Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്ക് കൂടുതൽ സഹായവുമായി കുവൈത്ത് 

കുവൈത്തിൽനിന്ന് ഓക്‌സിജനുമായി പുറപ്പെട്ട ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊച്ചി.

215 മെട്രിക് ടൺ ഓക്‌സിജൻ കൂടി നൽകും

കുവൈത്ത് സിറ്റി - കോവിഡ് വ്യാപനത്തിൽ വീർപ്പുമുട്ടുന്ന ഇന്ത്യക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത് കുവൈത്ത്. 215 മെട്രിക് ടൺ ഓക്‌സിജൻ കൂടി കുവൈത്തിൽനിന്ന് ഇന്ത്യയിൽ എത്തിക്കും. കുവൈത്ത് അംബാസഡർ ജാസിം അൽനജീം ആണ് ഇക്കാര്യം അറിയിച്ചത്. 40 മെട്രിക് ടൺ ഓക്‌സിജനുമായി ഇന്ത്യയുടെ യുദ്ധക്കപ്പൽ കഴിഞ്ഞ ദിവസം കൊൽക്കത്ത ഷുവൈക്ക് തുറമുഖത്തേക്ക് തിരിച്ചിട്ടുണ്ട്. 75 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും 1000 സിലിണ്ടറുകളുമായി മറ്റൊരു കപ്പലും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യക്ക് നൽകിവരുന്ന സഹായം തുടരുന്നതിന്റെ ഭാഗമായാണ് 215 മെട്രിക് ടൺ ഓക്‌സിജൻ കൂടി നൽകുന്നത്. പ്രയാസം അനുഭവിക്കുന്ന ഈ ഘട്ടത്തിൽ കുവൈത്ത് നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. 

ഇന്ത്യയിൽനിന്ന് എത്തിയ ഐ.എൻ.എസ് താബർ, ഐ.എൻ.എസ് കൊച്ചി എന്നീ യുദ്ധക്കപ്പലുകളാണ് കുവൈത്തിൽനിന്ന് പ്രാണവായുവുമായി പുറപ്പെട്ടത്. താബറിൽ 40 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും 600 ഓക്‌സിജൻ സിലിണ്ടറുകളുമാണുള്ളത്. 60 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും 800 ഓക്‌സിജൻ സിലിണ്ടറുകളും രണ്ട് ഓക്‌സിജൻ കൺസൻട്രേറ്ററുകളുമാണ് ഐ.എൻ.എസ് കൊച്ചിയിൽ. റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സഹായം എത്തിക്കുന്നത്. വിമാന മാർഗം ആദ്യ ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങളും ഓക്‌സിജൻ സിലിണ്ടറുകളും എത്തിച്ചിരുന്നു. കുവൈത്ത് വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല ഈസ അൽസൽമാൻ, ഇന്ത്യൻ അംബാസഡർ സിബി ജോർജ് എന്നിവർ ശുഐബ തുറമുഖത്ത് എത്തിയാണ് ഇന്ത്യയിലേക്കുള്ള കപ്പലുകളെ യാത്രയാക്കിയത്.  

Tags

Latest News