ന്യൂദല്‍ഹി- ദല്‍ഹിയിലെ ഓക്സിജന്‍ ലഭ്യതക്കുറവ് തിങ്കളാഴ്ച അര്‍ധരാത്രിക്കു മുമ്പ് പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒരാഴ്ച്ചയ്ക്കിടെ ഒരു ഡോക്ടറര്‍ ഉള്‍പ്പെടെ 37 പേരാണ് ദല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ഓക്സിജന്‍ കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാ സര്‍ക്കാരുകളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശം നല്കി.
വേണ്ടത്ര ഓക്സിജന്‍ ഇല്ലെന്ന ദല്‍ഹിയിലെ ആശുപത്രികള്‍ ഇപ്പോഴും അടിയന്തരസഹായഭ്യര്ത്ഥന നടത്തിക്കൊണ്ടിരിക്കുകയാണ്. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ വിവിധ ആശുപത്രികള്‍ കോടതിയെ സമീപിച്ചെങ്കിലും ഇപ്പോഴും പൂര്‍ണ പരിഹാരമായിട്ടില്ല. ദല്‍ഹി ഹൈക്കോടതിയിലും ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നടന്നുവരുന്നുണ്ട്. ദല്‍ഹിക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കുന്നുവെന്ന് കേന്ദ്രം ഉറപ്പാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ആവശ്യമായ ഓക്സിജന്‍ മാത്രം മതി, അതിലേറെ ചോദിക്കുന്നില്ലെന്നും കോടതി ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ദല്‍ഹി സര്‍ക്കാര്‍ പ്രതിദിനം 970 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രം നല്‍കിയത് 590 മെട്രിക് ടണ്‍ ആയിരുന്നു. തൊട്ടുമുമ്പത്തെ ദിവസം നല്‍കിയത് 490 മെട്രിക് ടണ്‍ ആയിരുന്നു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരഗിണിച്ചത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എല്‍.എന്‍ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് ഉത്തരവിട്ടത്.






