കൊച്ചി - നിയമ വിദ്യാർഥി ജിഷ ബലാൽസംഗത്തിനിരയായി കൊല ചെയ്യപ്പെട്ട കേസിൽ നടന്ന അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജിഷ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ജിഷയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അമീറുൽ ഇസ്‌ലാം ആക്ഷൻ കൗൺസിൽ ഭാരവാഹികളോട് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും അമീറുൽ ഇസ്‌ലാമിനെ കസ്റ്റഡിയിലെടുക്കുന്നതിനു ഒരു മാസം മുൻപേ അന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അമീറിനെ ആലുവയിൽ വിളിച്ചുവരുത്തി അവന്റെ രക്തവും ഉമനീരും എടുത്ത് ജിഷ കൊല ചെയ്യപ്പെട്ട സ്ഥലത്തുനിന്നും ലഭിച്ച തൊണ്ടി വസ്തുവെന്ന പേരിൽ പരിശോധനക്കയച്ചുവെന്നാണ് ആക്ഷൻ കൗൺസിൽ പറയുന്നത്. ഇത് പിന്നീട് അമീറിനെതിരെ ശക്തമായ തെളിവായി മാറി. അറസ്റ്റിലാകുന്നതിന് ഒരു മാസം മുമ്പ് ഒന്നിലധികം തവണ സെൻകുമാർ ആലുവയിൽ തന്നെ ചോദ്യം ചെയ്തിരുന്നുവെന്ന് അമീർ പറഞ്ഞതായി അവർ പറയുന്നു. അക്കാലത്ത് നിയമസഭാ ഇലക്ഷൻ ദിവസത്തിലടക്കം അമീർ കേരളത്തിൽ ഉണ്ടായിരുന്നു. നിരവധി തവണ തന്നെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഭയപ്പാടുകൊണ്ട് പെരുമ്പാവൂരിലുള്ള സഹോദരനെ കൂട്ടിക്കൊണ്ടാണ് പോയിരുന്നത്. പിന്നീട് സഹോദരന് പണി നഷ്ടപ്പെടുന്നതുകൊണ്ട് ഇനി കൂടെ വരാൻ കഴിയില്ല എന്നറിയിച്ചപ്പോഴാണ് താൻ ഇവിടെ നിന്നും തമിഴ്നാട്ടിലെ കാഞ്ചീപുരത്തേക്ക് ജോലിക്ക് പോയത്.
പെരുമ്പാവൂരിൽ തന്റെ റൂമിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരനിൽനിന്നും ഒരു കിലോ കഞ്ചാവ് പിടിച്ചിട്ടുണ്ടെന്നും കഞ്ചാവ് കച്ചവടത്തിൽ തനിക്കും പങ്കാളിത്തമുണ്ടെന്ന് അവന്റെ മൊഴിയുണ്ടെന്നും പറഞ്ഞ് 2016 ജൂൺ 13 ന് തന്നെ അന്വേഷിച്ച് ഡിവൈ.എസ്.പി സോജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേരളത്തിൽ നിന്നും കാഞ്ചിപുരത്ത് വന്ന് തന്നെ കസ്റ്റഡിയിലെടുത്ത് ആലുവാ പോലീസ് ക്ലബിൽ കൊണ്ടുവന്നു. അവിടെ വെച്ചാണ് ജിഷയെ കൊന്നത് താനാണെന്ന് സമ്മതിക്കാൻ പോലീസ് ആവശ്യപ്പെട്ടത്. ജിഷയെ ജീവിതത്തിലൊരിക്കലും കണ്ടിട്ടു പോലുമില്ലാത്ത ഞാൻ കുറ്റം ഏറ്റെടുക്കാൻ തയാറായില്ല. അവർ അതിക്രൂരമായി മർദിച്ചു. വീണ്ടും ഞാൻ സമ്മതിക്കാത്തതുകൊണ്ട് തന്റെ ദേഹത്ത് കരണ്ട് പിടിപ്പിച്ചു. സഹിക്കാവുന്നതിലപ്പുറം അവർ പീഡിപ്പിച്ചു.
ജിഷയെ ബലാൽസംഗം ചെയ്തു കൊന്നു എന്ന കേസിലെ കുറ്റം അവർ തന്റെ തലയിൽ കെട്ടിവെച്ചു. അന്വേഷണ ഉദ്യോഗസ്ഥയായ ബി. സന്ധ്യ ലാത്തി കൊണ്ടും ബൂട്ടുകൊണ്ടും തന്നെ ഉപദ്രവിച്ച മുറിപാട് ഇപ്പോഴും അമീറിന്റെ പുറത്തുണ്ട്. അമീറിന്റെ ചെരിപ്പ് 7 ഇഞ്ച് ആണ്. പോലീസ് കണ്ടെടുത്ത പ്രതിയുടേതെന്ന് കരുതുന്ന ചെരിപ്പ് 9 ഇഞ്ച് ആണ്. പ്രതിയുടേത് മുൻഭാഗം വിടവുള്ള പല്ലുകളാണ്. അമീറിന്റേത് തീർത്തും ഒട്ടിചേർന്നിരിക്കുന്ന അൽപം പോലും വിടവില്ലാത്ത പല്ലുകളാണ്. പ്രതി ഉപയോഗിച്ചിരുന്നത് അജിത് ബീഡിയും ലൈറ്ററുമാണ്. അമീർ അജിത് ബീഡിയും ലൈറ്ററും ഉപയോഗിക്കാറില്ലെന്നാണ് പറയുന്നത്. തൃശൂർ ജയിലിൽ വെച്ച് അമീറുമായി നടത്തിയ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായത് ഈ കേസിൽ അവൻ നിരപരാധിയാണെന്നാണെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ഇസ്മായിൽ പള്ളിപ്രവും കൺവീനർ അമ്പിളി ഓമനക്കുട്ടനും പറയുന്നു.