സൗദിയില്‍ യുവതികളടക്കം 100 സോഷ്യല്‍ മീഡിയ താരങ്ങള്‍ കുടുങ്ങി

റിയാദ് - നിയമ ലംഘനങ്ങള്‍ക്ക് നാലു മാസത്തിനിടെ 118 സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ വാണിജ്യ മന്ത്രാലയം പിടികൂടി നിയമ നടപടികള്‍ സ്വീകരിച്ചു. ഇ-കൊമേഴ്‌സ് നിയമം ലംഘിച്ച് സ്‌നാപ് ചാറ്റ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ ചെയ്തതിന് യുവതികള്‍ അടക്കം 100 സെലിബ്രിറ്റികള്‍ക്കും കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച് ഷോപ്പിംഗ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ട് തിക്കിനുംതിരക്കിനും കാരണക്കാരായി മാറിയ 18 സെലിബ്രിറ്റികള്‍ക്കും എതിരെയാണ് വാണിജ്യ മന്ത്രാലയം നിയമ നടപടികള്‍ സ്വീകരിച്ചത്.

Read More: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങള്‍ അയച്ച സഹായങ്ങള്‍ എവിടെപ്പോകുന്നു?

ഇക്കൂട്ടത്തില്‍ നാലു യുവതികള്‍ അടക്കം പത്തു പേര്‍ക്ക് മന്ത്രാലയം 1,65,000 റിയാല്‍ പിഴ ചുമത്തി. പരസ്യമാണെന്ന വാചകം പരസ്യത്തില്‍ ഉള്‍പ്പെടുത്താതിരിക്കല്‍, വ്യാജ അവകാശവാദങ്ങള്‍, വ്യാജ ഉല്‍പന്നങ്ങള്‍ക്കു വേണ്ടി പരസ്യം ചെയ്യല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്കാണ് ഇവര്‍ക്ക് വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ ഇ-കൊമേഴ്‌സ് നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി പിഴകള്‍ ചുമത്തിയത്. നിയമ ലംഘകരായ 90 സെലിബ്രിറ്റികള്‍ക്കെതിരായ കേസ് ശിക്ഷകള്‍ പ്രഖ്യാപിക്കുന്നതിന് വാണിജ്യ മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. 51 യുവതികള്‍ക്കും 39 പുരുഷന്മാര്‍ക്കുമെതിരായ കേസുകളാണ് കമ്മിറ്റിക്ക് കൈമാറിയിരിക്കുന്നത്. അത്തറുകള്‍, വാച്ചുകള്‍, ആക്‌സസറീസ്, ലേഡീസ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, നിരോധിത ഫോറെക്‌സ് ഇടപാടുകള്‍, ബാങ്കിംഗ് സേവനങ്ങള്‍, ഡെലിവറി ആപ്പുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍ എന്നിവക്കു വേണ്ടിയാണ് സെലിബ്രിറ്റികള്‍ നിയമം ലംഘിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തത്. ഇതേ നിയമ ലംഘനങ്ങള്‍ക്ക് 17 സെലിബ്രിറ്റികള്‍ക്ക് ആകെ 7,40,000 റിയാല്‍ പിഴ ചുമത്തിയതായി നേരത്തെ വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു.

 

Latest News