Sorry, you need to enable JavaScript to visit this website.

35 സീറ്റ്, ഭരണം, മുഖ്യമന്ത്രി ഓഫീസ്, ഹെലികോപ്റ്റര്‍ ബി.ജെപിയുടെ  മോഹങ്ങളെല്ലാം കടലാസുകൊട്ടാരമായി 

പാലക്കാട്- 35 സീറ്റില്‍ വിജയിക്കും, അതുവഴി കേരളത്തില്‍ ഭരണം നേടും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അവകാശവാദം ഇതായിരുന്നു. തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയിലേക്ക് വന്ന ഇ ശ്രീധരനാവട്ടെ പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ തുറന്നതാണ്. സുരേന്ദ്രന്‍ ഉത്തരേന്ത്യന്‍ മോഡലില്‍ രണ്ടു മണ്ഡലത്തില്‍ മത്സരിച്ചു ഹെലികോപ്റ്ററില്‍ പറന്നു നടന്നായിരുന്നു പ്രചാരണം. ഒടുക്കം ഉള്ള അക്കൗണ്ട് കൂടി പൂട്ടിക്കെട്ടി പോകേണ്ടിവന്നു. കഴിഞ്ഞ തവണ കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പിയ്ക്ക് ഇത്തവണ വലിയ ആത്മവിശ്വാസം ആയിരുന്നു.2016ല്‍ വിജയിച്ച നേമത്തിന് പുറമെ ഒട്ടേറെ സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ നേമത്ത് പോലും വിജയിക്കാക്കാനാകാതെ ബി.ജെ.പി. ദയനീയമായി തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 201ലേത് റിഹേഴ്‌സല്‍ 2026ല്‍ കേരള ഭരണം എന്ന് ബി.ജെ.പിക്കാര്‍ ്അടക്കം പറഞ്ഞു. 
കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കസേരയും ഇളകിത്തുടങ്ങി. തോല്‍വിയെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ ഈ അവസരം മുതലെടുത്ത് കൃഷ്ണദാസ് പക്ഷം രംഗത്തെത്താനും സാധ്യതയുണ്ട്. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതു മുതല്‍ പാര്‍ട്ടിക്കുള്ളില്‍ പരസ്യ പ്രതിഷേധം തലപൊക്കി. എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ശോഭാ സുരേന്ദ്രനെ പാര്‍ട്ടിക്കകത്ത് തഴഞ്ഞുവെന്നതു മുതല്‍ പാര്‍ട്ടിക്കകത്തുണ്ടായിരുന്ന പ്രതിഷേധം പുറത്തേക്കുവന്നു.
 വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയും കെ. സുരേന്ദ്രനെയും വിശ്വാസത്തിലെടുത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്ര നേതൃത്വം തോല്‍വിയുടെ വിശദീകരണം ചോദിക്കുമ്പോള്‍ സുരേന്ദ്രന്‍ വെട്ടിലാകും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വന്‍ സന്നാഹമായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തിലെത്തിയത്. ഹെലികോപ്ടറിലെത്തിയും കര്‍ണാടകയിലെ ദേശീയ നേതാക്കളെ സംസ്ഥാനത്തെത്തിച്ചും പ്രചരണം പൊടിപാറിച്ചു. അവസാനനിമിഷമാണ് കോന്നിക്കു പുറമേ മഞ്ചേശ്വരത്തും സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ രണ്ടിടത്തും പച്ചതൊട്ടില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ മാത്രമാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ പ്രചാരണത്തിനെത്തിയത്. അതവിടെ വലിയ തിരിച്ചടിയാവുകയും ചെയ്തു.
 

Latest News