Sorry, you need to enable JavaScript to visit this website.

വിനയാന്വിതരാവുക, ഈ ജനവിധിക്ക് മുന്നിൽ

ചരിത്രപ്രധാനമായ ഈ രാഷ്ട്രീയ മുഹൂർത്തത്തിൽ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്തമാണ് കേരള ജനത സി.പി.എമ്മിനു നൽകിയിട്ടുള്ളത്. അതു നിറവേറ്റാൻ പാർട്ടിക്കാവുമോ എന്നതാണ് കാതലായ ചോദ്യം. ആകണമെങ്കിൽ സ്വയം പരിവർത്തനത്തിനു പാർട്ടി തയാറാകണം. അതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളാണ് മുന്നോട്ടു വെച്ചത്. കാലത്തിന്റെ ഈ ആവശ്യത്തിനു ചെവികൊടുക്കാൻ പാർട്ടി തയാറാകുമെന്നു തന്നെ പ്രതീക്ഷിക്കാം.


വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുകയാണ്. ഭരണത്തുടർച്ച, ഉറപ്പാണ് എൽ.ഡി.എഫ് എന്ന മുദ്രാക്യങ്ങൾ അക്ഷരംപ്രതി ശരിയായിരിക്കുന്നു. ഏറെക്കുറെ മുഴുവൻ രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിച്ചിരുന്ന ഒന്നാണ് ഈ വിജയമെന്നതിനാൽ വീണ്ടുമതിന്റെ കാരണങ്ങൾ വിശകലനം ചെയ്യുന്നതിൽ വലിയ കാര്യമില്ല. അതിലേക്കു കടക്കുന്നുമില്ല. മറിച്ച് കേരളം ഏൽപിച്ചിരിക്കുന്ന ഈ വലിയ വിശ്വാസവും ഉത്തരവാദിത്തവും എങ്ങനെയാണ് സി.പി.എം നിർവഹിക്കാൻ പോകുന്നതെന്ന ഒരു രാഷ്ട്രീയ പരിശോധനയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 

 

തീർച്ചയായും ജനാധിപത്യ പ്രക്രിയയിലൂടെ തന്നെയാണ് സി.പി.എമ്മും എൽ.ഡി.എഫും അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാൽ ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്രയും കാലം പങ്കെടുത്തിട്ടും ഒരു ജനാധിപത്യ പാർട്ടിയാകാൻ അതിനായിട്ടുണ്ടോ. ആശയപരമായും പ്രായോഗികമായും ആയിട്ടില്ല എന്നു തന്നെയാണ് മറുപടി. ഉദാഹരണത്തിനു പാർട്ടിയുടെ ഭരണഘടന തന്നെ പരിശോധിക്കൂ. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ വിപ്ലവ മുന്നണിപ്പടയാണ് പാർട്ടിയെന്നും തൊഴിലാളി വർഗ സർവാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും അത് കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. ഇതിന്റെ അർത്ഥം വളരെ വ്യക്തമാണല്ലോ. കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്ത് വലിയൊരു ഭാഗത്തു അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെല്ലാം ജനാധിപത്യ വിരുദ്ധമായിരുന്നു. ഒരിടത്തും ജനാധിപത്യ പ്രക്രിയയുണ്ടായിരുന്നില്ല. പലയിടത്തും കുടുംബ വാഴ്ച പോലുമായിരുന്നു.  എതിരാളികളെ മാത്രമല്ല, പാർട്ടിയിലെ തന്നെ വ്യത്യസ്ത അഭിപ്രായം പറഞ്ഞിരുന്ന ഉന്നതരെ പോലും ശാരീരികമായി ഉന്മൂലനം ചെയ്തു. അതുകൊണ്ടൊക്കെ തന്നെയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ഈ രാഷ്ട്രങ്ങളിലെല്ലാം നടന്നത് ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളായത്. അവയെ എത്ര ഭയാനകമായായിരുന്നു ഭരണകൂടങ്ങൾ നേരിട്ടതെന്നതിന് ടിയാനെൻമെൻ സ്‌ക്വയർ സാക്ഷി. എന്നിട്ടും ആ പോരാട്ടങ്ങൾക്കു മുന്നിൽ കമ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണകൂടങ്ങളെല്ലാം തകർന്നു വീഴുകയായിരുന്നു. ലോകം ഇന്നോളം സാക്ഷ്യം വഹിച്ച രാജഭരണം, ഫ്യൂഡലിസം, മതരാഷ്ട്രം, ജനാധിപത്യം, കമ്യൂണിസം എന്നിവയിലെല്ലാം താരതമ്യേന പുരോഗമനപരം ജനാധിപത്യമാണെന്നും അതിനെ കൂടുതൽ കരുത്തുള്ളതാക്കുക എന്നതാണ് മാനവ രാശിയുടെ സമകാലിക കടമയെന്നുമുള്ള സന്ദേശമാണ് ആ പോരാട്ടങ്ങൾ നൽകിയത്. ലോകത്തെ പല രാഷ്ട്രങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാർട്ടികൾ ആ സന്ദേശം മനസ്സിലാക്കി സ്വയം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളായി മാറാൻ തയാറായി. 


ഇന്ത്യ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമല്ലാത്തതിനാലും രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുള്ളതിനാലും അതൊന്നും കാര്യമായി ബാധിച്ചില്ല എന്നു മാത്രം. തങ്ങളുടെ ലക്ഷ്യവും മാർഗവും സത്യത്തിൽ ഇതല്ല എന്നാണ് പാർലമെന്റിനെയും സമര മാർഗമാക്കുകയാണ് എന്ന അവകാശവാദത്തിലൂടെ അവർ നൽകിയത്.  ഭരണമുള്ള സംസ്ഥാനങ്ങളിൽ പലപ്പോഴും അവർ സ്വന്തം സ്വഭാവം പ്രകടമാക്കുകയും ചെയ്തു. എന്നാൽ ജനാധിപത്യവാദികൾ അതംഗീകരിക്കില്ല എന്നതിനു തെളിവാണ് ബംഗാൾ. ചരിത്രപരവും സമകാലികവുമായ പല കാരണങ്ങളുമുള്ളതിനാൽ കേരളം അത്രക്കെത്തിയില്ല എന്നു മാത്രം. അപ്പോഴും തങ്ങളുടെ ഭരണഘടനയോ ലക്ഷ്യമോ മാറ്റാൻ അവർ തയാറായിട്ടില്ല -സിപിഐ തയാറായിട്ടു പോലും. തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ പേരിൽ, അവരുടെ മുന്നണിപ്പോരാളി എന്ന അവകാശവാദത്തിൽ പാർട്ടിയുടെ സർവാധിപത്യം എന്നു തന്നെയാണ് വ്യക്തമാക്കുന്നത്. മാത്രമല്ല, ജനാധിപത്യ കേന്ദ്രീകരണം എന്ന കേൾക്കാൻ രസമുള്ള സംഘടനാ സംവിധാനത്തിലൂടെ അധികാരം ഒന്നടങ്കം ഒരു നേതാവിലേക്കെത്തുന്ന ചരിത്രമാണ് ലോകമെങ്ങും പാർട്ടിക്കുള്ളത്. കേരളത്തിൽ ഇപ്പോഴത് കൂടുതൽ പ്രകടമാണ്. പാർട്ടി വിട്ടതിനു മുൻ പ്രവർത്തകനെ വധിച്ചതും വർധിക്കുന്ന വ്യക്തിപൂജയും ക്യാപ്റ്റൻ വിളിയും നേതാക്കൾക്കു വേണ്ടി എന്ത് അനീതിയേയും ന്യായീകരിക്കുന്ന അണികളും അതിന്റെ ലക്ഷണങ്ങളാണ്. പി.സ ജോർജ് പറഞ്ഞ പോലെ പിണറായിസം. വൻ ഭൂരിപക്ഷം നേടിയ ഈ സാഹചര്യത്തിൽ ഈ ജനാധിപത്യ വിരുദ്ധത വർധിക്കാനാണ് സാധ്യത. കാലഹരണപ്പെട്ട ഈ രാഷ്ട്രീയം വലിച്ചെറിയാനും തങ്ങൾ സർവാധിപത്യത്തിലല്ല, ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്നു പ്രഖ്യാപിക്കാനും ഇനിയെങ്കിലും പാർട്ടി തയാറാകണം. അതിനെ അടവായോ തന്ത്രമായോ കാണുന്ന സമീപനം മാറ്റണം. പാർട്ടിക്കകത്തും ജനാധിപത്യം വളർത്തിയെടുക്കണം. പ്രതിപക്ഷ ബഹുമാനം അതിന്റെ ജീവവായു ആക്കണം. ഓരോ തീരുമാനമെടുക്കുമ്പോഴും ജനങ്ങളുടെ അഭിപ്രായമറിയാൻ പരമാവധി ശ്രമിക്കണം. വിവരാവകാക നിയമത്തിന് കീഴ്‌പ്പെടണം. ജനാധിപത്യത്തിന്റെ അടിത്തറയാണ് സുതാര്യത എന്നംഗീകരിക്കണം. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കറിയാൻ പാടില്ലാത്ത ഒരു രഹസ്യവും പാർട്ടിക്കാവശ്യമില്ല എന്നു പ്രഖ്യാപിക്കണം. 

 

ജനാധിപത്യത്തോടുള്ള നിലപാടിന്റെ തുടർച്ചയായാണ് സാമൂഹ്യ നീതിയേയും കുറിച്ച് പറയുന്നത്. അടുത്ത കാലത്ത് സജീവമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. വ്യവസായ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ മാർക്‌സ് രൂപം കൊടുത്ത വർഗ സമര സിദ്ധാന്തത്തെ അതേപടി ഇറക്കുമതി ചെയ്യുകയാണ് ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ ചെയ്തത്. ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ജാതികളുമൊന്നും അവർ പരിഗണിച്ചതേയില്ല. അതിലേറ്റവും പ്രധാനം ജാതിവ്യവസ്ഥ തന്നെ. എന്നാലതിനെ മുതലാളിത്തത്തിന്റെ സൃഷ്ടിയായി കാണുകയും വർഗ സമരത്തിലൂടെ അതിനു പരിഹാരം കാണാമെന്നു പ്രഖ്യാപിക്കുകയുമായിരുന്നു പാർട്ടി ചെയ്തത്. എല്ലാ വിഷയത്തെയും സാമ്പത്തിക മാത്രവാദത്തിലൊതുക്കിയത് അങ്ങനെയാണ്. ഇന്ത്യൻ യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന ഈ സമീപനമാണ് പാർട്ടിയുടെ വളർച്ചക്ക് വിഘാതമായ ഒരു കാരണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇവിടെ നടന്ന കീഴാള മുന്നേറ്റങ്ങളോട് ഐക്യപ്പെട്ടതിനാൽ അവർക്ക് വളരാൻ കഴിഞ്ഞു എന്നത് ശരിയാണ്. എന്നാൽ സാമ്പത്തിക നീതി എന്ന അജണ്ടയിലൊതുങ്ങിയ പാർട്ടിക്ക് ദളിത്, ആദിവാസി, സ്ത്രീ പ്രശ്‌നങ്ങളോട് നീതി പുലർത്താൻ കഴിയാതിരുന്നത് സ്വാഭാവികം മാത്രം. ദളിതരെയും ആദിവാസികളെയും മറ്റും കർഷക തൊഴിലാളി എന്ന സംജ്ഞയിലൊതുക്കിയത് അങ്ങനെയാണ്. ഇന്നും കേരളത്തിലെ ആദിവാസികൾ രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ ആദിവാസികളേക്കാൾ പിറകിലായതിനും സ്വയംഭരണമോ വനാവകാശമോ പോലും നടപ്പാക്കാത്തതിനു കാരണവും അതാണ്. ദളിതർ പതിനായിരക്കണക്കിനു കോളനികളിലൊതുങ്ങാനും അടിസ്ഥാന കാരണം അവരുടെ സ്വത്വത്തെ അംഗീകരിക്കാതിരുന്നതു തന്നെ. സാമ്പത്തിക സംവരണ വാദത്തിനു പിറകിലെ രാഷ്ട്രീയവും മറ്റൊന്നല്ല. വർഗ സമരത്തിലൂടെ മാത്രമേ സ്ത്രീപ്രശ്‌നവും പരിഹരിക്കപ്പെടൂ എന്നു വാദിക്കുന്ന എത്രയോ നേതാക്കളെ ഇപ്പോഴും കാണാം. സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കൾ സാമൂഹ്യ നീതിയെ കുറിച്ചൊക്കെ സംസാരിക്കുമ്പോഴും കേരളത്തിലെ നേതാക്കൾക്ക് അതിപ്പോഴും മനസ്സിലായിട്ടില്ല. സ്വത്വ രാഷ്ട്രീയം എന്നാണ് അവർ ഈ രാഷ്ട്രീയത്തെ ആക്ഷേപിക്കുന്നത്. ഈ നിലപാട് പുനഃപരിശോധിക്കാൻ ഇനിയെങ്കിലും പാർട്ടി തയാറാകുമെന്നു പ്രതീക്ഷിക്കട്ടെ. 

 

മൂന്നാമതായി പറയാനുദ്ദേശിക്കുന്നത് പാർട്ടി ഒരു കേരള പാർട്ടിയായി മാറണമെന്നാണ്. തീർച്ചയായും ഇതു കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കുമെന്നുറപ്പ്. പക്ഷേ ഫലത്തിൽ ഇപ്പോൾ അത്  അങ്ങനെ തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. ഒരൊറ്റ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം അതിശക്തമാകുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ കേരളത്തിനാവശ്യം ശക്തമായ ഒരു പ്രാദേശിക പ്രസ്ഥാനമാണ്. പല സംസ്ഥാനങ്ങളിലും അത്തരം പ്രസ്ഥാനങ്ങൾ നിലവിലുണ്ട്. നിർഭാഗ്യവശാൽ അത്തരമൊന്ന് കേരളത്തിൽ ഇന്നോളമുണ്ടായിട്ടില്ല. പ്രധാന പാർട്ടികളായ കോൺഗ്രസിനും സി.പി.എമ്മിനും സ്വാഭാവികമായും അഖിലേന്ത്യാ താൽപര്യങ്ങളായിരുന്നു പ്രധാനം. അതിനാൽ തന്നെ എന്നും അവഗണനയുടെ ചരിത്രമാണ് കേരളം നേരിട്ടിട്ടുള്ളത്. മുമ്പൊക്കെ അതിനെതിരെ ശക്തമായ സമരങ്ങൾ നടന്നിരുന്നു. സമീപകാലത്ത് അതുമില്ല. കേന്ദ്രം സംസ്ഥാനത്തോടു ചെയ്യുന്ന അനീതികളെ കുറിച്ച് സി.പി.എം ഏറെ വാചാലരാകാറുണ്ടെങ്കിലും ശക്തമായ മുന്നേറ്റമാക്കാൻ അവർക്ക് കഴിയാത്തതിനു കാരണം സംസ്ഥാനത്തേക്കാൾ കൂടുതൽ പ്രാധാന്യം അഖിലേന്ത്യാ രാഷ്ട്രീയത്തിനു നൽകുന്നതാണ്. അതിനു പകരം പ്രാഥമികമായി കേരളത്തിനു വേണ്ടി നിലകൊള്ളുന്ന ഒന്നായി സിപിഎം മാറണം. അല്ലെങ്കിൽ ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് ഒരൊറ്റ ഇന്ത്യ എന്ന മുദ്രാവക്യത്തിൽ ഹിന്ദത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തെ ഫലപ്രദമായി ചെറുക്കാനാവുമെന്നു കരുതാനാകില്ല.  

 

ചുരുക്കത്തിൽ ചരിത്രപ്രധാനമായ ഈ രാഷ്ട്രീയ മുഹൂർത്തത്തിൽ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്തമാണ് കേരള ജനത സി.പി.എമ്മിനു നൽകിയിട്ടുള്ളത്. അതു നിറവേറ്റാൻ പാർട്ടിക്കാവുമോ എന്നതാണ് കാതലായ ചോദ്യം. ആകണമെങ്കിൽ സ്വയം പരിവർത്തനത്തിനു പാർട്ടി തയാറാകണം. അതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. കാലത്തിന്റെ ഈ ആവശ്യത്തിനു ചെവി കൊടുക്കാൻ പാർട്ടി തയാറാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

Latest News