തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്രവ്യാപനം തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ആറുമണി മുതൽ മെയ് 16 വരെ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗണിന്റെ മാര്ഗനിര്ദ്ദേശം സര്ക്കാര് പുറപ്പെടുവിച്ചു.
അവശ്യസർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് കേവിഡ് പ്രോട്ടോകോൾ പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. വിവരം മുൻകൂട്ടി പോലീസ് സറ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം. ബാങ്ക്, ഇൻഷുറൻസ്, പണമിടപാടു സ്ഥാപനങ്ങൾക്ക് രാവിലെ പത്തു മുതൽ ഒരു മണി വരെ ഇടപാടുകൾ നടത്താം. രണ്ടു മണിക്ക് അടയ്ക്കണം. മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. റോഡ്, ജലഗതാഗത സർവീസുകൾ ഉണ്ടാവില്ല. മെട്രോ ട്രെയിനും സർവീസ് നടത്തില്ല. ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല. എല്ലാവിധ വിദ്യാഭ്യാസ, കോച്ചിംഗ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം. കോവിഡ് 19 പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം. ആരാധനാലയങ്ങളും തുറക്കാൻ പാടില്ല.
കോവിഡ് ബാധിതരുടെ പ്രതിദിന നിരക്ക് ക്രമാതീതമായി ഉയരുകയും ചികിത്സാ സൗകര്യങ്ങൾ പരിമതിപ്പെടുകയുംചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ നിർണായക തീരുമാനമെടുത്തിരിക്കുന്നത്. ചില ജില്ലകളിൽ ഐ സി യുവും കിടക്കകളും വെന്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ സെമി ലോക്ക്ഡൗൺ വലിയ തോതിൽ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിച്ചാണ് സർക്കാർ നടപടിയെടുത്തിരിക്കുന്നത്.
സായുധസേനാ വിഭാഗം, ട്രഷറി, സി. എൻ. ജി, എൽ. പി, ജി, പി. എൻ. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, എൻ. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും. പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡി ടി എച്ച് എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്. അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം.
ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐ. ടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിംഗ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പോലീസ്, എക്സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും.
ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കും. റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്സ്യം, ഇറച്ചി വിൽപന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം.






