Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിദേശികൾക്കുള്ള ഇൻഷുറൻസ് പോളിസിയിൽ പരിഷ്‌കാരം

  • കോവിഡ് ചികിത്സയും ഉൾപ്പെടുത്തി 

റിയാദ് - ടൂറിസം, സന്ദർശനം, ഉംറ ആവശ്യാർഥം വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന സ്വദേശികളല്ലാത്തവർക്കുള്ള നിർബന്ധിത ഇൻഷുറൻസ് പോളിസി പരിഷ്‌കരിച്ചതായി സൗദി സെൻട്രൽ ബാങ്കും കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസും അറിയിച്ചു. കൊറോണക്കുള്ള ചികിത്സ കൂടി ഉൾപ്പെടുത്തിയാണ് പോളിസി പരിഷ്‌കരിച്ചിരിക്കുന്നത്. ടൂറിസം, സിയാറത്ത്, ഉംറ എന്നിവക്കായി രാജ്യത്ത് എത്തുന്നവർക്ക് കൊറോണ വൈറസ് ബാധിക്കുന്ന പക്ഷം ആരോഗ്യ പരിരക്ഷ നൽകാനാണ് പുതിയ കവറേജ് ഏർപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്. 

എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനും ചികിത്സാ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനും ആഗ്രഹിച്ചാണിത്. പുതിയ കവറേജ് പ്രകാരം കൊറോണ ബാധിതരുടെ ചികിത്സ, ക്വാറന്റൈൻ ചെലവുകൾ, അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ ഇവാക്വേഷൻ എന്നീ ചെലവുകളെല്ലാം ഇൻഷുറൻസ് കമ്പനികൾ വഹിക്കും. 
അതേസമയം, വിദേശ യാത്ര നടത്തുന്ന സൗദി പൗരന്മാർക്ക് നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് ബാധകമാക്കുമെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. വിദേശങ്ങളിൽ വെച്ച് കൊറോണ ബാധിക്കുന്ന പക്ഷം മതിയായ ചികിത്സയും ആരോഗ്യ പരിചരണങ്ങളും വേഗത്തിൽ ഉറപ്പു വരുത്തുന്നതിന് 375 റിയാലിന്റെ (100 ഡോളർ) ഇൻഷുറൻസ് ആണ് നിർബന്ധമാക്കുക. പരമാവധി 90 ദിവസം വരെ നീളുന്ന സൗദി പൗരന്മാരുടെ ഒരു യാത്രയിൽ വിദേശ ഗവൺമെന്റുകൾ ബാധകമാക്കുന്ന മുൻകരുതൽ നടപടികൾ, ക്വാറന്റൈൻ, ഭക്ഷണം, മെഡിക്കൽ ഇവാക്വേഷൻ, മയ്യിത്തുകൾ സൗദിയിൽ തിരിച്ചെത്തിക്കൽ എന്നിവക്കുള്ള ചെലവുകളെല്ലാം ഇൻഷുറൻസ് പോളിസി പ്രകാരം ഇൻഷുറൻസ് കമ്പനികൾ വഹിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 

സൗദിയിലെ അഭയകേന്ദ്രത്തില്‍ അവിഹിത ഗര്‍ഭം അലസിപ്പിച്ച വിദേശ യുവതി അറസ്റ്റില്‍

Tags

Latest News