Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൂജ്യത്തിന്റെ വില

https://www.malayalamnewsdaily.com/sites/default/files/filefield_paths/a.jpg

ലോകത്തിന് പൂജ്യം എന്ന സങ്കൽപം കൈമാറിയതിന്റെ ബഹുമതി ഇന്ത്യക്കാണ്. അഞ്ചാം നൂറ്റാണ്ടിൽ, ഗുപ്ത ഭരണകാലത്ത് ജീവിച്ച ഗോളശാസ്ത്രജ്ഞനും ഗണിതശാസ്ത്ര വിശാരദനുമായ ബ്രഹ്മഗുപ്തയാണ് പൂജ്യം എന്ന സങ്കൽപം ആദ്യമായി അവതരിപ്പിച്ചതത്രേ. പൂജ്യത്തിന് ഒരു ചിഹ്നം ഉണ്ടാക്കിയതും അദ്ദേഹമാണ്. സംഖ്യകളുടെ അടിയിൽ ഒരു കുത്ത് ഇട്ടാണ് പൂജ്യത്തെ അദ്ദേഹം രേഖപ്പെടുത്തിയത്. പിന്നീട് ഇന്ത്യൻ ക്ലാസിക് യുഗത്തിലെ ഏറ്റവും ശ്രദ്ധേയനായ ജ്യോതിശാസ്ത്രജ്ഞൻ ആര്യഭട്ടയാണ് പൂജ്യത്തെ നമ്മുടെ സംഖ്യാസമ്പ്രദായത്തിൽ ഉൾപ്പെടുത്തിയത്. ഇന്ന് പൂജ്യമില്ലാത്ത ഒരു സംഖ്യാസമ്പ്രദായത്തെക്കുറിച്ച് ആലോചിക്കാനാകുമോ...


കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ ഇത്തവണ ഏറ്റവുമധികം സ്തുതിക്കപ്പെട്ടത് ബ്രഹ്മഗുപ്തയും ആര്യഭട്ടയുമാണെന്നത് വിചിത്രമായ ഒരു വസ്തുതയാണ്. പൂജ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്ന ഒരു തെരഞ്ഞെടുപ്പാണ് കടന്നുപോയതെന്ന് നർമരസികർ വിലയിരുത്തുന്നു. രാജ്യത്തിന്റെ ആത്മാവിനെ ഈ പൂജ്യത്തിലൂടെ നാം തിരിച്ചുപിടിച്ചതായും അവർ പറയുന്നു. ഇത്രയധികം ആശ്വസിക്കാൻ പൂജ്യം നമുക്ക് എന്ത് സംഭാവനയാണ് നൽകിയത് എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.


കേരളം ഒരിക്കൽ കൂടി രാജ്യത്തിന് വിലപ്പെട്ട ഒരു രാഷ്ട്രീയ സന്ദേശം നൽകി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത. പിണറായി വിജയൻ 99 സീറ്റുകളോടെ തുടർഭരണം പിടിച്ച് ചരിത്രം സൃഷ്ടിച്ചു എന്നതോ തെരഞ്ഞെടുപ്പിൽ ഇടതു തരംഗം ആഞ്ഞുവീശി എന്നതോ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് നിരാശാജനകമായ പരാജയത്തിലേക്ക് ആണ്ടുപോയി എന്നതോ ഒക്കെ രണ്ടാം സ്ഥാനത്തു മാത്രം വരുന്ന കാര്യമാണ്. കാരണം, വർഗീയതയേയും ഫാസിസത്തേയും പരിപൂർണമായും തിരസ്‌കരിക്കുക എന്ന വലിയൊരു രാഷ്ട്രീയ ദൗത്യമാണ് കേരള ജനത ഒറ്റക്കെട്ടായി ഏറ്റെടുത്ത് നടപ്പാക്കിയത്.


മതസൗഹാർദത്തിന്റേയും സഹവർത്തിത്വത്തിന്റേയും ഉദാത്ത മാതൃകകൾ സൃഷ്ടിച്ച കേരളമെന്ന കൊച്ചുനാട്, ഹിംസാത്മകമായ വർഗീയതയുടേയും മലീമസമായ വിഭാഗീയതയുടേയും ചുഴിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു എന്ന ഭീതി നമ്മെ വേട്ടയാടുന്നതിനിടയിലാണ് ഈ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഒരുപക്ഷേ, ആര് ഭരണം നേടുന്നു എന്നതിനപ്പുറം, ചില പ്രത്യേക മണ്ഡലങ്ങളിൽ ആരാണ് വെന്നിക്കൊടി പാറിക്കുന്നത് എന്നാണ് രാവിലെ മുതൽ ടെലിവിഷൻ ചാനലുകൾ നോക്കിയിരുന്ന വോട്ടർമാർ കാത്തിരുന്നത്. ഓരോ ഫലപ്രഖ്യാപനവും അവർക്ക് വലിയ ആശ്വാസം നൽകി. ഒടുവിൽ 140 മണ്ഡലങ്ങളിലേയും ഫലം പുറത്തു വന്നപ്പോൾ മലയാളിക്ക് വലിയ ആത്മവിശ്വാസം തോന്നി, അഭിമാനവും.


രാഷ്ട്രീയ നിരീക്ഷകർ ബി.ജെ.പിക്ക് സംഭവിച്ച വലിയ പരാജയത്തിനും തിരിച്ചടിക്കും പല കാരണങ്ങളും നിരത്തുന്നുണ്ടാകാം. അവരുടെ സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല, ദേശീയ നേതൃത്വത്തിനും ഏറെക്കാലം അസ്വസ്ഥതയുണ്ടാക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തു വന്നത്. കേരളത്തിന്റെ മണ്ണ് ബി.ജെ.പിക്ക് പാകമായിട്ടില്ല എന്ന വസ്തുത സുതാര്യമായി വെളിപ്പെടുമ്പോൾ, പേടിക്കേണ്ടത് മണ്ണ് പാകപ്പെടുത്താൻ അവർ ഇനിയുമെന്തൊക്കെ ചെയ്യുമെന്നാണ്. നുണപ്രചാരണങ്ങൾ, വർഗീയതയുടെ വേലിയേറ്റം, കലാപങ്ങൾ, ലൗ ജിഹാദ് മുതൽ സംവരണം വരെയുള്ള വിവാദങ്ങൾ, സമുദായങ്ങളെ തമ്മിലടിപ്പിക്കൽ.... എല്ലാം പേടിക്കണം. അതിനാൽ കേരളം കൂടുതൽ ജാഗ്രതയോടെയിരിക്കേണ്ട സന്ദർഭമാണ്. വർഗീയതയെ പടിയടച്ചു പിണ്ഡം വെക്കാൻ കാണിച്ച ഈ ഒത്തൊരുമ നിലനിർത്താനും ജാതിക്കോമരങ്ങൾക്ക് നാടിനെ വിട്ടുകൊടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാനും നാം തയാറാകണം.


ഈ തെരഞ്ഞെടുപ്പിൽ കോടികളാണ് ബി.ജെ.പി ഒഴുക്കിയത്. സാധ്യമായ എല്ലാ പ്രചാരണ തന്ത്രങ്ങളും അവർ പുറത്തെടുത്തു. ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും അവർക്ക് ലഭിച്ചു. ഒന്നു മുതൽ പത്തു വരെ സീറ്റുകളാണ് ബി.ജെ.പി പ്രതീക്ഷിച്ചത്. നാലോ അഞ്ചോ എന്തായാലും നേടുമെന്ന് തീർത്തും പ്രതീക്ഷിച്ചു. എന്നാൽ കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന ഒരെണ്ണം കൂടി നഷ്ടപ്പെടുകയാണുണ്ടായത്. മെട്രോമാന്റെ പ്രഭാവത്തിനോ, സിനിമാ നടന്മാരുടെ ഡയലോഗുകൾക്കോ പാർട്ടിയെ രക്ഷിക്കാനായില്ല. തിരിച്ചറിവിന്റേയും വിവേകത്തിന്റേയും വോട്ടാണ് മലയാളി രേഖപ്പെടുത്തിയത്. വോട്ടുകച്ചവടത്തെക്കുറിച്ച സംഭാഷണങ്ങൾ അവിടെയും ഇവിടെയും കേൾക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ അത് പറഞ്ഞു. പ്രതിപക്ഷ നേതാവും പറഞ്ഞു. എന്നാൽ അത്തരം വിവാദങ്ങൾക്കൊന്നും പ്രസക്തിയില്ലാത്ത തെരഞ്ഞെടുപ്പാണ് നടന്നതെന്ന് വോട്ടുകണക്കുകൾ നോക്കിയാലറിയാം. ചെയ്യാനുള്ളതാണ് വോട്ടർമാർ ചെയ്തത്. അതിനെ തെറ്റായി വ്യാഖ്യാനിക്കാൻ നാം തയാറാകരുത്. അത് എത്ര വലിയ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കിയാലും.


കേരളത്തിലെ ബി.ജെ.പിയിൽ കാലങ്ങളായി അരങ്ങേറുന്ന സംഘർഷങ്ങൾ തീർച്ചയായും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. പണവും അധികാരവും ലക്ഷ്യമിടുന്ന നേതാക്കളാണ് ബി.ജെ.പിയുടെ കേരള നേതാക്കളിൽ മിക്കവരുമെന്ന പ്രചാരണം ശക്തമാണ്. അതിന് അടിവരയിടുന്ന തരത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ പല കാര്യങ്ങളും അരങ്ങേറിയത്. കെ. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതുമുതൽ ശോഭ സുരേന്ദ്രന്റെ കഴക്കൂട്ടത്തെ സ്ഥാനാർഥിത്വം വരെ വിവിധ സംഭവങ്ങൾ. എന്നാൽ ഒറ്റക്കെട്ടായി ബി.ജെ.പി അണിനിരന്നാലും ഈ തെരഞ്ഞെടുപ്പിലെ ചിത്രം മാറില്ലെന്നതാണ് സത്യം. സീറ്റുകൾ കിട്ടിയില്ലെന്നത് മാത്രമല്ല, ബി.ജെ.പിയുടെ വോട്ടുശതമാനത്തിൽ വലിയ കുറവുണ്ടാകുകയും ചെയ്തു. വാസ്തവത്തിൽ പത്തു വർഷം മുമ്പുള്ള വോട്ട് ശതമാനത്തിലേക്ക് അവർ എടുത്തെറിയപ്പെടുകയാണ് ചെയ്തത്. ഇത് വോട്ടർമാരുടെ ശക്തമായ അഭിപ്രായം പ്രതിഫലിപ്പിക്കുന്ന സംഗതിയാണ്. അവർ വ്യക്തമായ തീരുമാനത്തോടെയാണ് പോളിംഗ് ബൂത്തിലെത്തിയത്.


ചില പ്രത്യേക സമുദായങ്ങളുടെ വോട്ടുകൾ ഏകീകരിക്കപ്പെട്ടതായാണ് ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തൽ. വോട്ടെണ്ണൽ കഴിഞ്ഞ് മിനിട്ടുകൾക്കകം സംസ്ഥാന അധ്യക്ഷനും പിന്നീട് മാധ്യമ ചർച്ചകളിൽ മറ്റ് നേതാക്കളും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചതും ഇതാണ്. അവിടെത്തന്നെ വ്യക്തമായ വർഗീയത പറയാനായിരുന്നു ഇവരുടെ ശ്രമം. ഒരു പരാജയ ദുഃഖത്തിലും സമൂഹത്തിൽ ഭിന്നിപ്പ് വിതറാനായിരുന്നു ശ്രമം. വ്യത്യസ്തങ്ങളായ താൽപര്യങ്ങളുള്ള പല ഗ്രൂപ്പുകളുടെ സമന്വയമാണ് വാസ്തവത്തിൽ കേരളത്തിലെ ബി.ജെ.പി. ഈ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷങ്ങൾ ഏറെക്കാലമായി പുകയുകയും ചെയ്യുന്നു. ധനസമാഹരണമാണ് ഇതിന്റെയെല്ലാം അടിസ്ഥാന പ്രചോദനമെന്ന ആരോപണവുമുണ്ട്. തെരഞ്ഞെടുപ്പിനിടെ തൃശൂരിലുണ്ടായ കള്ളപ്പണ ഇടപാടിനെക്കുറിച്ച രഹസ്യങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. 


താഴേത്തട്ടിലുള്ള ജനങ്ങളിൽ ഹിന്ദുത്വ ശക്തികളോടുള്ള ആഭിമുഖ്യം വർധിച്ചുവരുന്നതായ വിലയിരുത്തലാണ് പാളിപ്പോയത്. എല്ലാ ജാതിമതസ്ഥരും സഹവർത്തിത്വത്തോടെ കഴിയുന്ന, നവോത്ഥാനത്തിന്റെ അസ്തിവാരം ശക്തമായി പണിതുയർത്തിയിട്ടുള്ള കേരളത്തിൽ വർഗീയതയുടെ വിത്തുകൾ വേഗം മുളക്കില്ല. സമൂഹവും മാധ്യമങ്ങളും കൂടുതൽ ജാഗ്രതയോടെയുള്ള സമീപനങ്ങൾ കൈക്കൊണ്ടാൽ കേരളം കൈവരിച്ച ഈ വലിയ നേട്ടത്തെ നിലനിർത്താനുമാകും. 


സമുദായ സംഘടനകളെ സ്വാധീനിച്ചും ഒരു മതവിഭാഗത്തിനെതിരെ മറ്റു ചിലരെ കൂടെ നിർത്തിയുമൊക്കെ പൂർണമായും വർഗീയ ധ്രുവീകരണമാണ് ബി.ജെ.പി ലക്ഷ്യമിട്ടത്. അതെല്ലാം ഏശുന്നുവെന്ന ധാരണ ഉണ്ടായെങ്കിലും സന്ദർഭത്തിനൊത്തുയരാൻ മലയാളികൾക്കായി. രാജ്യം ഒരുമിച്ചു നിൽക്കേണ്ട കോവിഡ് മഹാമാരിയുടെ സന്ദർഭത്തിൽ പോലും വിഭജനത്തിന്റെ വിത്തുകൾ വിതറാൻ ശ്രമിക്കുന്നവർ ഇന്ന് ലോകത്തിന്റെ കണ്ണിൽ പോലും അസ്പൃശ്യരാണ്. ഒരു ജനതയെ ഒന്നടങ്കം മഹാമാരിക്ക് വിട്ടുകൊടുത്ത് നിസ്സംഗമായിരിക്കുന്ന ഒരു സർക്കാരിനെ നാം പിന്തുണച്ചിരുന്നെങ്കിൽ അത് വലിയ അബദ്ധമായേനേ. പൂജ്യത്തിന്റെ വില ഒരിക്കൽ കൂടി ലോകത്തെ മനസ്സിലാക്കിക്കൊടുത്തു എന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ മഹത്വം.

Latest News