Sorry, you need to enable JavaScript to visit this website.

തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സജ്ജമായി

കണ്ണൂർ- തലശ്ശേരി ജനറൽ ആശുപത്രിയിൽ 200 എൽ.പി.എം ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് പൂർണമായും പ്രവർത്തന സജ്ജമായി. 
കോവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കേ ഗുരുതര രോഗികളുടെ ചികിൽസയ്ക്ക് അനിവാര്യമായ ഓക്‌സിജന്റെ ലഭ്യത ഇനി പ്രശ്‌നമാവില്ല.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗ വേളയിലാണ് ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചത്. ആദ്യ ഘട്ടത്തിൽ ഐ.സി.യുവിൽ മാത്രമായിരുന്നു ഓക്‌സിജൻ നേരിട്ട് എത്തിച്ചിരുന്നത്. 
എന്നാൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഗുരുതര രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ചുവന്നതോടെ ഓക്‌സിജൻ പ്ലാന്റ് പൂർണതോതിൽ പ്രവർത്തന ക്ഷമമാക്കുകയായിരുന്നു. ആശുപത്രി വാർഡുകളിലെ എല്ലാ ബെഡുകളിലും ഓക്‌സിജൻ നേരിട്ട് എത്തിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
നിലവിൽ വാർഡിലെ 250 കിടക്കകൾക്ക് നേരിട്ട് പൈപ്പുകൾ വഴി ഓക്‌സിജൻ ലഭ്യമാക്കുന്നുണ്ട്. 200 ലിറ്റർ പെർ മിനിറ്റാണ് (എൽ.പി.എം) ഇവിടത്തെ ഓക്‌സിജൻ പ്ലാന്റിന്റെ ഉൽപാദന ശേഷി. അന്തരീക്ഷത്തിൽ നിന്ന് ശേഖരിച്ച് സംസ്‌കരിച്ച ശേഷം 98 ശതമാനം ശുദ്ധമായ ഓക്‌സിജനാണ് പ്ലാന്റിൽ നിന്ന് വിതരണം ചെയ്യുന്നത്. 
നിലവിൽ 30 ഓളം കോവിഡ് രോഗികൾക്ക് ഇവിടെ നിന്നും ഓക്‌സിജൻ  നൽകി വരുന്നുണ്ട്.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് എന്ന ആശയം ഉയർന്നുവന്നത്. കോവിഡ് ചികിൽസയ്ക്കായി ഓക്‌സിജൻ ആവശ്യമായി വരുന്ന സാഹചര്യം മുന്നിൽ കണ്ട് അഡ്വ. എ.എൻ.ഷംസീർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപയും ആശുപത്രി ഫണ്ടിൽ നിന്നുള്ള 17 ലക്ഷം രൂപയും ഉപയോഗിച്ചായിരുന്നു പ്ലാന്റ് നിർമാണം. 
ലോക്ഡൗൺ സമയത്ത് പ്രത്യേക അനുമതിയോടെ ഗുജറാത്തിൽ നിന്നുമാണ് പ്ലാന്റിനു വേണ്ട മെഷിനറികൾ എത്തിച്ചത്. കണ്ണൂർ ജില്ലയിൽ ഓക്‌സിജൻ പ്ലാന്റുള്ള ഏക ആശുപത്രി കൂടിയാണ് തലശ്ശേരി ജനറൽ ആശുപത്രിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവി പറഞ്ഞു. ജില്ലയിലെ മറ്റു സർക്കാർ സ്വകാര്യ ആശുപത്രികളിൽ പുറത്തുനിന്ന് ഓക്‌സിജൻ എത്തിക്കുകയാണ് ചെയ്യുന്നത്. അതിനിടെ, കണ്ണൂർ ജില്ലാ ആശുപത്രിയിൽ 1000 എൽപിഎം ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

Latest News