ദേശീയ ഗുസ്തി താരത്തെ അടിച്ചുകൊന്ന കേസില്‍ ഒളിംപ്യന്‍ സുശീല്‍ കുമാറിനു വേണ്ടി തിരച്ചില്‍

ന്യൂദല്‍ഹി- മുന്‍ ദേശീയ ജുനിയര്‍ ഗുസ്തി ചാമ്പ്യന്‍ 23കാരനായ സാഗര്‍ റാണയെ അടിച്ചുകൊന്ന കേസില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാറിനു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹരിയാനയിലും വിവിധയിടങ്ങളിലാണ് ദല്‍ഹി പോലീസ് താരത്തിനു വേണ്ടി തിരച്ചില്‍ നടത്തി വരുന്നത്. ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ചയാണ് സാഗര്‍ റാണ അടിപിടിക്കിടെ കൊല്ലപ്പെട്ടത്. കേസ് അന്വേഷണത്തില്‍ സുശീല്‍ കുമാറിനെതിരെ പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. റാണയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത് സുശീല്‍ കുമാറാണെന്നും അടിപടിയിലും താരത്തിന് പങ്കുണ്ടെന്നുമാണ് ഇരകളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനു ലഭിച്ച വിവരം. മറ്റു ഗുസ്തിക്കാരുടെ മുമ്പില്‍ വച്ച് മോശം വാക്പ്രയോഗം നടത്തിയത് ഒരു പാഠം പഠിപ്പിക്കാനാണ് സുശീല്‍ കുമാറും സംഘവും അക്രമിച്ചതെന്നും ഇവര്‍ പറയുന്നു. 

കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരമായ കൊല്ലപ്പെട്ട സാഗര്‍ റാണ ദേശീയ സീനിയര്‍ ഗുസ്തി ക്യാംപില്‍ പങ്കെടുത്തു വരികയായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതി പ്രിന്‍സ് ദലാലിന്റെ മൊബൈലില്‍ നിന്നും വിഡിയോ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളും ഈ വിഡിയോയില്‍ വ്യക്തമാണെന്നും പോലീസ് പറഞ്ഞു.
 

Latest News