രാജ്യം ഓക്‌സിജൻ കിട്ടാതെയും വാക്‌സിൻ ലഭിക്കാതെയും വലയുമ്പോൾ ജൈവകവചത്തിൽ കളിയാസ്വദിക്കുന്നതിന്റെ അധാർമികതയാണ് വിദേശ മാധ്യമങ്ങളുൾപ്പെടെ ചോദ്യം ചെയ്തത്. അപ്പോഴും ജൈവകവചം ഏറ്റവും സുരക്ഷിതമാണെന്ന് വിദേശ കളിക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ബി.സി.സി.ഐ. അതും പൊളിയാൻ അധികം ദിവസങ്ങൾ വേണ്ടിവന്നില്ല. രാജ്യം മുഴുവൻ കോവിഡിൽ വലയുമ്പോൾ ഒരു കൂട്ടം ആളുകൾക്ക് സുരക്ഷിതമായി തല പൂഴ്ത്തി നിൽക്കാനാവില്ലെന്ന് തെളിയിച്ച് ജൈവകവചം ഭേദിച്ച് ഐ.പി.എല്ലിൽ രോഗാണു എത്തി.
ലോക കായിക രംഗത്തെ വിജയകഥകളിലൊന്നാണ് ഐ.പി.എൽ. പാക്കിസ്ഥാൻ മുതൽ വെസ്റ്റിൻഡീസ് വരെ ബോർഡുകൾ അനുകരിച്ച വിജയ മാതൃകയാണ് അത്. ബി.സി.സി.ഐയുടെ ഏറ്റവും വലിയ സാമ്പത്തികസ്രോതസ്സാണ്. ഇന്ത്യൻ കമ്പനികൾ പരസ്യം നൽകാൻ മത്സരിക്കുന്ന ടി.വിയിലെ ആഘോഷമാണ് അത്. മഹാമാരിക്കാലത്ത് അതിനെ കണ്ണിൽ ചോരയില്ലാത്ത ടൂർണമെന്റാക്കി ഇത്ര പരിഹാസ പാത്രമായി മാറ്റിയതിന് ആരാണ് ഉത്തരവാദി? മഹാമാരി ഇന്ത്യയിൽ മരണത്തിന്റെ താണ്ഡവനൃത്തം ചവിട്ടുമ്പോഴും ഹൃദയശൂന്യമായി ടൂർണമെന്റ് മുന്നോട്ടുകൊണ്ടുപോകുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതാരാണ്?
ഐ.പി.എല്ലിനോട് തന്നെ എതിർപ്പുള്ളവരും ഐ.പി.എൽ ഇക്കാലത്ത് നടത്തുന്നതിനോട് എതിർപ്പുള്ളവരുമുണ്ട്. ക്രിക്കറ്റ് കോർപറേറ്റ് ആയുധമാണെന്ന് കരുതുന്നവരാണ് ഐ.പി.എൽ വിരുദ്ധരിലേറെ. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരിൽ തന്നെ ഐ.പി.എല്ലിനെ എതിർക്കുന്നവരുണ്ട്. ബി.സി.സി.ഐയുടെ ഭരണം സുപ്രീം കോടതി ഏൽപിച്ച രാമചന്ദ്ര ഗുഹ അതിശക്തനായ ഐ.പി.എൽ വിമർശകനായിരുന്നു. അതേസമയം, ഐ.പി.എൽ ലോകമെങ്ങുമുള്ള ക്രിക്കറ്റർമാർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതാണ് യാഥാർഥ്യം. ഇന്ത്യൻ ക്രിക്കറ്റിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സമീപകാല വിജയങ്ങളിൽ ഐ.പി.എല്ലിന്റെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല.
എന്നിട്ടും എവിടെയാണ് ഐ.പി.എല്ലിന് പിഴച്ചത്? ഒന്നാമത്തെ പ്രശ്‌നം ബി.സി.സി.ഐയെ ബി.ജെ.പി സർക്കാരിന്റെ ഒരു വിംഗ് പോലെ പ്രവർത്തിക്കാൻ അനുവദിച്ചതാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ബി.സി.സി.ഐയുടെ സെക്രട്ടറി. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിന്റെ അനുജൻ അരുൺ ധുമലാണ് ട്രഷറർ. ആറു വർഷ കാലാവധി കഴിഞ്ഞിട്ടും സൗരവ് ഗാംഗുലിയും ജയ് ഷായുമൊക്കെ ബി.സി.സി.ഐ പദവിയിൽ തുടരുന്നത് സുപ്രീം കോടതിയുടെ അതീവ ഔദാര്യം കൊണ്ടാണ്. മുൻ ഭാരവാഹികൾക്കെതിരെ കടുത്ത വടി ഉപയോഗിച്ച സുപ്രീം കോടതി കേന്ദ്രത്തിന്റെ അടുപ്പക്കാരോട് ഔദാര്യം കാണിക്കുന്നത് വെറുതെയല്ല. അതുകൊണ്ടു തന്നെ സ്വതന്ത്രമായ തീരുമാനമെടുക്കാൻ ബി.സി.സി.ഐക്ക് സാധിക്കുമായിരുന്നില്ല. ഇന്ത്യയിൽ എല്ലാം ഭദ്രമാണെന്ന് വരുത്തിത്തീർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളോട് ചേർന്നു നിൽക്കാനേ ബി.സി.സി.ഐക്ക് കഴിയൂ. കഴിഞ്ഞ സീസണിൽ വിജയകരമായി യു.എ.ഇയിലെ മൂന്ന് വേദികളിൽ ഐ.പി.എൽ നടത്തിയ ബി.സി.സി.ഐ ഇത്തവണ ഇന്ത്യയിൽ ടൂർണമെന്റ് നടത്താൻ വാശി പിടിച്ചതിന് കാരണം ഇതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകമായ അഹമ്മദാബാദിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ആസ്ഥാനമായി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. സമീപകാലത്ത് എല്ലാ പ്രധാന മത്സരങ്ങളും അനുവദിക്കുന്നത് അഹമ്മദാബാദിലാണ്. ആറു വേദികളിലായി ഐ.പി.എല്ലിനെ വ്യാപിപ്പിക്കുകയും അഹമ്മദാബാദിൽ പ്രധാന മത്സരങ്ങളൊക്കെ സംഘടിപ്പിക്കുകയും ചെയ്യേണ്ടി വന്നത് ഇതുകൊണ്ടാണ്.
വലിയ സന്നാഹങ്ങൾ വേണ്ടിയിരുന്നു ഐ.പി.എൽ നടത്താൻ. കളിക്കാരും ടൂർണമെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവരും നേരത്തെ വന്ന് ജൈവകവചത്തിൽ പ്രവേശിക്കേണ്ടിയിരുന്നു. ഐ.പി.എൽ ആസൂത്രണം ചെയ്യുന്ന സമയത്ത് ഇന്ത്യയിൽ കോവിഡ് ഇത്ര രൂക്ഷമാവുമെന്ന് ആരും കരുതിയിരുന്നില്ല. ടൂർണമെന്റ് പൊടുന്നനെ നിർത്തിവെക്കുകയെന്നത് അത്ര എളുപ്പമുള്ളതായിരുന്നില്ല. ഇതൊക്കെ യാഥാർഥ്യമാണ്. എന്നാൽ മരണം ചുടലനൃത്തം ചവിട്ടുമ്പോഴും ഹൃദയശൂന്യമായി ടൂർണമെന്റുമായി മുന്നോട്ടുപോവാൻ ബി.സി.സി.ഐ ശ്രമിച്ചതാണ് ഐ.പി.എല്ലിനെതിരെ ജനരോഷമുണ്ടാവാൻ കാരണമായത്. ഇന്ത്യയിൽ കോവിഡ് സാഹചര്യം സ്‌ഫോടനാത്മകമായി വളരുന്നത് അവർ കണ്ടില്ലെന്നു നടിച്ചു. ജനം ഓക്‌സിജൻ കിട്ടാതെ വീർപ്പുമുട്ടുന്ന നഗരങ്ങളിൽ കളികൾ സംഘടിപ്പിച്ചു. നഗരത്തിലെ കോവിഡ് മരണം ഇത്ര, ഐ.പി.എൽ റൺസ് ഇത്ര എന്ന അഹിതകരമായ താരതമ്യത്തിലേക്ക് കാര്യങ്ങളെത്തി. കോവിഡ് ബാധിച്ചവർക്ക് സാന്ത്വനമാണ് ഐ.പി.എൽ എന്ന പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചു. പകരം തുടക്കത്തിൽ തന്നെ കോവിഡ് സാഹചര്യം അംഗീകരിക്കാമായിരുന്നു ബി.സി.സി.ഐക്ക്. ഐ.പി.എൽ മത്സരങ്ങളിൽ കളിക്കാർ കറുത്ത ആം ബാന്റ് ധരിക്കുകയോ മറ്റോ ചെയ്ത് കോവിഡ് ബാധിതരുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാമായിരുന്നു.
ഐ.പി.എൽ മത്സരങ്ങൾ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായുള്ള പ്രചാരണ വേദിയാക്കാമായിരുന്നു. ഇതൊക്കെ ടൂർണമെന്റിനോട് അൽപമെങ്കിലും സഹാനുഭൂതി ഉണ്ടാക്കാൻ പ്രേരകമായേനേ. പകരം ഓക്‌സിജൻ കിട്ടാതെ നിലവിളിക്കുന്ന രാജ്യത്തിന് സാന്ത്വനമാണ് ഐ.പി.എൽ എന്ന തൊടുന്യായം പറഞ്ഞ് പിടിച്ചുനിൽക്കാനാണ് ബി.സി.സി.ഐ ശ്രമിച്ചത്. സ്വന്തം കുടുംബം രോഗത്താൽ വലയുമ്പോൾ ക്രിക്കറ്റ് അപ്രസക്തമാണെന്ന കാര്യം ബി.സി.സി.ഐയെ ഓർമിപ്പിച്ചത് ഓഫ്‌സ്പിന്നർ ആർ. അശ്വിനും അമ്പയർ നിതിൻ മേനോനുമാണ്. കോവിഡുമായി പൊരുതുന്ന കുടുംബങ്ങൾക്ക് സാന്ത്വനം പകരാൻ ഇരുവരും ഐ.പി.എല്ലിൽ നിന്ന് പിന്മാറി. രാജ്യം ഓക്‌സിജൻ കിട്ടാതെയും വാക്‌സിൻ ലഭിക്കാതെയും വലയുമ്പോൾ ജൈവകവചത്തിൽ കളിയാസ്വദിക്കുന്നതിന്റെ അധാർമികതയാണ് വിദേശ മാധ്യമങ്ങളുൾപ്പെടെ ചോദ്യം ചെയ്തത്. അപ്പോഴും ജൈവകവചം ഏറ്റവും സുരക്ഷിതമാണെന്ന് വിദേശ കളിക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ബി.സി.സി.ഐ. അതും പൊളിയാൻ അധികം ദിവസങ്ങൾ വേണ്ടിവന്നില്ല. രാജ്യം മുഴുവൻ കോവിഡിൽ വലയുമ്പോൾ ഒരു കൂട്ടം ആളുകൾക്ക് സുരക്ഷിതമായി തല പൂഴ്ത്തി നിൽക്കാനാവില്ലെന്ന് തെളിയിച്ച് ജൈവകവചം ഭേദിച്ച് ഐ.പി.എല്ലിൽ രോഗാണു എത്തി. ബി.സി.സി.ഐയെ പിണക്കുന്നത് സാമ്പത്തിക ഉന്നമനത്തിന് തടസ്സമാണെന്ന് മനസ്സിലാക്കിയ വിദേശ കളിക്കാർ അതോടെ നിയന്ത്രണം വിട്ടു. ടൂർണമെന്റ് നിർത്തുകയല്ലാതെ വഴിയില്ലാതായി. 2020 ൽ ഒരു പ്രൊഫഷനൽ കമ്പനിയാണ് ജൈവകവചത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. റിസ്ട്രാറ്റ എന്ന ഈ കമ്പനിക്കായിരുന്നു കോവിഡ് മുക്തമായി ടൂർണമെന്റ് പൂർത്തിയാക്കാനുള്ള ചുമതലയുണ്ടായിരുന്നത്. ഇത്തവണ അവരെ ബി.സി.സി.ഐ ഒഴിവാക്കി. പകരം ഹോസ്പിറ്റലുകളെയും ലാബുകളെയും നിയന്ത്രണം ഏൽപിച്ചു. കളിക്കാർ ധരിച്ചിരുന്ന ട്രാക്കിംഗ് ഉപകരണം പ്രാദേശിക കമ്പനി നിർമിച്ചതായിരുന്നു. അത് പലപ്പോഴും തെറ്റായ വിവരമാണ് പ്രദർശിപ്പിച്ചത്. അതുകൊണ്ടു തന്നെ എവിടെ നിന്നാണ് കളിക്കാർക്ക് കോവിഡ് ബാധിച്ചതെന്ന് കണ്ടെത്താൻ ബി.സി.സി.ഐക്ക് സാധിച്ചില്ല. ഒപ്പം ജൈവകവചത്തിന് പുറത്തുള്ള, എന്നാൽ ടൂർണമെന്റ് നടത്താൻ അത്യാവശ്യമായ ഹോട്ടൽ സ്റ്റാഫും ഗ്രൗണ്ട് സ്റ്റാഫും നെറ്റ് ബൗളർമാരും ഡ്രൈവർമാരുമൊക്കെ കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു സംവിധാനവുമുണ്ടായിരുന്നില്ല. ഓരോ ഫ്രാഞ്ചൈസിക്കും ഓരോ നിയമമായിരുന്നു.
2500 കോടിയോളം രൂപയാണ് ബി.സി.സി.ഐക്ക് നഷ്ടം പ്രതീക്ഷിക്കുന്നത്. അതിനപ്പുറം ഐ.പി.എൽ എന്ന ബ്രാന്റിനും വലിയ മൂല്യശോഷണമുണ്ടായി. രാജ്യത്ത് കോവിഡ് പടരുമ്പോഴും ടൂർണമെന്റുമായി മുന്നോട്ടുപോയത് ഐ.പി.എല്ലിന്റെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കിയെന്ന് ഫിനാൻഷ്യൽ കൺസൾടൻസി സ്ഥാപനങ്ങളായ ഡഫ് ആന്റ് ഫെൽപ്‌സും സ്‌പോർട്‌സ്പവറുമൊക്കെ കരുതുന്നു.