Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്ക്

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ കേരള ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി രചിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ മുന്നണി സംവിധാനത്തിൽ ഒരു സർക്കാർ തുടർ ഭരണം നേടിയിരിക്കുന്നു. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ വലിയ ഭൂരിപക്ഷത്തോടെയാണ് വീണ്ടും അധികാരത്തിലേക്ക് വരുന്നത്. എക്‌സിറ്റ് പോളുകളും ഇടതു പാർട്ടികളുടെ കണക്കുകൂട്ടലുകളുമെല്ലാം ശരിവെച്ചാണ് എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ആധിപത്യം നേടിയാണ് ഇടതു വിജയം. മലബാർ മേഖലയിലും ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായി. സർക്കാരിന്റെ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയനും കോവിഡ് പ്രതിരോധത്തിന്റെ അമരക്കാരിയായ ശൈലജ ടീച്ചർക്കും ലഭിച്ച വലിയ ഭൂരിപക്ഷം ജനവിധിയുടെ പ്രധാന ചൂണ്ടുപലകയാണ്. 
യു.ഡി.എഫിന്റെ കണക്കുകൂട്ടലുകളെ പാടെ ഞെട്ടിച്ച് ഇടതുമുന്നണിക്ക് മിന്നുന്ന വിജയം നേടാനുള്ള കാരണങ്ങൾ വിശകലനം ചെയ്യപ്പെടുന്നതേയുള്ളൂ. പ്രളയ-കോവിഡ് കാലങ്ങളിലെ കരുതലും കിറ്റുകളുടെ വിതരണവും സർക്കാരിന് ജനപ്രീതിയുണ്ടാക്കിയെന്നാണ്  ബാഹ്യമായ വിലയിരുത്തൽ. അതേസമയം, പ്രത്യേക ജനവിഭാഗങ്ങൾ തെരഞ്ഞെടുപ്പിൽ ഏത് രീതിയിൽ ചിന്തിച്ചുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്. പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ഇത്തവണ ഇടതുമുന്നണിക്ക് കാര്യമായി ലഭിച്ചുവെന്ന ഏറെക്കുറെ യാഥാർഥ്യമായൊരു വിലയിരുത്തലും ഇതോടൊപ്പം നടക്കുന്നുണ്ട്.
മലബാർ മേഖലയിൽ മുസ്‌ലിം വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമായെന്ന വിലയിരുത്തൽ ഏറെക്കകുറെ യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നതാണ്. സി.പി.എം സ്ഥാനാർഥികൾക്ക് ലഭിച്ച വിജയം യു.ഡി.എഫ് സ്ഥാനാർഥികളുടെ തോൽവി അല്ലെങ്കിൽ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് എന്നിവ ഈ വിലയിരുത്തലിനെ ശരിവെക്കുന്നതാണ്. മലബാറിൽ മലപ്പുറം ജില്ലയിൽ മാത്രമാണ് യു.ഡി.എഫിന് പിടിച്ചുനിൽക്കാനായത്. അതും മുസ്‌ലിം ലീഗിന്റെ കോട്ടകൾക്ക് വിള്ളലേൽക്കാത്തതു കൊണ്ട് മാത്രം. മലപ്പുറം ജില്ലക്ക് പുറത്ത് മുസ്‌ലിം ലീഗിനും തിരിച്ചടികളുണ്ടായെന്നതും യു.ഡി.എഫിനുണ്ടായ തകർച്ചയുമായി കൂട്ടിവായിക്കേണ്ടതാണ്.
ഏറെക്കാലമായി രാഷ്ട്രീയ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിൽക്കാത്തതോ ഏതെങ്കിലുമൊരു മുന്നണിയുമായി മമതയില്ലാത്തതോ ആയ ന്യൂനപക്ഷ വിഭാഗങ്ങൾ ഇത്തവണ ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. മുസ്‌ലിം ലീഗിന്റെ സംഘടനാ വോട്ടുകൾക്ക് പുറത്തുള്ള മുസ്‌ലിം വോട്ടുകൾ ഇടതിനൊപ്പം, കുറെ കൂടി വ്യക്തമായി പറഞ്ഞാൽ പിണറായി വിജയനൊപ്പം നിലയുറപ്പിച്ചെന്നാണ് മലബാറിലെ തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. ലീഗിന് പുറത്തുള്ള സുന്നി വോട്ടുകൾ, വെൽഫെയർ പാർട്ടിയുടെ കൈവശമുള്ള ജമാഅത്ത് വോട്ടുകൾ, എസ്.ഡി.പി.ഐയുടെ പിന്നിലുളള തീവ്രനിലപാടുള്ള വോട്ടുകൾ എന്നിവ ഇത്തവണ ഇടതുപക്ഷത്തിന് അനുകൂലമാവുകയോ നിഷ്പക്ഷമായോ നിലയുറപ്പിച്ചെന്ന് വേണം കരുതാൻ.
ന്യൂനപക്ഷങ്ങൾക്കടയിൽ യു.ഡി.എഫിനുണ്ടായിരുന്ന പിന്തുണ ഇത്തവണ കുറഞ്ഞെന്നാണ് മലബാർ മേഖലയിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും മുസ്ലിം സമുദായത്തെ ആശങ്കയിലാക്കുകയും ചെയ്ത പൗരത്വ ഭേദഗതി നിയമം വന്നപ്പോൾ ഇടതുമുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച നിലപാടുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ഏറെ മതിപ്പുളവാക്കിയിരുന്നു. ദേശീയ പൗരത്വം നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണമായും വിശ്വസിച്ചവരാണ് മുസ്ലിം സമുദായാംഗങ്ങൾ. 
പൗരത്വ പ്രക്ഷോഭങ്ങൾക്കുളള അവസരം മറ്റാർക്കും വിട്ടുകൊടുക്കാതെ സ്വന്തം കൈപ്പിടിയിലൊതുക്കി ന്യൂനപക്ഷ സംരക്ഷകരെന്ന വിശ്വാസം നേടിയെടുക്കാൻ ഇടതുമുന്നണിക്കായി. മുസ്ലിം ലീഗിനൊപ്പം നിലകൊള്ളുന്ന ഇ.കെ വിഭാഗം സുന്നി നേതാക്കളെ പോലും പ്രക്ഷോഭ വേദികളിലെത്തിക്കാൻ കഴിഞ്ഞത് ഇടതുമുന്നണിയുടെ നേട്ടമാണ്. അധികാരം കൈയിലുള്ളവർക്ക് മാത്രമേ കേന്ദ്ര നിലപാടുകൾക്കെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയൂവെന്ന ധാരണ പൗരത്വ വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തവുമായിരുന്നു. ഈ ധാരണയെ മുതലെടുക്കാൻ ഇടതുമുന്നണിക്ക് കഴിയുകയും ചെയ്തു. 
പൗരത്വം നിയമത്തെ കുറിച്ചുള്ള ഭീതി ന്യൂനപക്ഷ മനസ്സുകളിൽ കുറച്ചു കൊണ്ടുവരാൻ മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും നിലപാടുകൾക്ക് ഒരു പരിധി വരെ കഴിഞ്ഞു. ഇതിന് ശേഷം ആദ്യമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന നിലയിൽ ഇത്തവണ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇടതുമുന്നണിക്ക് എളുപ്പമാക്കി. പൗരത്വ നിയമ ഭീഷണി ഇന്ത്യയിൽ നിന്ന് വിട്ടുമാറിയിട്ടില്ലാത്ത സാഹചര്യത്തിൽ ഉറപ്പും സംരക്ഷണവും നൽകുന്ന സർക്കാർ തന്നെ വീണ്ടും വരണമെന്ന പ്രതീക്ഷ ന്യൂനപക്ഷ മനസ്സുകളിൽ നിലനിൽക്കുകയാണ്. 
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇത്തരം വിഷയങ്ങളിൽ എന്ത് നിലപാടും പ്രവർത്തനവുമാണ് നടത്തുകയെന്നത് ചിന്തിക്കാൻ പോലും ന്യൂനപക്ഷങ്ങൾ തയാറായിട്ടില്ല. കോൺഗ്രസ് നിൽക്കുന്നത് ഹൈന്ദവ വർഗീയതക്കൊപ്പമാണെന്ന ഇടതു പ്രചരണം വലിയൊരളവിൽ യു.ഡി.എഫിന് ന്യൂനപക്ഷങ്ങൾക്കിടയിൽ പിന്തുണ കുറക്കുന്നതിനും കാരണമായി.
മുസ്ലിം ലീഗ് ഈ തെരഞ്ഞെടുപ്പിലെടുത്ത നിലപാടുകളും മലബാർ മേഖലയിൽ അവർക്കുള്ള ജനപിന്തുണ കുറക്കാൻ കാരണമായി. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി ഇതിൽ പ്രധാനമാണ്. കേരളത്തിൽ വീണ്ടും അധികാരം ലഭിക്കുമെന്ന കണക്കുകൂട്ടലിൽ എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം വ്യാപകമായ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സജീവ പാർട്ടി പ്രവർത്തകർ വിശ്വസിച്ചു. എന്നാൽ അധികാരക്കൊതി മാത്രമാണ് ആ തീരുമാനത്തിന് പിന്നിലെന്ന് വിശ്വസിക്കുന്ന നിരവധി പാർട്ടി അനുഭാവികളുണ്ട്. 
സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അപാകതകളും മുസ്്ലിം ലീഗിന്റെ വോട്ട് ബാങ്കുകളിൽ ചെറിയ തോതിലെങ്കിലും വിള്ളലുണ്ടാക്കി. പാർട്ടി അണികൾക്കിടയിൽ പിന്തുണ കുറവുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന് സീറ്റ് നൽകിയത് എതിർപ്പിന് കാരണമായിരുന്നു. വിമത ശബ്ദങ്ങളെ ഒതുക്കാൻ മുസ്്ലിം ലീഗ് നേതൃത്വത്തിന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം തന്നെ വിമതപക്ഷത്തിന് നൽകേണ്ടി വന്നു. നേതൃത്വത്തിന്റെ നയനിലപാടുകൾക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പ്രവർത്തകരിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾ ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
മാറിവരുന്ന കാലത്തിനും രാഷ്ട്രീയ സാഹചര്യങ്ങൾക്കുമനുസരിച്ച് പൊതുപ്രവർത്തനത്തിന്റെ കാഴ്ചപ്പാടുകളിൽ വരുത്തുന്ന മാറ്റങ്ങൾ സുപ്രധാനമാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നുണ്ട്. അന്ധമായ രാഷ്ട്രീയ നിലപാടുകളോ പാർട്ടി പ്രേമമോ വെച്ച് മാത്രം വോട്ട് ചെയ്യുന്ന തലമുറ അസ്തമിക്കുകയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അരക്ഷിതാവസ്ഥയുടെ സാഹചര്യങ്ങളിൽ കൂടെ നിൽക്കാനും സംരക്ഷകരെന്ന് തോന്നിപ്പിക്കാനും കഴിയുകയെന്നത് ഭരണകൂടങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മികവിന്റെ അടയാളങ്ങളാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ ആ വിശ്വാസം വളർത്തിയെടുക്കാൻ കഴിഞ്ഞത് ഈ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടാൻ ഇടതുമുന്നണിയെ സഹായിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്.
 

Latest News