Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന

പാലക്കാട്- ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3111 പേർക്ക്. ഇതാദ്യമായാണ് പാലക്കാട് ജില്ലയിൽ ഒരു ദിവസം പുതുതായി കോവിഡ്19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂവായിരം കടക്കുന്നത്. 951 പേർ രോഗമുക്തി നേടി. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 25,164 ആയി. ഇതും ഉയർന്ന കണക്കാണ്. 
പതിവുപോലെ ഇന്നലെയും ജില്ലാ ആസ്ഥാനത്ത് തന്നെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പാലക്കാട് നഗരസഭാ പരിധിയിൽ 425 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതുേശ്ശരിയിൽ 121 ഉം കൊല്ലങ്കോട്ട് നൂറും പുതിയ രോഗികളുണ്ട്. അകത്തേത്തറ (82), ആലത്തൂർ (73), മങ്കര (72), മണ്ണൂർ (65), കൊഴിഞ്ഞാമ്പാറ(64), ഷൊർണൂർ(60), ഓങ്ങല്ലൂർ(57), കാവശ്ശേരി(55), കൊപ്പം(54), ചിറ്റൂർ(53), ഒറ്റപ്പാലം(52), ചാലിേശ്ശരി(51), പറളി(51) എന്നിവിടങ്ങളിലും കാര്യങ്ങൾ നിയന്ത്രണം വിടുകയാണ്. ഏറെക്കുറെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയരുകയാണ്. ഇന്നലെ 25 ശതമാനത്തിലും മുകളിലാണ് ഇത്. 
രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പരമാവധി പേരെ വീട്ടിൽത്തന്നെ കഴിയാനനുവദിക്കുകയാണ്. ജില്ലയിൽ ആകെ 2683 കോവിഡ് കിടക്കകളാണ് ഉള്ളത്. അതിൽ പകുതിയോളം അടിയന്തര സാഹചര്യം വരുന്ന സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാനാണ് തീരുമാനം. പാലക്കാട് ജില്ലാ ആശുപത്രി, മാങ്ങോട് മെഡിക്കൽ കോളേജ്, പാലക്കാട് വനിതാ - ശിശുക്ഷേമ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാർക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ചികിൽസയുള്ളത്. ഇതിനു പുറമെ കഞ്ചിക്കോട് കിൻഫ്ര, പാലക്കാട് വിക്‌ടോറിയ കോളേജ് വനിതാ ഹോസ്റ്റൽ എന്നിവിടങ്ങളിൽ ഫസ്റ്റ് ലൈൻ ചികിൽസാ കേന്ദ്രങ്ങളും ഉണ്ട്. പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും വീട്ടിൽ ആവശ്യത്തിന് സൗകര്യമില്ലാത്തവരുമായ രോഗികൾക്ക് താമസിക്കാൻ പത്ത് ഡൊമിസിലറി കെയർ സെന്ററുകളും പ്രവർത്തിക്കുന്നു. ചില സ്വകാര്യാശുപത്രികളിലും നിശ്ചിത ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. 
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു വരുന്നു. നിലവിൽ 54 സെക്ടറൽ മജിസ്‌ട്രേട്ടുമാരാണ് ഉള്ളത്. എണ്ണം വർധിപ്പിക്കാനാണ് നിർദേശം. വാളയാർ ഉൾപ്പെടെയുള്ള എല്ലാ ചെക്‌പോസ്റ്റുകളിലും നിയന്ത്രണങ്ങൾ കർശനമാക്കി. വിവിധ സർക്കാർ വകുപ്പുകളും സ്വന്തം രീതിയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്. പാലക്കാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ആരേയും കടത്തി വിടില്ലെന്ന് ഡി.എഫ്.ഒ അറിയിച്ചു. ധോണി, മീൻവല്ലം, അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും തീരുമാനം ബാധകമാണ്. കെ.എസ്.ആർ.ടി.സി സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചു. ജില്ലയിൽ ഇനി ഇരുപത്തിയഞ്ചോളം സർവീസുകളേ ഉണ്ടാവുകയുള്ളൂ. പ്രധാന റൂട്ടുകളിൽ മാത്രം ഇടവിട്ട് സർവീസ് നടത്താനാണ് തീരുമാനമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.ഉബൈദ് അറിയിച്ചു. 

Latest News