ന്യൂദല്‍ഹി- ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നയിച്ച വ്യാജ ആരോപണത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ ഒതുക്കാന്‍ പുതിയ തന്ത്രം മെനയുകയാണ് ബിജെപി.
മോഡിയുടെ വിശദീകരണം തേടി കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ശക്തമായി നിലകൊള്ളുകയാണ്. അതിനിടെ 1984-ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ സൈന്യത്തെ വിന്യസിച്ച മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നടപടിയുടെ വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രാജ്യസഭയില്‍ കൊണ്ടുവരുന്നത്.
സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരെ പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഈ കലാപം രാജ്യസ്നേഹികളായ ഇന്ത്യക്കാരുടെ മനസ്സാക്ഷിയെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന വിഷയമാണെന്നും പ്രമേയം പറയുന്നു. ഈ രണ്ട് ആവശ്യങ്ങളും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്.






