Sorry, you need to enable JavaScript to visit this website.

സൗദിയിലെ അഭയകേന്ദ്രത്തില്‍ അവിഹിത ഗര്‍ഭം അലസിപ്പിച്ച വിദേശ യുവതി അറസ്റ്റില്‍

മക്ക - സാമൂഹികകാര്യ വകുപ്പിനു കീഴിലെ അഭയകേന്ദ്രത്തില്‍ വെച്ച് ഗര്‍ഭഛിദ്രം നടത്തിയ ഇന്തോനേഷ്യക്കാരിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സ്വന്തം നാട്ടുകാരായ രണ്ട് സ്ത്രീകളുടെ സഹായത്തോടെയാണ് അവിഹിത ഗര്‍ഭം അലസിപ്പിച്ചത്. ആവശ്യമായ മരുന്ന് ലേഡി ഡോക്ടറാണ് ഇവര്‍ക്ക് നല്‍കിയത്.
അഭയകേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്ന സെക്യൂരി ജീവനക്കാരന്റെ ജാഗ്രതയാണ് കുറ്റകൃത്യം കണ്ടെത്താന്‍ സഹായിച്ചത്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലെ തറയില്‍ രക്തപ്പാടുകള്‍ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ഈ രക്തപ്പാടുകള്‍ പിന്തുടരുകയായിരുന്നു. കെട്ടിടത്തിനു പിന്‍വശത്തെ കുപ്പത്തൊട്ടി വരെ രക്തപ്പാടുകള്‍ കണ്ടെത്തി. കുപ്പത്തൊട്ടിക്കകത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കീസിനകത്ത് ആറു മാസത്തിനടുത്ത് പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെയും കാണാനായി.
ഉടന്‍ തന്നെ ഇതേ കുറിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ അഭയകേന്ദ്രം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഭയകേന്ദ്രത്തില്‍ വനിതകളുടെ ഭാഗം വരെ രക്തത്തുള്ളികള്‍ കണ്ടു. തുടര്‍ന്ന് നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ച് ഗര്‍ഭസ്ഥ ശിശുവിനെ സൂക്ഷിച്ച കീസ് കെട്ടിടത്തിനു പുറത്തേക്ക് കൊണ്ടുപോയ യുവതിയെ തിരിച്ചറിഞ്ഞു. അധികൃതര്‍ ഇവരെ ചോദ്യം ചെയ്യുകയും സംഭവത്തെ കുറിച്ച് സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയും ചെയ്തു.
യെമനി യുവാവില്‍ നിന്ന് അവിഹിത ഗര്‍ഭം ധരിച്ച യുവതി ലേഡി ഡോക്ടറില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നേടി അഭയ കേന്ദ്രത്തില്‍ വെച്ച് സ്വന്തം നാട്ടുകാരായ രണ്ടു യുവതികളുടെ സഹായത്തോടെ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഗര്‍ഭഛിദ്രം നടത്താന്‍ യുവതിയെ സഹായിച്ച മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അല്‍മന്‍സൂര്‍ പോലീസും പബ്ലിക് പ്രോസിക്യൂഷനും വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്.

 

Latest News