Sorry, you need to enable JavaScript to visit this website.

അഭിജാത രാഷ്ട്രീയത്തിന്റെ അവസാന വാക്ക്‌

ഖദർ കുപ്പായക്കീശയിൽ ഒരു കെട്ട് ചുളിയാത്ത   നൂറ് രൂപ നോട്ട് കിടന്നു തിളങ്ങുന്നു. പ്രസംഗത്തിന്റെ ഭാവമാറ്റത്തിനനുസരിച്ച് കോളർ പിന്നിലേക്ക് മാറ്റുന്ന മാനറിസം.  ജന്മം  കൊണ്ട് തന്നെ പ്രമാണിയായ ബാലകൃഷ്ണപിള്ളക്ക് അത് പ്രദർശിപ്പിക്കുന്നതിൽ അനൗചിത്യം തോന്നേണ്ടതില്ല. താനൊരു പ്രമാണിയാണെന്ന് പറയാനും അങ്ങനെ ആളുകൾ പറയുന്നത് കേൾക്കാനും അദ്ദേഹത്തെ പോലുള്ളവർ  ഇഷ്ടപ്പെട്ടിട്ടുണ്ടാകാം.

കോഴിക്കോട്ട് നടന്ന കേരള സ്‌കൂൾ യുവജനോത്സവ വേദിയിലാണ് ആർ. ബാലകൃഷ്ണപിള്ളയെ ആദ്യമായി  നേരിട്ട് കാണുന്നത്. ഇന്നത്തെ പോലെ ദൃശ്യമാധ്യമങ്ങളില്ലാത്ത ആ കാലത്ത് അത്തരം കാഴ്ചക്ക്  വലിയ പ്രസക്തിയുണ്ട്. ഇന്ന് ലോക നേതാക്കളെ പോലും എല്ലാ മനുഷ്യരും സദാ സമയം കൂടെയിരുത്തി കാണുകയും കേൾക്കുകയും ചെയ്യുന്ന സൗഭാഗ്യ കാലമാണ്. 
എഴുപതുകളുടെ ആദ്യ പാതി കഴിഞ്ഞായിരുന്നു  ഈ പറഞ്ഞ  കാഴ്ച .  തളിയിലെ  സ്‌കൂൾ യുവജനോത്സവ പന്തലിലെ വേദിയിൽ മഹാകവി ജി. ശങ്കരക്കുറുപ്പിനൊപ്പം ആ ആഢ്യ വ്യക്തിത്വം തിളങ്ങി വിളങ്ങിയങ്ങനെ ഇരിക്കുന്നു. അന്നദ്ദേഹം മന്ത്രിയായിരുന്നു. യുവജനോത്സവ റിപ്പോർട്ടിഗുമായി ബന്ധപ്പെട്ടുള്ള സാധാരണ അനുഭവത്തിനപ്പുറമായിരുന്നു ആ കാഴ്ചയുടെ ഓർമ. രണ്ടു പേർക്കും തൂവെള്ള വസ്ത്രം. ഞാനോ നീയോ എന്ന മട്ടിലുള്ള വ്യക്തിത്വം. മഹാകവി ജി. ആയിരുന്നോ ആർ. ബാലകൃഷ്ണപിള്ളയായിരുന്നോ ആദ്യം പ്രസംഗിച്ചതെന്നോർമയില്ല. ഒന്ന് ഉറപ്പായും ഓർക്കുന്നു - മലയാളത്തിന്റെ മഹാകവിക്കൊപ്പം തന്നെയായിരുന്നു  ബാലകൃഷ്ണപിള്ളയുടെയും പ്രസംഗ ഗരിമ. വ്യക്തി ഗരിമയും അങ്ങനെ തന്നെയെന്ന് പ്രത്യേകം പറയേണ്ടതില്ല.   നോട്ട് എന്ന് പറഞ്ഞാൽ അക്കാലത്ത് നൂറ് രൂപ നോട്ടാണ്. ഒരു നോട്ട് കിട്ടി എന്നൊക്കെ സാധാരണ മനുഷ്യർ ആഹഌദം പറയുന്ന കാലം. അതെ ലക്ഷം രൂപ കൈയിലുള്ളവർ ലക്ഷാധിപതിയാവുന്ന നാളുകൾ.   ഖദർ കുപ്പായ കീശയിൽ ഒരു കെട്ട് ചുളിയാത്ത   നൂറ് രൂപ നോട്ട് കിടന്നു തിളങ്ങുന്നു. പ്രസംഗത്തിന്റെ ഭാവമാറ്റത്തിനനുസരിച്ച് കോളർ പിന്നിലേക്ക് മാറ്റുന്ന മാനറിസം.  ജൻമം കൊണ്ട് തന്നെ പ്രമാണിയായ ബാലകൃഷ്ണപിള്ളക്ക് അത് പ്രദർശിപ്പിക്കുന്നതിൽ അനൗചിത്യം തോന്നേണ്ടതില്ല.  താനൊരു പ്രമാണിയാണെന്ന് പറയാനും അങ്ങനെ ആളുകൾ പറയുന്നത് കേൾക്കാനും അദ്ദേഹത്തെ പോലുള്ളവർ  ഇഷ്ടപ്പെട്ടിട്ടുണ്ടാകാം.   പ്രമാണിയായി ജനിച്ചു പോയത് തന്റെ കുറ്റമാണോ എന്ന മട്ടും ഭാവവും കീഴൂട്ട് രാമൻ പിള്ള മകൻ ബാലകൃഷ്ണപിള്ളയുടെ കൂടപ്പിറപ്പായി എപ്പോഴും കൂടെയുണ്ടായിരുന്നു. നോട്ടിന്റെയും കുപ്പായത്തിന്റെയും തിളക്കവും ആഢ്യത്വവുമല്ല വിഷയം.  വാക്കുകളുടെ തിളക്കവും മുഴക്കവുമാണ്. നോട്ടുകെട്ടും വെളുത്ത കുപ്പായവുമൊക്കെ ഏത് കീഴൂട്ട് രാമൻ പിള്ളയുടെ മകനും അല്ലാത്തവർക്കും കിട്ടും. പക്ഷേ വാക്കുകൾ.... ജിക്ക് സമാനം അദ്ദേഹത്തിൽ നിന്ന് നിർഗളിച്ച വാക് പ്രവാഹം ഇതെഴുതുന്നയാൾക്ക് ഒരു വല്ലാത്ത അടയാളപ്പെടലായിരുന്നു. അക്ഷര രാജാവായ ജി പ്രസംഗിച്ച വേദിയിലൊക്കെ തിളങ്ങുകയെന്നാൽ അപൂർവം വ്യക്തികൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.  പിന്നീട് തൊഴിൽ ജീവിതത്തിലും അല്ലാതെയും  അദ്ദേഹത്തിന്റെ എത്രയെത്ര  പ്രസംഗങ്ങൾ കേട്ടിരിക്കുന്നു. എത്രയെത്ര തവണ കണ്ടിരിക്കുന്നു. വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ  സമരായുധം.    വാക്കാണ് തങ്ങളുടെ  സമരായുധം  എന്ന് ധൈര്യപ്പെടാൻ കെൽപുള്ള നേതൃ നിരയുടെ കാലവുമായിരുന്നു അത്. വാക് പ്രയോഗത്തിന്റെ അപകടത്തിൽ പെട്ടുപോയ അനുഭവവും അദ്ദേഹത്തിനുണ്ട്. അവയിലൊന്നായിരുന്നു വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം.
കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. ഭൂട്ടാസിംഗിന് പോലും കടന്നുചെല്ലാൻ വയ്യാത്ത പഞ്ചാബ്. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിനിറങ്ങണം.' 1985 ൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരള കോൺഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിൽ ആർ. ബാലകൃഷ്ണ പിളള നടത്തിയ ഈ പ്രസംഗമാണ് പിന്നീട് പഞ്ചാബ് മോഡൽ പ്രസംഗമെന്ന് പേരിൽ വിവാദമായത്. പ്രതിഷേധം കലാപാഹ്വാനത്തോളം എത്തിയതോടെ പ്രസംഗ വിവാദം കത്തിപ്പടർന്നു. കെ. കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണ പിളളയ്ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. 
ലോക കഌസിക്കുകളിലെ വരികളും വാചകങ്ങളുമെല്ലാം ബാലകൃഷ്ണപിള്ളക്ക് കാണാപ്പാഠമായിരുന്നു. നല്ല നിലക്കുള്ള വിദ്യാഭ്യാസം ലഭിച്ച  തലമുറയുടെ പ്രതിനിധി. നിയമസഭയിലായാലും പുറത്തായാലും പ്രസംഗം  ആ തലമുറക്ക് ആരും എഴുതി പഠിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. വാക്കുകളും വാചകങ്ങളും അവരുടെ മുന്നിൽ എന്നെ ഉപയോഗിക്കൂ,  എന്നെ ഉപയോഗിക്കൂ.. എന്ന മട്ടിൽ വരി നിന്നു. അതു കാരണം അവരെ വീഴ്ത്താൻ പലർക്കും കഴിഞ്ഞു. 
പക്ഷേ തോൽപിക്കാനായില്ല. വാക്ശരമേൽപിച്ച് എതിരാളികൾക്കെതിരെ അവർ ജനഹൃദയങ്ങളിലേക്ക് കയറിച്ചെന്ന് കുടിപാർത്തു.  നിർഭാഗ്യകരമായ സാഹചര്യത്തിൽ ഒരു ഘട്ടത്തിൽ ജയിലിൽ പോകേണ്ടി വന്നപ്പോൾ ആത്മകഥ കേട്ടെഴുതാൻ ചെന്നയാൾക്ക് മുന്നിൽ  അദ്ദേഹം മനസ്സിൽ പഠിച്ചു പതിഞ്ഞ ലോക കഌസിക്കുകളുടെ കെട്ടഴിച്ചു. (ഈ പറഞ്ഞ  ആത്മകഥ പുസ്തകത്തിന്റെ പേര് കിടന്ന ജയിൽ മുറിയുടെ നമ്പർ-5990)  ഇക്കാലത്തെ രാഷ്ട്രീയ നേതാക്കൾക്ക് സാധിക്കാത്ത കാര്യം. ഇന്നതിന്റെയൊന്നും ആവശ്യമില്ലെന്നതൊക്കെ വ്യഥാ വാദമല്ലാതെ മറ്റൊന്നുമല്ല. വായനയുടെ വളക്കൂറുള്ള മണ്ണിലേ വാക്കിന്റെ നാമ്പുകൾ മുളപൊട്ടുകയുള്ളൂ. അതില്ലെങ്കിൽ പ്രസംഗങ്ങളും നിലപാടുകളും വല്ലാതെ വരണ്ടുപോകും. ശൈലീ മനോഹരമായി നിയമസഭാ അവലോകനമെഴുതുന്ന കെ.ആർ. ചുമ്മാറിനോട് ഇതെഴുതുന്നയാൾ ഒരു ദിവസം മടിച്ചു മടിച്ചു ഇതെങ്ങനെ എന്ന് വിനയാന്വിതനായപ്പോൾ തിരിച്ചൊരു  ചോദ്യമായിരുന്നു ഉത്തരം- എത്ര മലയാള കവിതകൾ കാണാതെ അറിയാം എന്നതായിരുന്നു ആ ചോദ്യം. കാലം കഴിയുന്തോറും ഒരിക്കലും ഉത്തരം കിട്ടാതായിക്കൊണ്ടിരിക്കുന്ന ചോദ്യവും ഉത്തരവുമായിരിക്കാം ഇത്. സാങ്കേതികതയുടെ മട്ടിൽ എല്ലാം വാർത്തെടുക്കുന്നവർക്കെന്ത് കവിത, എന്ത് കഥ എന്നൊക്കെ കൈമലർത്താമെങ്കിലും മുന്നിൽ നടക്കുന്നത് വാക്കുള്ളവർ തന്നെയായിരിക്കും. അത് ബാലകൃഷ്ണപിള്ളയുടെ തലമുറക്ക് മാത്രമല്ല, വരാനിരിക്കുന്ന തലമുറകളുടെയും സാധ്യത തന്നെയാണ്. 
ബാലകൃഷ്ണപിള്ളയുടെ തലമുറക്ക് ലഭിച്ച മറ്റൊരു സൗഭാഗ്യം അവർക്ക് കിട്ടിയ ഗുണനിലവാരമുള്ള വിദ്യാഭ്യാസമായിരുന്നുവെന്നതും കാണേണ്ടതുണ്ട്. സെക്രട്ടറിമാരുടെയും സഹായികളുടെയും മുഴുനീള പിൻബലമില്ലാതെ അവർക്ക്  സ്വന്തമായും ഭരണ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതിന് കാരണങ്ങളിലൊന്നിതാണ്. ഒരൊറ്റ കൊടി കെട്ടിയ  ഐ.എ.എസുകാരനും അവരുടെ തലയിൽ കയറി മേഞ്ഞില്ല.  അല്ല, മേയാൻ കഴിയില്ല.
 വലിയ കഴിവും പ്രാപ്തിയുമെല്ലാമുള്ള ചില നേതാക്കളുണ്ട്. അവർ ചെന്നുപെട്ട പാർട്ടി ചെറുതായിപ്പോയാൽ വളർച്ച സാധ്യതയെ അത് വല്ലാതെ ബാധിക്കും. കെ.എം.  മാണിയും ആർ. ബാലകൃഷ്ണപിള്ളയുമൊക്കെ ഉദാഹരണം. കെ.എം. മാണി കോൺഗ്രസിലോ മറ്റു ദേശീയ പാർട്ടികളിലോ ആയിരുന്നുവെങ്കിൽ എത്തുമായിരുന്ന ഉയരം എത്രയോ വലുതാകുമായിരുന്നു. ആ ഗണത്തിൽ തന്നെയായിരുന്നു പിള്ളയും. നയം, വിനയം  ഇതൊക്കെ പഠിച്ച് അളന്ന് മുറിച്ച് ജീവിക്കാനറിയാതിരുന്ന ഒരാൾ. പഴയ നിയമ സഭയുടെ വിശ്രമ മുറിയിൽ ഇടവേളകളിൽ വന്നിരിക്കുന്ന പിള്ളയുടെ സമീപമിരിക്കുന്ന പത്രക്കാരോടൊക്കെ ആരെന്നും എന്തെന്നും നോക്കാതെ ദീർഘം ദീർഘം വർത്തമാനം പറഞ്ഞ നാട്ടുകാരണവർ.
'ഏറെ തെറ്റിദ്ധരിക്കപ്പെട്ട പൊതുപ്രവർത്തകനാണ് താൻ, രാഷ്ട്രീയ ശത്രുക്കളുടെ നിറംപിടിപ്പിച്ച നുണക്കഥകളാൽ വലഞ്ഞവൻ...; മുകളിൽ പരാമർശിച്ച ആത്മകഥയിലെ വരികളാണിത്. ചുറ്റും നിന്ന് ആളുകൾ കല്ലെറിയുമ്പോഴും അദ്ദേഹം ചങ്കൂറ്റത്തോടെ ഗജവീരനായി.  
1947 ൽ വാളകം ഹൈസ്‌കൂളിൽ നാലാം ഫോറത്തിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്‌സ് യൂനിയനിലേക്കുള്ള മെമ്പർഷിപ്പ് കൊടുത്തത്  പി.കെ. വാസുദേവൻ നായരായിരുന്നു. ആ  നാല് ചക്രത്തിന്റെ അംഗത്വത്തിൽ തുടങ്ങിയ ആ രാഷ്ട്രീയ ജീവിതം   യൗവനത്തിൽ  തന്നെ കോൺഗ്രസിലേക്ക് വഴി മാറിയിരുന്നു. അപ്പോഴൊക്കെ അദ്ദേഹത്തെ  ഉള്ളിൽ നയിച്ച  ഒരു ആഢ്യബോധമുണ്ടായിരുന്നു.  'കീഴൂട്ട് ഒരു കുഞ്ഞു മരിച്ചാൽ അതിനെ അടക്കണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണമെന്ന്' വാളകത്ത് വീട്ടുമുറ്റത്തുനിന്ന് കെ.ആർ. ഗൗരിയമ്മ പ്രസംഗിച്ചത് പിള്ളയുടെ മനസ്സിൽ കനലായി  കിടന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രം കേരളത്തിന് പറഞ്ഞു തരുന്നു. 
അങ്ങനെയാകാം അദ്ദേഹം നായർ ജാത്യാഭിമാനത്തിന്റെ തേരാളിയായ മന്നത്ത് പദ്മനാഭന്റെ ആശീർവാദത്തോടെ സമുദായ പ്രവർത്തനത്തിനും ഇറങ്ങിയത്. താൻ ജനിച്ച സമുദായത്തെ ചവിട്ടിമെതിക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച നിലപാട്.  ഇതേ മനുഷ്യൻ തന്നെ ഒരു ഘട്ടത്തിൽ സെക്രട്ടറിയേറ്റ് നടയിൽ വന്നു നിന്ന് അബ്ദുന്നാസർ മഅ്ദനിക്കെതിരെ നായനാർ സർക്കാർ കാണിച്ച അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്നതും കേരളം കേട്ടു. 
1960 ൽ പത്തനാപുരത്ത് അധ്യാപകനായ എൻ. രാജഗോപാലൻ നായർക്കെതിരേ കന്നിയങ്കത്തിനിറങ്ങുമ്പോൾ അനാഗത ശ്മശ്രു -മീശമുളയ്ക്കാത്തവൻ- എന്ന അലങ്കാര പ്രയോഗം  കമ്യൂണിസ്റ്റ് നേതാവ് പി.ടി. പുന്നൂസായിരുന്നു പിള്ളക്ക് നൽകിയത്.    കേരള നിയമസഭയിലെ  പ്രായം കുറഞ്ഞ അംഗങ്ങളായി പിന്നീടും ഒരുപാട് പേർ  ജയിച്ചുകയറി വരുന്നുണ്ടെങ്കിലും പിള്ളയിൽ പതിഞ്ഞുപോയ  'അനാഗത ശ്മശ്രു'  എത്രയോ കാലമായി  മായാതെ കിടക്കുന്നു.  പിള്ളയുടെ രാഷ്ട്രീയ മുന്നേറ്റം കേരള രാഷ്ട്രീയത്തിന്റെ ഭാഗമാണ്.  1960, 65, 77, 80, 82, 87, 91, 96, 2001 വർഷങ്ങളിൽ നിയമസഭയിലേക്കും 1971 ൽ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ട്രാൻസ്‌പോർട്ട്, എക്‌സൈസ്, ജയിൽ, വൈദ്യുതി വകുപ്പുകളുടെ മന്ത്രിയായി. ജയിലിൽ കിടന്നപ്പോൾ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ ജയിൽ പരിഷ്‌കാരങ്ങൾ വരുത്തി. ജയിലിലെ ഗോതമ്പുണ്ട നിർത്തിയതും  ജയിൽ പുള്ളികൾക്ക് കോയിൻ ബൂത്തിൽ നിന്ന് ഫോൺ വിളിക്കാൻ അവസരമുണ്ടാക്കിയതുമൊക്കെ താനാണെന്ന് ഏറ്റവും അവസാനത്തെ വിവാദമായ ജയിൽ വാസത്തിന് ശേഷം അദ്ദേഹം ഒരഭിമുഖത്തിൽ പറയുകയുണ്ടായി. 
കേരള കോൺഗ്രസിന്റെയും കേരളത്തിലെ യു.ഡി.എഫിന്റെയും സ്ഥാപക നേതാവായിരുന്നു പിള്ളയെന്ന് ഇന്നാരും ഓർക്കാറില്ല. 1980-81 ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന പിള്ള, തുടർന്നുവന്ന കരുണാകരൻ മന്ത്രിസഭയിലും വൈദ്യുതി മന്ത്രിയായിരുന്നു. ഇടുക്കി രണ്ടാംഘട്ടം, ലോവർ പെരിയാർ, ഇടമലയാർ, കക്കാട്, കുറ്റിയാടി, അഴുത, നാരകക്കാനം തുടങ്ങി ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ യാഥാർഥ്യമായ കാലമായിരുന്നു ഇത്.  ഇതിൽ ഇടമലയാർ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ തീരാകളങ്കമായിപ്പോയി. നാടിനെ സേവിച്ചതിന് രാഷ്ട്രീയ ശത്രുക്കൾ  തനിക്ക് വാങ്ങിനൽകിയത് ജയിൽ ജീവിതമാണെന്ന് പിള്ള ഇതേക്കുറിച്ച് സ്ഥിരമായി പരിതപിച്ചിരുന്നു. 
കേരളത്തിൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത രാഷ്ട്രീയ - പൊതു ജീവിതത്തിനുടമയായിരുന്നു ബാലകൃഷ്ണപിള്ള. 
കേരള രാഷ്ട്രീയത്തിന്റെ തറവാട്ട് മുറ്റത്ത് കാലു നീട്ടിയിരുന്ന് ആരെയും കൂസാതെ വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന  ഒരു കാരണവരാണ് ഈ മഹാമാരിക്കാലത്ത് തിരിച്ചുപോയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ അതിന്റെ എല്ലാ സമഗ്രതയോടെയും ഉയർന്നു നിന്ന മഹാവ്യക്തിത്വത്തിന്റെ തിരോധാനം.
 

Latest News