Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാസർകോട്ട് നിയന്ത്രണങ്ങൾ ശക്തം, പരിശോധനക്ക് പോലീസ് മേധാവി ഇറങ്ങി

ഉപ്പളയിൽ വസ്ത്ര വ്യാപാരിക്കതിരെ കേസ്
കാസർകോട്-  ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ കാസർകോട് ജില്ലയിലും ആരംഭിച്ചു. നിയന്ത്രങ്ങൾ കാരണം വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. പഴം പച്ചക്കറി മാംസ കടകളും മാത്രമാണ് തുറന്നിട്ടുള്ളത്. കാസർകോട് നഗരത്തിൽ വാഹനങ്ങളും ആൾക്കൂട്ടവും കുറവാണ്. അതിർത്തികളിലും നഗര കവാടങ്ങളിലും പോലീസ് പരിശോധന നടത്തിയാണ് വാഹനങ്ങൾ വിടുന്നത്. ജില്ലാ പോലീസ് മേധാവി വി ബി രാജീവ് ഇന്നലെ വൈകിട്ട് നാല് മണിയോടെ ദേശീയ പാതയിലെ കറന്തക്കാട്ട് നേരിട്ട്എത്തി വാഹന പരിശോധന നടത്തുകയും യാത്രക്കാർക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു. കാസർകോട് ഡിവൈ.എസ്.പി പി. പി സദാനന്ദൻ, കാസർകോട് ടൗൺ സി.ഐ, എസ്.ഐ തുടങ്ങിയ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം. പൊതുഗതാഗതത്തിന് വിലക്കില്ലെങ്കിലും കാസർകോട് ജില്ല ഉൾപ്പെടെ എല്ലാ ഭാഗങ്ങളിലും മിക്ക സ്വകാര്യ ബസുകളും ഓട്ടം നിർത്തി. കെ.എസ്.ആർ.ടി.സി ബസുകളും ഏതാനും സ്വകാര്യ ബസുകളും ഓടുന്നുണ്ട്. അവശ്യ സർവീസുകൾ ഒഴികെയുള്ളവക്കെല്ലാം നിയന്ത്രണം ബാധകമാണ്. കാസർകോട് നഗര പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിലേക്കാൾ കൂടുതൽ സ്ഥലങ്ങളിൽ ബാരിക്കേഡ് വെച്ച് പോലീസ് പരിശോധന നടത്തിവരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവരെ മാത്രമാണ് പോകാൻ അനുവദിക്കുന്നത്. മെയ് 9 വരെയാണ് നിയന്ത്രണം ശക്തമാക്കിയത്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനും മറ്റുമായി സ്ത്രീകളടക്കമുള്ളവർ നഗരത്തിലെത്തുന്ന സമയത്ത് തന്നെയാണ് നിയന്ത്രണം വന്നത്. ഇത് വസ്ത്ര-ചെരിപ്പ് വ്യാപാരികളെ കടുത്ത നിരാശയിലാക്കി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കച്ചവടം ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ ഉണ്ടായിരുന്നത്. കോവിഡ് രണ്ടാം തരംഗം അതും തകർത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടംകൂടുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഉപ്പളയിലെ വസ്ത്ര സ്ഥാപന ഉടമക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഉപ്പള മലബാർ വെഡിംഗ് സെന്റർ ഉടമക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി കൂട്ടംകൂടുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമത്തിനു പുറമെ മറ്റു വകുപ്പുകൾ കൂടി ചേർത്ത് നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
നിയന്ത്രണം ലംഘിച്ച മടക്കര ഹാർബർ മാവിലാകടപ്പുറം എന്നിവിടങ്ങളിലും നിയമവിരുദ്ധമായി ആളുകൾ കൂട്ടംകൂടുന്നതായി കണ്ടെത്തി. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. നിയമ ലംഘനങ്ങൾ കണ്ടെത്താനും ബോധവത്കരണത്തിനും 50 പാരാലീഗൽ വളണ്ടിയർമാരെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

Latest News