ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നീട്ടാന്‍ അവസരവുമായി എമിറേറ്റ്‌സ്

ദുബായ്- ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 10 ദിവസത്തേക്ക്കൂടി ദീര്‍ഘിപ്പിച്ചതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.

ബുക്ക് ചെയ്ത ദിവസം മുതല്‍ മൂന്നു വര്‍ഷത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും. ഏപ്രില്‍ ഒന്നിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്ത, 2021 ഡിസംബര്‍ 31 വരെ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്കാണ് ഇങ്ങനെ സൗകര്യം ലഭിക്കുന്നത്. 2021 ഏപ്രില്‍ ഒന്നു മുതല്‍ ലഭിച്ച ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷത്തെ യാത്രാ കാലാവധിയുണ്ട്.

ഇക്കാലവധിക്കുള്ളില്‍ യാത്രാ തീയതികള്‍ മാറ്റിയെടുക്കാനോ പണം മടക്കിക്കിട്ടാനോ അവസരമുണ്ട്. അടുത്ത വിമാനത്തിന് വീണ്ടും ബുക്ക് ചെയ്യുകയുമാകാം. 2020 സെപ്റ്റംബര്‍ 30നോ അതിനു മുന്‍പോ എടുത്ത, 2020 ഡിസംബര്‍ 31 വരെ യാത്രാകാലാവധിയുള്ള ടിക്കറ്റുകള്‍ക്കും ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസത്തെ കാലാവധി നീട്ടി നല്‍കുമെന്നും എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി.

ബുക്ക് ചെയ്ത സ്ഥലത്തേക്കോ അതേ മേഖലയിലേക്കോ ഏത് ക്ലാസിലും അധിക നിരക്ക് നല്‍കാതെ 36 മാസത്തിനുള്ളില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

 

 

Latest News