Sorry, you need to enable JavaScript to visit this website.

ഖുറൈസ് റോഡിലെ അല്‍ഖലീജ് പാലം തിങ്കളാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് അടച്ചിടും

റിയാദ്- നഗരത്തിന്റെ പ്രധാന ലാന്റ്മാർക്കുകളിലൊന്നായ ഖുറൈസ് റോഡിലെ അൽഖലീജ് പാലം അറ്റകുറ്റപണികൾക്കായി ഈ മാസം 10 (തിങ്കൾ) മുതൽ ഏഴ് ദിവസത്തേക്ക് അടച്ചിടുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. 92 മീറ്റർ നീളമുള്ള പാലത്തിന്റെ സ്പേസറുകൾ മാറ്റുന്ന ജോലിയാണ് നടക്കാനിരിക്കുന്നത്. ഏറ്റവും നല്ല രൂപകൽപനയിൽ ഇവിടെ സ്ഥാപിച്ച മെക്കാനിക് സ്പേസറുകളാണ് അറ്റകുറ്റപണി നടത്തുന്നത്.

പാലം വഴിയുള്ള പ്രധാന അഞ്ചുറോഡുകളും അടച്ച് വാഹനങ്ങൾ വഴി തിരിച്ചുവിടും. ഇതിനുള്ള സംവിധാനങ്ങൾ പൂർത്തിയായി വരികയാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. മക്ക റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ കിംഗ് അബ്ദുല്ല റോഡിൽ പ്രവേശിച്ച് വടക്ക് ഭാഗത്തേക്ക് പോകണം. കിംഗ് ഖാലിദ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ അബ്ദുല്ല ബിൻ ഹുദാഫ പാലത്തിന്റെ റൗണ്ട് എബൗട്ട് വഴിയാണ് പോകേണ്ടത്. കിഴക്ക് മക്ക റോഡ് ഭാഗത്തേക്ക് തിരിയുന്ന റോഡ് അടക്കും.
തെക്ക്, വടക്ക് ഭാഗത്ത് നിന്ന് കയ്റോ സ്‌ക്വയറിലേക്ക് വരുന്ന വാഹനങ്ങൾ മക്ക റോഡിലേക്ക് തിരിയുന്ന ഭാഗം അടച്ചതിനാൽ കിംഗ് ഫഹദ് റോഡിലേക്ക് പ്രവേശിക്കണം. കിംഗ് അബ്ദുൽ അസീസ്- മക്ക റോഡ് ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾ സർവീസ് റോഡ് വഴി കിംഗ് അബ്ദുൽ അസീസ് റോഡിലേക്ക് പ്രവേശിച്ച് സലാഹുദ്ദീൻ അയ്യൂബി റോഡ് വഴി പോകണം. സർവീസ് റോഡുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധ റോഡുകളും അടക്കും. അൽഖലീജ് പാലത്തിന് താഴെ മക്ക റോഡ്- സലാഹുദ്ദീൻ അയ്യൂബി റോഡ് ജംഗ്ഷനിലെ സിഗ്‌നൽ അടച്ച് കിഴക്ക്, പടിഞ്ഞാർ ഭാഗത്തേക്ക് സർവീസ് റോഡിൽ മാത്രമായി ഗതാഗതം ചുരുക്കും. അൽഹസ- മക്ക റോഡിലെയും സിഗ്‌നൽ അടക്കും. അൽനഹ്ദ ഭാഗത്തേക്ക് സർവീസ് റോഡ് തുറക്കുകയും ചെയ്യുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

ശക്തമായ സൈബര്‍ ആക്രമണം; മരിച്ചാലും യു.ഡി.എഫിനെ തള്ളിപ്പറയില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

Tags

Latest News