Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹ്‌റേസ് വേറിട്ട യാത്ര

മഹ്‌റേസ് (ഇടത്തേയറ്റം) പി.എസ്.ജിക്കെതിരെ ഗോളടിച്ചപ്പോൾ.
റിയാദ് മഹ്‌റേസിന് സാർസേൽസിലെ മേയർ പാട്രിക് ഹദ്ദാദ് സാർസേൽസ് സിറ്റി മെഡൽ സമ്മാനിക്കുന്നു.

കളിക്കാരുടെ പതിവ് വഴിയിലൂടെയല്ല റിയാദ് മഹ്‌റേസ് സഞ്ചരിച്ചത്. അക്കാദമികളിലൂടെയല്ല മഹ്‌റേസ് തന്റെ കളി മികവ് മിനുക്കിയെടുത്തത്. അസാധാരണമെന്നാണ് മുപ്പതുകാരന്റെ വഴികളെ സാർസേൽസിലെ മുൻകാല കോച്ചുമാർ വിശേഷിപ്പിക്കുന്നത്. ഈ സീസണിൽ സിറ്റിയുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ഈ വിംഗർ. 

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിനായി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പാരിസിലെത്തിയപ്പോൾ റിയാദ് മഹ്‌റേസ് പൂർത്തിയാക്കിയത് അതുല്യമായ നേട്ടമാണ്. പാരിസിന്റെ പ്രാന്തപ്രദേശമായ സാർസേൽസിലാണ് മഹ്‌റേസ് ജനിച്ചതും വളർന്നതും. അവിടെ നിന്നാണ് ലോകത്തിലെ മികച്ച കളിക്കാരിലൊരാളെന്ന പദവിയിലേക്ക് മഹ്‌റേസ് യാത്ര തുടങ്ങിയത്. സെമിയിൽ പി.എസ്.ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയ ഗോളടിച്ച് മഹ്‌റേസ് സാർസേൽസുകാർക്ക് ഒരേസമയം സന്തോഷവും ദുഃഖവുമാണ് സമ്മാനിച്ചത്. പി.എസ്.ജിയുടെ ആരാധകരാണ് സാൽസേൽസുകാരേറെയും. സാർസേൽസ് ഇപ്പോഴും പി.എസ്.ജിയുടെ തട്ടകമായിരിക്കാം. പക്ഷെ മഹ്‌റേസിന്റെ വിജയം ആഗ്രഹിക്കുന്നവർ അവിടെയേറെയുണ്ട്. റിയാദ് സാർസേൽസിലെ ജനങ്ങൾക്ക് പ്രചോദനം പകരുന്ന വിജയ കഥയാണെന്ന് നഗരത്തിലെ മേയർ പാട്രിക് ഹദ്ദാദ് പറയുന്നു. 2019 ൽ മെഡൽ ഓഫ് സാർസേൽസ് നൽകി മഹ്‌റേസിനെ പാട്രിക് ഹദ്ദാദ് ആദരിച്ചിരുന്നു. 


മഹ്‌റേസ് അൾജീരിയയുടെ നായകനായിരിക്കാം. പക്ഷെ ഈ പ്രാന്തപ്രദേശത്തോടുള്ള അടുപ്പം മഹ്‌റേസ് എന്നും അഭിമാനമായി കരുതുന്നു. അവിടെ നിരവധി പദ്ധതികൾക്ക് മഹ്‌റേസ് ചുക്കാൻ പിടിക്കുന്നു. അവയിലൊന്ന് സാർസേൽസിലെ യുവജനങ്ങൾക്ക് മാഞ്ചസ്റ്ററിലേക്ക് സഞ്ചരിക്കാനും സിറ്റിയുടെ മത്സരങ്ങൾ കാണാനുമുള്ള പദ്ധതിയാണ്. ഈ വർഷം മഹ്‌റേസിന്റെ പേരിൽ സാർസേൽസിൽ സ്റ്റേഡിയം ഉയരുകയാണ്. 


കളിക്കാരുടെ പതിവ് വഴിയിലൂടെയല്ല മഹ്‌റേസ് സഞ്ചരിച്ചത്. അക്കാദമികളിലൂടെയല്ല മഹ്‌റേസ് തന്റെ കളി മികവ് മിനുക്കിയെടുത്തത്. അസാധാരണമെന്നാണ് മുപ്പതുകാരന്റെ വഴികളെ സാർസേൽസിലെ മുൻകാല കോച്ചുമാർ വിശേഷിപ്പിക്കുന്നത്. ഈ സീസണിൽ സിറ്റിയുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ഈ വിംഗർ. ബൊറൂസിയ ഡോർട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഗോളടിച്ച മഹ്‌റേസ് ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനൽ വിജയത്തിൽ ടോട്ടനത്തിനെതിരെ തൊണ്ണൂറ് മിനിറ്റും കളിച്ചു. പി.എസ്.ജിക്കെതിരായ സെമി ഫൈനലിൽ നിർണായക വിജയ ഗോൾ കണ്ടെത്തി. അൾജീരിയക്കൊപ്പം ആഫ്രിക്കൻ നാഷൻസ് കപ്പും നേടിയിട്ടുണ്ട് മഹ്‌റേസ്. അൾജീരിയയിൽ നിന്നാണ് മഹ്‌റേസിന്റെ പിതാവ് ഫ്രാൻസിലേക്ക് കുടിയേറിയത്. 


പാരിസിന് 20 കിലോമീറ്ററോളം വടക്കാണ് സാർസേൽസ്. പ്രദേശത്തെ അമച്വർ ക്ലബ്ബുകളിലാണ് മഹ്‌റേസ് കളി പഠിച്ചത്. താൻ യൂറോപ്പിലെ വലിയ കളിക്കാരനാവുമെന്ന് വിശ്വസിച്ച ഒരേയൊരാൾ മഹ്‌റേസ് മാത്രമായിരുന്നുവെന്ന് എ.എ.എസ് സാർസേൽസിൽ ഒപ്പം കളിച്ചിരുന്ന ഹായെൽ എംബേംബ പറയുന്നു. മഹ്‌റേസിനെ ഫുട്‌ബോൾ ഭ്രാന്തനെന്ന് പറഞ്ഞാൽ മതിയാവില്ല. അസാധ്യമായ ആത്മവിശ്വാസമാണ് മഹ്‌റേസിനെന്നും പലരും അതിനെ അഹങ്കാരമായി പോലും തെറ്റിദ്ധരിക്കുന്നുവെന്നും എ.എ.എസ് സാർസേൽസിന്റെ നടത്തിപ്പുകാരനായ മുഹമ്മദ് കൂലിബാലി പറയുന്നു. 
പാരിസിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ലോകോത്തര കളിക്കാരായി ഉയർന്നുവന്നവർ ഏറെയുണ്ട്. തിയറി ഓൺറിയും പോൾ പോഗ്ബയും കീലിയൻ എംബാപ്പെയുമൊക്കെ ആ പരമ്പരയിലെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്. 


അസാധാരണമാം വിധം സാങ്കേതികത്തികവുള്ള കളിക്കാരനായിരുന്നു മഹ്‌റേസ്. പക്ഷെ ഫുട്‌ബോളിന്റെ ഉയരങ്ങളിലെത്താൻ അതുമാത്രം പോരായിരുന്നു. മെലിഞ്ഞ പ്രകൃതമായിരുന്നു മഹ്‌റേസിന്. അതൊരു ദൗർബല്യമായി കോച്ചുമാർ കരുതി. പതിനെട്ടാം വയസ്സിൽ മഹ്‌റേസ് സാർസേൽസ് വിട്ടു. വിദൂരമായ ബ്രിറ്റാനിയിലെ നാലാം ഡിവിഷൻ അമച്വർ ക്ലബ് ക്വിംപറിൽ ട്രയൽസിൽ പങ്കെടുത്തു. അവിടെ നിന്നാണ് രണ്ടാം ഡിവിഷൻ ക്ലബ് ലെ ഹാവ്‌റെയുമായി ആദ്യ പ്രൊഫഷനൽ കരാർ ഒപ്പിടുന്നത്. ലെ ഹാവ്‌റെയിലാണ് പോൾ പോഗ്ബയും ആദ്യം കളിച്ചത്. നോർമാൻഡി തുറമുഖ നഗരമാണ് ലെ ഹാവ്‌റെ. മഹ്‌റേസ് അവിടെ നാലു വർഷം ചെലവിട്ടു. അവിടെ നിന്ന് ഇംഗ്ലിഷ് ചാനൽ മുറിച്ചുകടന്ന് ലെസ്റ്റർ സിറ്റിയുമായി കരാറൊപ്പിട്ടു. ഇംഗ്ലിഷ് ലീഗിൽ രണ്ടാം ഡിവിഷനിലായിരുന്നു അന്ന് ലെസ്റ്റർ. 
ഇംഗ്ലണ്ടിലെത്തിയ ശേഷം മഹ്‌റേസ് തിരിഞ്ഞുനോക്കിയിട്ടില്ല. എന്നാൽ ലെസ്റ്ററിൽ ചേരാൻ ആദ്യം മടിച്ചിരുന്നു മഹ്‌റേസ് എന്ന് സുഹൃത്തുക്കൾ പറയുന്നു. സാർസേൽസിലെ സുഹൃത്തുക്കളാണ് മഹ്‌റേസിന് ധൈര്യം പകർന്നത്. 


2016 ൽ വമ്പന്മാരെ ഞെട്ടിച്ച് ലെസ്റ്റർ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായപ്പോൾ അതിന്റെ മുന്നണിപ്പോരാളിയായി മഹ്‌റേസ് ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം രണ്ടാമത്തെ പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടടുത്താണ് ഇപ്പോൾ. തന്റെ ജന്മനഗരത്തിലെ ക്ലബ് പി.എസ്.ജിയെ തോൽപിച്ചാൽ ചാമ്പ്യൻസ് ലീഗ് കിരീടവും മഹ്‌റേസിന് കൈപ്പാടരികിലെത്തും. 
അസാധാരണ യാത്രയായിരുന്നു മഹ്‌റേസിന്റേതെന്നും എല്ലാ വെല്ലുവിളികളെയും മറികടക്കാൻ മഹ്‌റേസിന് സാധിച്ചത് സാങ്കേതിക മികവ് കൊണ്ടാണെന്നും എംബേംബ കരുതുന്നു. ആധുനിക ഫുട്‌ബോളിൽ അപൂർവമായി കാണുന്ന തെരുവ് പോരാളിയാണ് മഹ്‌റേസ്. യൂത്ത് അക്കാദമികളിലൂടെ വളർന്നുവന്നതല്ല എന്നതാണ് മഹ്‌റേസിന്റെ കരുത്ത്. 


പത്താം വയസ്സിലെ അതേ രീതിയിലാണ് ഇപ്പോഴും മഹ്‌റേസ് ഡ്രിബ്ൾ ചെയ്യുന്നതെന്ന് ആദ്യകാല കോച്ചുമാരിലൊരാളായ ഫ്രാങ്ക് സറ്റൂഗ്‌ലെ നിരീക്ഷിക്കുന്നു. ലെ ഹാവ്‌റെയിൽ പ്രൊഫഷനലായി കളിക്കുമ്പോഴും ഞായറാഴ്ചകളിൽ സാർസെൽസിലെത്തി കൂട്ടുകാരോടൊപ്പം മഹ്‌റേസ് കളിക്കുമായിരുന്നുവെന്ന് സതൂഗ്‌ലെ വെളിപ്പെടുത്തുന്നു. 
എല്ലാ കുട്ടികളും സ്വപ്‌നം കാണുന്ന രീതിയിലാണ് മഹ്‌റേസിന്റെ യാത്ര. അസാധാരണ വഴികളിലൂടെ സഞ്ചരിച്ച് യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ ട്രോഫിക്ക് അരികിലെത്തിയിരിക്കുകയാണ് ഈ സ്‌ട്രൈക്കർ - സതൂഗ്‌ലെ പറയുന്നു. 
റിയാദ് നല്ല മനുഷ്യനാണ്, ഇപ്പോഴും മനസ്സിൽ കുട്ടിത്തം സൂക്ഷിക്കുന്നു. പന്ത് കിട്ടിയാൽ തന്റെ വ്യക്തിത്വം പ്രകാശിപ്പിക്കുന്നു -എംബേംബ പറയുന്നു. 

 

Latest News