Sorry, you need to enable JavaScript to visit this website.

പി.ടി. തോമസിനെതിരെ ശ്രീമതി ടീച്ചറുടെ വക്കീൽ നോട്ടീസ്‌


കണ്ണൂർ- അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് കോൺഗ്രസ് നേതാവ് പി.ടി. തോമസിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി ടീച്ചറുടെ വക്കീൽ നോട്ടീസ്.
എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തനിക്കും കുടുംബത്തിനുമെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.


കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലുണ്ടായ ഓക്‌സിജൻ സിലിണ്ടർ ക്ഷാമത്തിന് പിന്നിൽ ദ്രവീകൃത ഓക്‌സിജന്റെ കുത്തക വിതരണാവകാശമുള്ള ഒരു കമ്പനിയാണെന്നും ഈ കമ്പനി
പി.കെ. ശ്രീമതി ടീച്ചറുടെ മകൻ ഉൾപ്പെടെയുള്ളവരുടെതാണെന്നും കൃത്രിമക്ഷാമം സൃഷ്ടിച്ച് സിലിണ്ടറുകൾ മറിച്ചുവിറ്റ് വൻ ലാഭമുണ്ടാക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു പി.ടി. തോമസിന്റെ ആരോപണം.
പി.ടി. തോമസ് ആരോപണം ഉയർത്തിയ കമ്പനിയുമായി തനിക്കോ തന്റെ ബന്ധുക്കൾക്കോ യാതൊരു ബന്ധവുമില്ലെന്നും, അതിനാൽ ആരോപണം പിൻവലിച്ച് ക്ഷമാപണം നടത്തണമെന്നും, അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ, ഈ വിഷയത്തിൽ വിശദീകരണവുമായി ഏജൻസി ഉടമയും ശ്രീമതി ടീച്ചറും രംഗത്തെത്തി.


പാലക്കാട് കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഉത്തരേന്ത്യൻ കമ്പനിയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഓക്‌സിജൻ നിർമിക്കുന്നത്. ഇതിന്റെ മൊത്ത വിതരണ അവകാശം കണ്ണൂർ സ്വദേശിയായ വിജയൻ നമ്പ്യാർ എന്നയാളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇയാൾ ശ്രീമതി ടീച്ചറുടെ മകന്റെ ബിനാമിയാണെന്നാണ് പി.ടി. തോമസിന്റെ ആരോപണം. 
എന്നാൽ, ഈ ഏജൻസി താൻ തനിയെ നടത്തുന്ന സ്ഥാപനമാണെന്നും, ശ്രീമതി ടീച്ചറുമായോ മകനുമായോ യാതൊരു ബന്ധവുമില്ലെന്നും വിജയൻ നമ്പ്യാർ പറയുന്നു. കണ്ണൂരിലെ നമ്പ്യാർ കുടുംബമായതിനാൽ ഏതെങ്കിലും തരത്തിൽ വിദൂര ബന്ധമുണ്ടാകും. എന്റെ മകളുടെ വിവാഹത്തിന് ഞാൻ ക്ഷണിച്ചിരുന്നു. ടീച്ചർ വന്ന് ആശിർവദിച്ച് പോവുകയും ചെയ്തു. അപ്പോഴാണ് താൻ ടീച്ചറെ ഏറ്റവുമൊടുവിൽ കണ്ടതെന്നും മറ്റ് ബന്ധങ്ങൾ ഇല്ലെന്നും, പി.ടി. തോമസിന് മറ്റു ലക്ഷ്യങ്ങൾ ഉണ്ടാവാമെന്നും വിജയൻ നമ്പ്യാർ വ്യക്തമാക്കുന്നു.
ഏജൻസി ഉടമയായ വിജയൻ നമ്പ്യാർ എന്ന വ്യക്തിയുമായി യാതൊരു ബന്ധവുമില്ലെന്നും, സമൂഹമധ്യത്തിൽ അപമാനിക്കുന്നതിന്നാണ് പി.ടി. തോമസ് ഇത്തരം ആരോപണവുമായി എത്തിയതെന്നും ശ്രീമതി ടീച്ചർ പറയുന്നു.

 

Latest News