Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഷ്യൻ ഭൂപടത്തിൽ ഗോവ

അൽറയ്യാനെതിരായ മത്സരത്തിൽ അവസാന വേളയിലാണ് എഫ്.സി ഗോവ സമനില ഗോൾ വഴങ്ങിയത്.

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എഫ്.സി ഗോവ. ഒരു മത്സരവും ജയിക്കാനായില്ലെങ്കിലും തലയുയർത്തി തന്നെയാണ് അവർ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത്. ഗ്രൂപ്പ് ഇ-യിൽ അവർ ആറു മത്സരം കളിച്ചു. എല്ലാ മത്സരങ്ങളും സ്വന്തം ഗ്രൗണ്ടായ ഗോവയിലെ ഫറ്റോർഡയിൽ കാണികളില്ലാതെയായിരുന്നു. ഗ്രൂപ്പ് ഇ-യിലെ എല്ലാ മത്സരങ്ങളും ഇവിടെ വിജയകരമായി പൂർത്തിയാക്കി. ആറു മത്സരങ്ങളിൽ മൂന്നെണ്ണം ഗോവ സമനിലയാക്കി. മൂന്നിൽ തോറ്റു. കരുത്തന്മാർ ഉൾപ്പെട്ട ഗ്രൂപ്പായിരുന്നു ഇത്. നിലവിലെ ഏഷ്യൻ റണ്ണേഴ്‌സ്അപ് ഇറാനിലെ പെർസപോളിസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. യു.എ.ഇയിലെ അൽവഹ്ദ, മുൻ ഫ്രഞ്ച് ലോകകപ്പ് ചാമ്പ്യൻ ലോറന്റ് ബ്ലാങ്ക് പരിശീലിപ്പിച്ച ഖത്തറിലെ അൽറയ്യാൻ എന്നിവയായിരുന്നു മറ്റു ടീമുകൾ. പെർപോളിസിനും അൽവഹ്ദക്കും പിന്നിൽ മൂന്നാം സ്ഥാനത്തെത്താൻ ഗോവക്കു സാധിച്ചു. 
ഇന്ത്യൻ നിലവാരത്തിന് പതിന്മടങ്ങ് ഉയരത്തിലാണ് ഏഷ്യയിലെ ഫുട്‌ബോൾ എന്ന് തിരിച്ചറിയാൻ ഈ ടൂർണമെന്റ് ഉപകരിച്ചു. സാങ്കേതികമായി മറ്റൊരു തലത്തിലായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകളെല്ലാം. എല്ലാ മത്സരത്തിലും അവസാന വിസിൽ വരെ ഗോവ പൊരുതി. എന്നാൽ കളി കണ്ടവർക്ക് തങ്ങളുടെ ടീം നിലവാരത്തിൽ എവിടെയാണ് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ ഈ ടൂർണമെന്റ് ഉപകരിച്ചു. 
ഇന്ത്യയിലെ കോവിഡ് സാഹചര്യം ഗോവയുടെ പ്രയാസം വർധിപ്പിച്ചു. സ്‌പെയിൻകാരനായ കോച്ച് യുവാൻ ഫെരാൻഡോയും വിദേശ കളിക്കാരുമില്ലാതെയാണ് ടീം ഗ്രൂപ്പ് ഘട്ടം കളിച്ചത്. അതുകൊണ്ടു തന്നെ ഒരു കളി പോലും ജയിക്കാനായില്ലെന്നതിൽ വലിയ നാണക്കേടൊന്നുമില്ല. മൂന്ന് സമനിലകൾ നേടാനായി എന്നത് തന്നെ വലിയ നേട്ടമാണ്. 


ടീമിന്റെ ഏറ്റവും വലിയ അംഗീകാരം ഗോളി ധീരജ് സിംഗ് മൊയരാംഗ്തന്റെ പ്രകടനമാണ്. ഇരുപതുകാൻ അണ്ടർ-17 ലോകകപ്പിൽ ഇന്ത്യയുടെ ഗോൾകീപ്പറായിരുന്നു. ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും വല കാത്തിരുന്നു. അഞ്ച് മത്സരങ്ങളിൽ ധീരജ് ഗോവ ഗോൾമുഖത്തുണ്ടായിരുന്നു. 29 ഷോട്ടുകളാണ് നേരിട്ടത്. വഴങ്ങിയത് നാലു ഗോൾ മാത്രം. 86.2 ശതമാനമാണ് സെയ്‌വ് ശതമാനം. ധീരജിന് വിശ്രമം നൽകിയ ഒരു മത്സരത്തിൽ പകരക്കാരൻ നവീൻകുമാർ നാലു ഗോൾ വഴങ്ങി. കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ട ശേഷം ഒന്നര സീസണായി ഒരു മത്സരം പോലും കളിക്കാൻ ധീരജിന് സാധിച്ചിട്ടില്ല എന്നതു കൂടി പരിഗണിക്കുമ്പോഴാണ് ഈ പ്രകടനത്തിന്റെ യഥാർഥ ഗൗരവം മനസ്സിലാവുക. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും മികച്ച പ്രകടനം ധീരജിന്റേതായിരുന്നു. ധീരജ് ഈ ടൂർണമെന്റിലൂടെ തന്റെ പ്രതിഭ തെളിയിച്ചുവെന്ന് എ.എഫ്.സി പ്രശംസിച്ചു. പശ്ചിമേഷ്യയിലെ അഞ്ച് ഗ്രൂപ്പുകളിലെ മത്സരങ്ങളാണ് പലഭാഗങ്ങളിലായി ഒരേ സമയം നടന്നത്. ധീരജ് 26 സെയ്‌വ് നടത്തിയപ്പോൾ സൗദി അറേബ്യയിലെ അൽഅഹ്്‌ലിയുടെ മുഹമ്മദ് അൽ ഉവൈസ് 24 സെയ്‌വ് നടത്തി രണ്ടാം സ്ഥാനത്തെത്തി. ഇറാഖിലെ അൽശുർതയുടെ അഹ്്മദ് ബാസിലാണ് (19) മൂന്നാം സ്ഥാനത്ത്. ഇറാനിലെ ഇസ്തിഖ്‌ലാലിന്റെ മുഹമ്മദ് റാഷിദ് മസ്ഹരി (18) ഷാർജയുടെ ആദിൽ അൽഹുസൈനി (17) എന്നിവർ തൊട്ടുപിന്നിലുണ്ട്. 
ധീരജിന്റെ പ്രകടനമാണ് അൽറയ്യാനെതിരെ രണ്ടു തവണയും അൽവഹ്ദക്കെതിരെ ഒരിക്കലും സമനില നേടാൻ ഗോവയെ സഹായിച്ചത്. എതിർ കോച്ചുമാർ ഇക്കാര്യം എടുത്തു പറഞ്ഞു. അൽറയ്യാനെതിരെ ഗോവ ജയിക്കേണ്ടതായിരുന്നു. എൺപത്തൊമ്പതാം മിനിറ്റിലാണ് റയ്യാൻ ഗോൾ തിരിച്ചടിച്ചത്. 
ഇന്ത്യൻ കളിക്കാരുടെ ശാരീരിക ദൗർബല്യമാണ് മറ്റൊരു പ്രധാന പ്രശ്‌നം. അൽറയ്യാന്റെയും അൽവഹ്ദയുടെയും പെർസപോളിസിന്റെയും കളിക്കാർ അനായാസം ഇന്ത്യൻ താരങ്ങളെ തള്ളി മാറ്റി. മത്സരത്തിൽ സുദീർഘമായി ആധിപത്യം പുലർത്താൻ ഇന്ത്യൻ കളിക്കാർക്ക് സാധിക്കാതിരുന്നതും ഇതു കൊണ്ടു തന്നെ. കോവിഡ് സാഹചര്യം കാരണം ഗ്രൂപ്പ് മത്സരങ്ങൾ വെറും 15 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അത് കളിക്കാരെ അങ്ങേയറ്റം ക്ഷീണിതരാക്കി. ഉന്നത നിലവാരമുള്ള ടീമുകൾക്കെതിരെ ആദ്യമായാണ് എഫ്.സി ഗോവ 15 ദിവസത്തിനിടയിൽ ആറു മത്സരം കളിച്ചത്. മറ്റു ടീമുകൾ ഇതുപോലുള്ള സാഹചര്യം നേരത്തെ നേരിട്ടിട്ടുണ്ട്. പല മത്സരങ്ങളിലും ചെറിയ ഘട്ടങ്ങളിൽ ഗോവക്ക് കളിയിൽ ആധിപത്യം പുലർത്താൻ സാധിച്ചു. എന്നാൽ ദീർഘനേരം അതു തുടരാൻ കഴിഞ്ഞില്ല. ഇത് വലിയ വ്യത്യാസമായിരുന്നു. 

Latest News