Sorry, you need to enable JavaScript to visit this website.

പെരുന്നാൾ സമ്മാനമായി ജാസ്മിൻ സമീറിന്റെ ജന്നത്ത് 

അധ്യാപികയും ഗ്രന്ഥകാരിയുമായ യുവ കവയിത്രി ജാസ്മിൻ സമീറിന്റെ രചനയിൽ പിറന്ന ജന്നത്ത് എന്ന ഭക്തിഗാന ആൽബം പെരുന്നാൾ സമ്മാനമായി മിലെനിയം ഓഡിയോസ് കലാലോകത്തിന് സമർപ്പിക്കുന്നു. റമദാൻ 27 ന് ഞായറാഴ്ച യുട്യൂബിലൂടെയാണ് ആൽബം റിലീസ് ചെയ്യുന്നത്. ജാസ് ക്രിയേഷൻസിന്റെ ബാനറിൽ സിറാജുദ്ദീൻ നിർമിച്ച് ഗോകുൽ അയ്യൻതോൾ സംവിധാനം ചെയ്ത ആൽബത്തിന് സംഗീതം നൽകിയത് കെ.വി. അബൂട്ടിയാണ്. 
മശ്ഹദ് എന്ന ഷോർട്ട്  ഫിലിമിലൂടെ ശ്രദ്ധേയയായ റിദ അബ്ദുൽ റഹീമാണ് ജന്നത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജന്മനാ ഉണ്ടായ എല്ലാ ശാരീരിക പരിമിതികളേയും അതിവജീവിച്ച് സർഗവൈഭവത്തിന്റെ ആകർഷകമായ വീഥികളിലൂടെ സഞ്ചരിക്കുന്ന റിദ അബ്ദുൽ റഹീം എന്ന വിസ്മയം തന്നെയാകും  ഈ ആൽബത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജന്മനാ അന്ധയായ റിദ മാതാപിതാക്കളുടെ പ്രോൽസാഹനവും പിന്തുണയും കൊണ്ട്് മികച്ച കലാകാരിയും പാട്ടുകാരിയുമായത് അനേകമാളുകൾക്ക് പ്രചോദനമാണ്. അകക്കണ്ണിന്റെ ശക്തിയും ദൈവം കനിഞ്ഞരുളിയ സംഗീത അഭിരുചിയും  അഭിനയ പാടവവും ജീവിതം മാറ്റിമറിച്ച കഥയാണ് യു.എ.ഇയയിൽ താമസിക്കുന്ന കണ്ണൂർ ജില്ലയിലെ പഴയങ്ങാടി സ്വദേശിയായ റിദ അബ്ദുൽ റഹീം എന്ന ജീവിക്കുന്ന വിസ്മയം. 


ജനിക്കുമ്പോൾ ഒരു കിലോയിൽ കുറഞ്ഞ ഭാരം. കുട്ടി ജീവിക്കുമോ എന്ന വിഷയത്തിൽ ഡോക്ടർമാർക്ക് പോലും പ്രതീക്ഷയില്ലായിരുന്നു. എന്നാൽ ദൈവം കനിഞ്ഞരുളിയ ഈ നിധിയെ പൊന്നുപോലെ താലോലിച്ച് ആശയം പ്രതീക്ഷയും നൽകി അബ്ദുൽ റഹീമും റസിയയും മാതൃകയായപ്പോൾ ചെറിയ പരിമിതികളേക്കാളും ഒട്ടേറെ കഴിവുകളുള്ള പ്രതിഭയായി റിദ വളർന്നുവരികയായിരുന്നു. പാട്ടുകൾ ഇഷ്ടപ്പെടുന്ന റിദ അഭിനയിക്കുവാനും മിടുക്കിയാണെന്ന് മശ്ഹദിലൂടെ തെളിയിച്ചതോടെയാണ് സഹൃദയ ലോകം ശ്രദ്ധിക്കുവാൻ തുടങ്ങിയത്. 
യൂത്ത് ഫെസ്റ്റിവലുകളിലും എമിറേറ്റ് ലിറ്റററി ഫെസ്റ്റിവലുകളിലും സമ്മാനം നേടിയ റിദ മനോഹരമായി പാടുന്നതോടൊപ്പം പിയാനോ വായിക്കുകയും ചെയ്യും. ക്രിയാത്മക രംഗങ്ങളിൽ സജീവമായി പാറിനടക്കുന്ന കൊച്ചുമിടുക്കിയായ റിദ അബ്ദുൽ റഹീം വളർന്നുവന്നതിന് പിന്നിൽ മാതാപിതാക്കളുടെ ഉജ്വലമായ ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും നീണ്ട കഥയുണ്ട്. ജീവിതം ദൈവത്തിന്റെ ദാനമാണ്. നിരവധി അനുഗ്രഹങ്ങളോടെയാണ് ഓരോരുത്തരും ഈ ലോകത്ത് ജനിച്ചു വീഴുന്നത്. ചിലപ്പോഴെങ്കിലും നമുക്കുണ്ടാകുന്ന പരിമിതികൾ നമ്മെ നിരാശരാക്കിയേക്കാം. എന്നാൽ ആ പരമിതികൾക്കുള്ളിലും വലിയ നിരവധി അനുഗ്രഹങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടാകും. അവ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോൾ എല്ലാ നിരാശയും അസ്തമിക്കുകയും ജീവിതം പ്രതീക്ഷ നിർഭരമാവുകയും ചെയ്യുമെന്ന സുപ്രധാനമായ സന്ദേശമാണ് റിദയുടെ ജീവിതത്തിലൂടെ മാതാപിതാക്കളായ അബ്ദുൽ റഹീമും റസിയയും സമൂഹത്തിന് മാതൃകാപരമായി കാണിച്ചുകൊടുക്കുന്നത്. വിധിയെ പഴിക്കാതെ, വിധി തരുന്ന മാണിക്യം കണ്ടെത്താനുള്ള ക്ഷമയും മനോധൈര്യവുമാണ് പ്രധാനം. 


സംഗീതമാണ് തനിക്ക് ഏറ്റവും ആനന്ദം നൽകുന്നതെന്നും എല്ലാതരം പാട്ടുകളും താൻ ആസ്വദിക്കാറുണ്ടെന്നും റിദ പറയുമ്പോൾ ജീവിതം മനോഹരമാക്കുന്നതിൽ കലയുടെ പങ്കും നമുക്ക് വായിച്ചെടുക്കാം. ജീവിതം നൽകുന്ന പ്രതിസന്ധികളിലോ പരിമിതികളിലോ തളരാതെ നമ്മിലുള്ള വേറിട്ട കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നേറുമ്പോൾ ജീവിതം കൂടുതൽ വശ്യസുന്ദരമാകുമെന്നും ഈ കൊച്ചുമിടുക്കി പറയാതെ പറയുന്നുണ്ട്.  ദുബായ്  എഡ്യൂ സ്‌കാൻ സ്‌പെഷ്യൽ സ്‌കൂളിൽ പഠിക്കുന്ന റിദ സംഗീത ലോകത്തും അഭിനയ ലോകത്തും ഒരു വിസ്മയമായി നിരവധി പേർക്കാണ് ആവേശം പകരുന്നത്. 
റിദ ഒരു പ്രതീകമാണ്. പരിമിതികൾ തളർത്തുന്ന നിരവധി കുരുന്നുകളുടെ പ്രതീകം. നമ്മുടെ സമീപനങ്ങളും നിലപാടുകളും ജീവിതത്തെ മനോഹരമാക്കുമെന്ന സുന്ദരമായ പാഠമാണ് ലളിതമായ രീതിയിൽ റിദ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. 
പ്രശസ്ത സിനിമ സംവിധായകൻ ലാൽ ജോസാണ് ജന്നത്തിന്റെ ട്രീസർ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം ഷാർജ ഓസ്‌കർ സിനിമയിൽ നടന്ന  പ്രിവ്യൂ ഷോയും സഹൃദയരിൽ ആവേശം ജനിപ്പിച്ചു കഴിഞ്ഞു. നോവലിസ്റ്റ് വെള്ളിയോടൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്് ഇ.പി ജോൺസൺ, ഗാനരചയിതാവ് ജാസ്മിൻ സമീർ, ജന്നത്ത് ഡയറക്ടർ ഗോകുൽ അയ്യന്തോൾ, ഇൻകാസ് പ്രസിഡന്റ് നാസർ മഹ, കവി മംഗലത്ത് മുരളി, അബ്ദുറഹീം, റസിയ അബ്ദുറഹീം, ക്യാമറ മാൻ അബ്ദുൽ ലത്തീഫ് എന്നിവരുടെ സാന്നിധ്യത്തിൽ ജന്നത്തിലെ ഗാനം റിദ അബ്ദു റഹീം ആലപിച്ചത് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 


എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റി  പ്രൊഫസർ ജോഷി, സൈഫുദ്ദീൻ പി. ഹംസ (അക്കാദമിക് കോഡിനേറ്റർ, അൽ അമീർ സ്‌കൂൾ അജ്മാൻ) , ജ്യോതി ജോഷി (ഷാർജ ഇന്ത്യൻ സ്‌കൂൾ), സിബി (അൽ അമീർ സ്‌കൂൾ), എഴുത്തുകാരായ വൈ എ.സാജിദ, സിറാജ് നായർ, ജന്നത്തിലെ അഭിനേത്രി വൈഗ ശരത്,  അഭി വേങ്ങര (യു.ബി.എൽ ചാനൽ ), സ്വവാബ് അലി, സഫാരി ഗ്രൂപ്പ് മാനേജർ  തുടങ്ങിയവരുടെ സാന്നിധ്യവും പ്രിവ്യൂ ഷോ ഗംഭീരമാക്കി 
ജാസ്മിൻ സമീറിന്റെ മൂന്നാമത്തെ ആൽബമാണിത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച ജന്നത്ത് മോളുടെ മൂന്നാം ജന്മദിനമായ റമദാൻ 27 ന് ഈ ഭക്തിഗാന ആൽബം സഹൃദയ ലോകത്തിന് സമ്മാനിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ജാസ്മിൻ സമീർ പറഞ്ഞു. റിദയോടൊപ്പം ആൽബത്തിലുടനീളം ജാസ്മിനും അഭിനയിക്കുന്നുണ്ട്. 

Latest News