Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിവാഹ മോചന കേസ് ഫയൽ ചെയ്തതിന് മുൻ ഭാര്യയുടെ വീടിന് നേരെ വെടിയുതിർത്തയാൾ പിടിയിൽ

റിയാദ് - വിവാഹ മോചനം തേടിയ ഭാര്യയുടെ കുടുംബ വീടിനു നേരെ വെടിവെപ്പ് നടത്തിയ സൗദി യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. 

അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സുരക്ഷാ സൈനികർക്കു നേരെ വെടിവെപ്പ് നടത്തി രക്ഷപ്പെടാനുള്ള പ്രതിയുടെ നീക്കം വിജയിച്ചില്ല. പ്രത്യാക്രമണത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. ആക്രമണത്തിലും പ്രത്യാക്രമണത്തിലും ആർക്കും പരിക്കില്ല. നാൽപതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പ്രതിക്കെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് വക്താവ് പറഞ്ഞു. 

പ്രതിയെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. കാറിലെത്തിയാണ് പ്രതി ഭാര്യാ വീടിനു നേരെ വെടിവെപ്പ് നടത്തിയത്. ഇത് പ്രദേശവാസികളെ ഭയചകിതരാക്കുകയും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തിരുന്നു. 

റിയാദിലെ അർഖ ഡിസ്ട്രിക്ടിൽ വ്യാഴാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പ്രതിയുടെ ഭാര്യ തന്നെ ചിത്രീകരിച്ച് വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. സ്വന്തം മക്കൾ അടക്കം ഭാര്യാ വീട്ടിലെ മുഴുവൻ പേരെയും വീടിന് തീയിട്ട് കൊലപ്പെടുത്തുമെന്നും തനിക്ക് ആരെയും ഭയമില്ലെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി അയച്ച ശബ്ദ സന്ദേശങ്ങളും ഭാര്യ പുറത്തുവിട്ടു. 

വിവാഹം അസാധുവാക്കുന്നതിന് കേസ് നൽകിയതിൽ പ്രകോപിതനായാണ് ഭർത്താവ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും തന്റെ കുടുംബ വീടിനു നേരെ നിറയൊഴിക്കുകയും ചെയ്തതെന്ന് പ്രതിയുടെ ഭാര്യ പറഞ്ഞു. തന്നെ മർദിക്കുകയും തന്നെ വഞ്ചിച്ച് പരസ്ത്രീബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഭർത്താവിൽ നിന്ന് വിവാഹ മോചനം തേടി കേസ് നൽകിയത്. തങ്ങൾക്ക് മൂന്നു ആൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. മൂത്ത മകന്റെ പ്രായം എട്ടു വയസാണ്. 

വിവാഹ മോചനം തേടി കേസ് നൽകിയ ശേഷവും താൻ ഭർതൃവീട്ടിൽ തിരിച്ചെത്തി ദാമ്പത്യ ജീവിതം തുടരാൻ ശ്രമിച്ചിരുന്നു. എന്നാൽ മർദനവും തോക്കു ചൂണ്ടിയുള്ള ഭീഷണിപ്പെടുത്തലും ഭർത്താവ് തുടർന്നതോടെ ഭർതൃവീട്ടിൽ നിന്ന് രക്ഷപ്പെട്ട് താൻ സ്വന്തം വീട്ടിലെത്തുകയായിരുന്നു. 

ഇതിനു ശേഷം ഭർതൃവീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച താൻ വിവാഹ മോചനമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഒന്നുകിൽ ഭർതൃവീട്ടിൽ തിരിച്ചെത്തി തനിക്കൊപ്പം ജീവിതം തുടരുക, അതല്ലെങ്കിൽ മരണം എന്ന് പറഞ്ഞ് ഇതിനു ശേഷം ഭർത്താവ് ഭീഷണിപ്പെടുത്തി. തങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളാവുകയും ഭർത്താവ് പലതവണ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തു. സ്വന്തം വീട്ടിൽ നിന്ന് താൻ പുറത്തിറങ്ങുന്നത് ഭർത്താവ് രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. ശബ്ദ സന്ദേശങ്ങൾ അയച്ച് തന്നെ ഭീഷണിപ്പെടുത്തുന്നത് ഭർത്താവ് തുടർന്നു. മൂന്നു മാസം മുമ്പ് തന്റെ മൊബൈൽ ഫോൺ ഭർത്താവ് കവർന്നു. ഇതിനു ശേഷം തന്റെ പുതിയ മൊബൈൽ ഫോൺ നമ്പർ ഭർത്താവിന് അറിയില്ലായിരുന്നു. 

എന്നാൽ എല്ലാവരെയും കൊലപ്പെടുത്തുമെന്നും വീടിന് തീയിടുമെന്നും പറഞ്ഞുള്ള ഭീഷണി സന്ദേശങ്ങൾ മാതാവിന്റെ മൊബൈൽ ഫോണിലേക്ക് ഭർത്താവ് അയക്കാൻ തുടങ്ങി. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം തങ്ങളുടെ കുടുംബ വീടിനു മുന്നിലെത്തി ഭർത്താവ് വീടിനു നേരെ പലതവണ നിറയൊഴിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.

 

Latest News