Sorry, you need to enable JavaScript to visit this website.

ദുരന്തങ്ങൾ ഉണർത്തുന്നതും പ്രേരിപ്പിക്കുന്നതും

കരളലിയിപ്പിക്കുന്ന നിരവധി സംഭവങ്ങൾകോവിഡ് കാലത്ത് നമ്മൾ കണ്ടും കേട്ടും കൊണ്ടിരിക്കുന്നു. പ്രായഭേദമെന്യേ പ്രിയപ്പെട്ടവരുടെ അകാലത്തിലുള്ള മരണവുംമരണവെപ്രാളത്തിൽഅവർ നൽകിയസന്ദേശങ്ങളുംഎഴുതിയ വരികളും കാട്ടുന്ന പിടച്ചിലുകളും ആരുടെയും നെഞ്ച് പിളർക്കുന്ന തരത്തിലുള്ളവയാണ്.സോഷ്യൽ മീഡിയയിലൂടെ കണ്ണോടിച്ചാൽ കാണുന്ന പോസ്റ്റുകളിൽ അധികവും വേർപിരിഞ്ഞു പോയവരെക്കുറിച്ചുള്ള സങ്കടവും നനുത്ത ഓർമകളും പ്രാർത്ഥനകളും തന്നെ. 
എത്ര വേഗത്തിലാണ് ഒരു സൂക്ഷ്മജീവി പരത്തുന്ന മഹാവ്യാധി നമ്മുടെ പതിവ് ജീവിതത്തിലെ എല്ലാ കണക്കൂകൂട്ടലുകളും പദ്ധതികളുംതകിടം മറിച്ചത്? മനുഷ്യ ചരിത്രത്തിൽ ഇത്തരം ദുരന്തങ്ങൾ ആദ്യമായിട്ടല്ല സംഭവിക്കുന്നത്. പഴയ കാലങ്ങളുടെ ഏടുകൾ മറിച്ച് നോക്കിയാൽ സമാനമായനിരവധി പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും മനുഷ്യരാശിയുടെ ഗതിയെ നിർണായകമായി സ്വാധീനിച്ചതായി കാണാം. വേദഗ്രന്ഥങ്ങൾ ചരിത്ര വസ്തുതകൾ ഓർമപ്പെടുത്തി ഇത്തരം ഭീകരമായ അവസ്ഥകളിലൂടെ കടന്നുപോയ ജനപഥങ്ങളുടെ അനുഭവ പാഠങ്ങൾ വേണ്ടുവോളം അന്വേഷികളുടെ കണ്ണ് തുറപ്പിക്കുന്ന വിധം പ്രതിപാദിച്ചിട്ടുണ്ട്. വരാനിരിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളെ കുറിച്ചുള്ള സൂചനകളും പ്രകൃതി പ്രതിഭാസങ്ങളിൽ സംഭവിക്കാനിടയുള്ള അതീവ സംഭ്രമജനകമായ അവസ്ഥാന്തരങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളും നൽകുന്നുണ്ട്. 
മറ്റു ജീവജാലങ്ങളിൽ നിന്നും തികച്ചും ഭിന്നരായ മനുഷ്യകുലം ഇങ്ങനെയുള്ള അവസ്ഥകളിൽ അകപ്പെടുന്ന നിസ്സഹായാവസ്ഥയും അപ്പോൾ അവർ പ്രതികരിക്കുന്ന രീതിയും ശൈലിയും നേരനുഭവമുള്ള ആരെയും വിസ്മയിപ്പിക്കുന്ന തരത്തിൽ വിശുദ്ധ വേദവാക്യങ്ങൾ വരച്ചിടുന്നുണ്ട്. അത്തരം ആപൽഘട്ടങ്ങളിൽ മനുഷ്യരാശി പൊതുവെ പാലിക്കേണ്ട നിയമങ്ങളും നിർദേശങ്ങളും പലയാവർത്തി വിവിധയിടങ്ങളിൽ ഉണർത്തുന്നതും കാണാം. 
മരണത്തോടെ എല്ലാം അവസാനിക്കുമെന്ന് കരുതുന്നവർ അനുഭവിക്കുന്ന പങ്കപ്പാടിനെ കുറിച്ചും ജന്മസിദ്ധമായ ശേഷികളെയും പ്രകൃതി വിഭവങ്ങളെയും തികച്ചും നിരുത്തരവാദപരമായ വിധത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവർക്കുള്ള അതിശക്തമായ താക്കീതുകളെ കുറിച്ചും നമുക്കവിടെ വായിക്കാം. 
ഒരു മനുഷ്യാനുഭവവും ചിന്തിക്കുന്നവർക്ക് വ്യക്തമായ പാഠങ്ങൾ തരാതെ കടന്നു പോവുന്നില്ല. നിർബാധം നുകർന്ന അനുഗ്രഹങ്ങളിൽ ചിലത് തടസ്സപ്പെടുമ്പോൾ മനുഷ്യർ നിന്നും ഇരുന്നും കിടന്നും രാപ്പകലന്യേ പ്രപഞ്ചസ്രഷ്ടാവിനോട് കേണപേക്ഷിക്കുന്നതിനെ കുറിച്ചും പ്രയാസങ്ങൾ നീങ്ങിയാൽ തികച്ചും നന്ദികെട്ട രീതിയിൽ നിഷേധികളും ധിക്കാരികളും കുതർക്കികളുമായി അവർ മാറുന്നതിനെ കുറിച്ചും സുവ്യക്തമായ രീതിയിൽ തന്നെ വേദവാക്യങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. 
കേട്ടറിഞ്ഞതിൽ നിന്നും കൂടുതൽ ബോധ്യപ്പെടുന്ന തരത്തിൽ കണ്ടറിവായുംകൊണ്ടറിവായും മനുഷ്യരാശിയെ പലതും ഈ കോവിഡ് കാലം അടിക്കടി പഠിപ്പിച്ചുണർത്തുകയാണ്.നമ്മുടെ അറിവിന്റെയുംപ്രയത്‌നങ്ങളുടെയും പരിമിതികളെ കുറിച്ചും സാധ്യതകളെ കുറിച്ചും പുനർവിചാരത്തിന് പ്രേരിപ്പിക്കുന്നതാണ് ഓരോരോ കാര്യവും. നാം മേനി നടിക്കുന്ന ധനവും സന്താനങ്ങളും ബന്ധുബലവും അധികാരാധീശത്വങ്ങളും സൈനിക ബലവും സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമെല്ലാം ഒരു സൂക്ഷ്മാണുവിന്റെ പ്രഹരത്തിനു മുന്നിൽ അടിയറ പറയേണ്ടി വന്നിരിക്കുന്നു. നിത്യേന ശ്വസിക്കുന്ന വായുവിന്റെ വില നാം അറിഞ്ഞിരിക്കുന്നു. ശുചിത്വത്തിന്റെയും ആത്മ പ്രതിരോധത്തിന്റെയും ആരോഗ്യ ശീലങ്ങൾ നാം പാലിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാം മറന്ന് കിതച്ചോടി പിടിച്ചടക്കാൻ വെമ്പിയ ഈ ഭൗതിക ജീവിതത്തിലെ പകിട്ടും പത്രാസുമെല്ലാം ക്ഷണികമാണെന്ന ബോധം വകതിരിവുള്ള പലരിലും അഭൂതപൂർവമായ തരത്തിൽ നാമ്പിട്ട് തുടങ്ങിയിരിക്കുന്നു. 
നേരത്തെ പ്രതീക്ഷയർപ്പിച്ച പലതും പ്രയോജന രഹിതമാണെന്ന് അവർക്ക് ബോധ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു. പല വേദ പാഠങ്ങളും പൊടിതട്ടി പുറത്തെടുക്കാനും അടുത്തറിയാനും വായിക്കാനും വിലയിരുത്താനും ഉൾക്കൊള്ളാനും അതിന്റെ അടിസ്ഥാനത്തിൽ ജീവിതത്തെ പുനഃക്രമീകരിക്കാനുമുള്ള മനോഭാവം പതിയെ പതിയെ സൂക്ഷ്മാലുക്കളിൽ ഇത്തരുണത്തിൽ ഉടലെടുക്കുമെന്നതിൽ സംശയമില്ല. 
അതിന്റെ ഫലമായി കാര്യബോധം ആർജിച്ചവരിൽ  ക്രമേണ ജീവിതത്തിലെ മുൻഗണനകൾ ഗുണപരമായി മാറും.
കുഞ്ഞുങ്ങളോടും പ്രായമേറെയുള്ളവരോടുമുള്ളഅലിവും കാരുണ്യവും വർധിക്കും. കുടുബക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാവും. നിർധനരോടും ആലംബഹീനരോടുമുള്ള സമീപനത്തിൽ കാര്യമായ മാറ്റം വന്നുചേരും. കൂടുതൽ സവിശേഷമായ സമയം ചെലവിടേണ്ടത് മാതാപിതാക്കൾക്കും ഇണകൾക്കും സന്താനങ്ങൾക്കൊപ്പവുമാണെന്ന തിരിച്ചറിവ് കൈവരും. അലസതയകലും. ആർഭാടവും ദുരഭിമാനവും കൈവെടിഞ്ഞ് തുടങ്ങും. വിനയവും വിട്ടുവീഴ്ചയും ഉദാരതയും വർധിതമാവും.
 

Latest News