെ കളയുന്നതാണ് നല്ലത്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രി ജി. സുധാകരനായിരുന്നു ഏറ്റവും വലിയ പ്രതിച്ഛായയുള്ള മന്ത്രി. അഴിമതി തീരെയില്ല. പ്രതിച്ഛായയുള്ള സുധാകരനെ മാറ്റി നിര്‍ത്തി മറ്റൊരാളെ മത്സരിപ്പിക്കാന്‍ പിണറായി തയാറായി. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതു പോലെയാണ് തോമസ് ഐസകും രവീന്ദ്രനാഥും. മിടുക്കരായ മന്ത്രിമാരെ മാറ്റി നിര്‍ത്തുവാന്‍ അദ്ദേഹം തയാറായി. അവിടെ കുടുംബാധിപത്യമൊന്നും പ്രശ്നമല്ല.
തുടര്‍ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് ഞാന്‍ കരുതിയിരുന്നു. ഭക്ഷണക്കിറ്റാണ് ഇടതു മുന്നണിക്ക് ചരിത്ര വിജയം നല്‍കിയത്. പ്രതിപക്ഷം കുത്തഴിഞ്ഞതാണെന്ന ധാരണയൊന്നും എനിക്കില്ല. കക്ഷി രാഷ്ട്രീയത്തെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്. വിശക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് പിണറായി വിജയന്‍ വച്ചുനീട്ടുന്ന ഭക്ഷണക്കിറ്റാണ്, അല്ലാതെ എന്റെ ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ അല്ല. വിശപ്പിന്റെ മുമ്പില്‍ ഉപദേശമൊന്നും വിലപ്പോവില്ലെന്നും കെമാല്‍പാഷ പറയുന്നു.

 

 

 

Latest News