കേരളത്തിന് ലഭിച്ച വാക്‌സിന്‍ 73 ലക്ഷം ഡോസ്, കുത്തിവച്ചത് 74 ലക്ഷം ഡോസും! ഇതെങ്ങനെ സംഭവിച്ചു

തിരുവനന്തപുരം- കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ കോവിഡ് വാക്‌സിന്‍ ഡോസിനേക്കാള്‍ അധികമായി ഒരു ലക്ഷത്തോളം ഡോസുകള്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു. കേന്ദ്രം 73,38,860 ഡോസ് വാക്‌സിനാണ് സംസ്ഥാനത്തിനു നല്‍കിയത്. എന്നാല്‍ കേരളം ഇതുവരെ വിതരണം ചെയ്തത് 74,26,164 ഡോസുകളാണ്. വാക്‌സിന്‍ വിതരണത്തിലെ വളരെ കാര്യക്ഷമമായ നിര്‍വഹണമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ ഡോസുകള്‍ കൈകാര്യം ചെയ്യുന്ന നഴ്‌സുമാരുടെ മിടുക്കാണ് ഇതില്‍ പ്രധാന ഘടകമായത്. ആരോഗ്യ പ്രവര്‍ത്തകരുടേയും നഴ്‌സുമാരുടേയും മികവുറ്റ സേവനത്തെ മുഖ്യമന്ത്രിയും ആരോഗ്യ വിദഗ്ധരുമെല്ലാം പ്രശംസിച്ചു.

ലഭിച്ചതിലേറെ ഡോസുകള്‍ എങ്ങനെ വിതരണം ചെയ്യാന്‍ കഴിയുന്നു എന്നു മനസ്സിലാക്കാന്‍ വാക്‌സിന്‍ ഡോസുകളുടെ കണക്കുകള്‍ അറിയേണ്ടതുണ്ട്. ഒരു വാക്‌സിന്‍ വയലില്‍ (കുപ്പി) 10 ഡോസുകളാണ് ഉള്ളത്. ഇത് അഞ്ച് മില്ലി വരും. എന്നാല്‍ വാക്‌സിന്‍ കുത്തിവയ്പ്പു സമയത്തെ വേസ്റ്റേജ് സാധ്യത കൂടി കണക്കിലെടുത്ത് വാക്‌സിന്‍ നിര്‍മാതാക്കള്‍ ഒരു വയലില്‍ അല്‍പ്പം കൂടി മരുന്ന് അധികമായി ചേര്‍ക്കുന്നുണ്ട്. അപ്പോള്‍ ഒരു വയലയില്‍ 5.5 മില്ലിയോളം വരും. ഇത് കാര്യക്ഷമമായി പാഴാകാതെ ഉപയോഗിക്കുകയാണെങ്കില്‍ 11 ഡോസ് വരെ ഒറ്റ വലയില്‍ നിന്ന് ലഭിക്കും. ഈ വയലില്‍ നിന്ന് സിറിഞ്ചിലേക്ക് വളരെ കൃത്യമായി അളെന്നുടുക്കുന്ന നഴ്‌സുമാരുടെ മിടുക്കാണ് ഇതു സാധ്യമാക്കുന്നത്.

ഒരു ഡോസ് പോലും പാഴാക്കാത്ത സംസ്ഥാനമെന്ന അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ കേരളത്തിനു നല്‍കിയതാണ്. എന്നാല്‍ പാഴാക്കിയില്ല എന്നു മാത്രമല്ല, വേസ്റ്റേജ് ഫാക്ടറായി ഓരോ വയലിലും അധികമായി നല്‍കുന്ന വാക്‌സിന്‍ സൂക്ഷ്മമായി കൈകാര്യം ചെയ്ത് കാര്യക്ഷമതയോടെ കുത്തിവച്ചതോടെ ഒരു ലക്ഷത്തിനടുത്ത് അധിക ഡോസ് കേരളത്തിന് ലഭിക്കുകയും ചെയ്തു.
 

Latest News