എന്ത്  പറഞ്ഞാലും വളച്ചൊടിക്കും; സോഷ്യല്‍ മീഡിയ വളരെ മാറിപ്പോയി-  മഞ്ജു വാര്യര്‍

തൃശൂര്‍- സോഷ്യല്‍ മീഡിയക്ക് വളരെ മാറ്റം വന്നിരിക്കുന്നു എന്ന് നടി മഞ്ജു വാര്യര്‍. എന്ത് അഭിപ്രായം പറഞ്ഞാലും അത് വളച്ചൊടിക്കുന്നു. അതിനാല്‍ പറയാനുദ്ദേശിക്കുന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ്. നിലവില്‍ സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നും മഞ്ജു വ്യക്തമാക്കി. ഒരഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. 'സോഷ്യല്‍ മീഡിയ പ്രമോഷന് വേണ്ടി മാത്രമാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതല്ലെങ്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന് എനിക്ക് തോന്നിയാല്‍ മാത്രം. തുടക്കത്തില്‍ സോഷ്യല്‍ മീഡിയ വളരെ നല്ലതായിരുന്നു. പക്ഷെ കുറച്ച് വര്‍ഷങ്ങളായി അതിന് മാറ്റം വന്നിരിക്കുന്നു. നമ്മള്‍ എന്ത് പറഞ്ഞാലും, രാഷ്ട്രീയമായ അഭിപ്രായങ്ങളോ, മറ്റെന്തിനെ കുറിച്ചുള്ള അഭിപ്രായമാണെങ്കിലും ചില ആളുകള്‍ അതിനെ വളച്ചൊടിക്കാനായി ഇരിക്കുന്നവരാണ്. അതിലൂടെ നമ്മള്‍ പറയാനുദ്ദേശിച്ചതിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കുറച്ച് വര്‍ഷമായി തുടരുകയാണ്. എനിക്ക് ആ വിഭാഗത്തോട് താത്പര്യമില്ല. അത് കൊണ്ട് ഞാന്‍ സോഷ്യല്‍ മീഡിയ എന്റെ സിനിമകളുടെ പ്രമോഷന് വേണ്ടി മാത്രമാണ് ഉയോഗിക്കുന്നത്.'
മഞ്ജു പറഞ്ഞു. ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യര്‍ ചിത്രം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചതുര്‍മുഖം. മഞ്ജു വാര്യരുടെ 25 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം.

Latest News