ലോക്ഡൗണ്‍ പരിഗണിക്കണമെന്ന് കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതി

ന്യൂദല്‍ഹി- രൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ രാജ്യം അടച്ചിടുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. താമസ രേഖകളില്ലാത്തതിന്റെ പേരില്‍ ഒരിടത്തും രോഗികള്‍ക്ക് ചികിത്സയോ മരുന്നോ ആശുപത്രി പ്രവേശനമോ നിഷേധിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ആശുപത്രികളില്‍ രോഗികള്‍ക്ക് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച ഒരു ദേശീയ നയം രണ്ടാഴ്ച്ചയ്ക്കകം രൂപീകരിക്കണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിട്ടു. ഈ നയം എല്ലാ സംസ്ഥാന സര്‍ക്കാരുകളും പിന്തുടരണം, അതുവരെ ഒരു രോഗിക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. 

കിടക്കയുള്ള ഒരു ആശുപത്രിയില്‍ പ്രവേശനം ലഭിക്കുക എന്നത് ഇപ്പോള്‍ നിരവധി പേര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പൗരന്മാര്‍ താങ്ങാവുന്നതിലുമപ്പുറം പ്രയാസങ്ങള്‍ നേരിടുന്നു. വിവിധ സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും അവരുടെ സ്വന്തം പ്രോട്ടോകോള്‍ ആണ് പിന്തുടരുന്നത്. രാജ്യത്തൊട്ടാകെ ആശുപത്രി ചികിത്സയ്ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് അനിശ്ചിതത്വത്തിനും കോലാഹലത്തിനുമിടയാക്കും. ഇത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

ദുരന്ത നിവാരണ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് ഒരു നയത്തിന് രൂപം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിടുന്നുവെന്നും ഇത് ദേശീയ തലത്തില്‍ നടപ്പിലാക്കണമെന്നും കോടതി ഞായറാഴ്ച രാത്രി വൈകി പുറപ്പെടുവിട്ട ഉത്തരവില്‍ പറയുന്നു.
 

Latest News