Sorry, you need to enable JavaScript to visit this website.

കോവിഡ്: ഒമാനിൽ  ഇന്നലെ 12 മരണം

മസ്‌കത്ത് - ഒമാനിൽ കോവിഡ് ബാധിച്ച് 12 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 2,083 ആയി ഉയർന്നു. 772 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, 1,149 പേർ രോഗമുക്തി നേടി. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 1,99,344 പേർക്കാണ് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,81,696 പേർ രോഗമുക്തി നേടി. രാജ്യത്ത് 91.1 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്നലെ മാത്രം 79 പേരെ രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ഉൾപ്പെടെ ആകെ 782 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 283 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.  


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒമാനിൽ ശക്തമായി നടന്നുവരികയാണ്. രോഗികളെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഉപകരണം ഒമാനി ഗവേഷകർ വികസിപ്പിച്ചെടുത്തുവെന്നത് ഈ മേഖലയിൽ രാജ്യത്തിന്റെ ശ്രദ്ധേയ നേട്ടമായി. ഡോ. നിസാർ അൽ ബസ്സാമും സംഘവുമാണ് ഇത്തരത്തിലൊരു ഉപകരണം വികസിപ്പിച്ചത്. കോവിഡ് ബാധിച്ച് ആളുകൾ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ ഉപകരണം വഴി സാധിക്കും. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് ചികിത്സ എത്തിക്കാനും ഇതുവഴി കഴിയും. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ മനസ്സിലാക്കാനും രോഗികളുടെ പനി, ഹൃദയമിടിപ്പ്, ഓക്‌സിജൻ എന്നിവ തിരിച്ചറിയാനും ഉപകരണത്തിന് സാധിക്കും. 
രജിസ്റ്റർ ചെയ്യുന്ന രോഗിയെ കുറിച്ച് വിവരങ്ങൾ ജി.പി.എസ് വഴി ശേഖരിക്കുന്ന രീതിയാണ് ഇതിൽ സംവിധാ നിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഉപകരണം വികസിപ്പിച്ചെടുത്തത്. അതിനിടെ ഒമാനിൽ കർഫ്യൂ വിലക്കിൽനിന്ന് ഭക്ഷണ സ്റ്റോറുകൾ, പലചരക്ക് കടകൾ, ബേക്കറി, ഒമാനി മധുരപലഹാരശാലകൾ, ഐസ്‌ക്രീം ഷോപ്പുകൾ, ജ്യൂസ് ഷോപ്പുകൾ, ഇറച്ചി കടകൾ, തേൻ, ഔഷധ കടകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

 

Tags

Latest News