Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

പെൻസിൽ കാർവിംഗിലെ ഫർഹാൻ ടച്ച് 


കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ദേവർകോവിൽ സ്വദേശി ഫർഹാൻ ഹമീദിന് പെൻസിൽ വരക്കാനോ എഴുതാനോ മാത്രമല്ല മനോഹരമായ കലാനിർവഹണത്തിന്റെ മാധ്യമം കൂടിയാണ്. പെൻസിലിന്റെ ഇത്തിരി പോന്ന അറ്റത്ത് ഫർഹാൻ തീർക്കുന്ന ശിൽപങ്ങൾ ഏതൊരു കലാസ്വാദകനെയും വിസ്മയിപ്പിക്കും
മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിൽ മലപ്പുറം സ്വദേശിയായ അഫ്‌സലിന്റെ പെൻസിൽ കാർവിംഗ് ചിത്രമാണ് ഫർഹാനെ ഈ മേഖലയെക്കുറിച്ചറിയാൻ പ്രേരിപ്പിച്ചത്. അഫ്‌സലുമായി ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടുകയും പെൻസിൽ കാർവിംഗിന്റെ ബാലപാഠങ്ങൾ പഠിച്ചെടുക്കുകയും ചെയ്തു.


ഒരു പെട്ടി പെൻസിൽ വാങ്ങി വീട്ടിൽ പോയി പഠിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും എല്ലാ പെൻസിലുകളും പൊട്ടിപ്പോയി. എങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ഐ ലൗ മൈ ഇന്ത്യ എന്ന ചെറിയ സൃഷ്ടി പൂർത്തീകരിച്ചു.
ചെറുപ്പം മുതൽക്ക് തന്നെ കളിമണ്ണ്, തെർമോകോൾ എന്നിവ ഉപയോഗിച്ച് ശിൽപങ്ങൾ ഉണ്ടാക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്ത ഫർഹാന് പെൻസിൽ കാർവിംഗ് കലാരംഗത്തെ പുതിയൊരു അനുഭവമായി മാറുകയായിരുന്നു.


ഖത്തറിലെത്തിയ ശേഷമാണ് ഫർഹാൻ കാർവിംഗിൽ സജീവമായത്. തമാശ എന്ന സിനിമയുടെ ടൈറ്റിൽ പെൻസിലിൽ കാർവ് ചെയ്യുകയും സിനിമയുടെ അണിയറ പ്രവർത്തകർ ഷെയർ ചെയ്യുകയും ചെയ്തതാണ് ഫർഹാന്റെ സൃഷ്ടികൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ ഇടയായത്. സിനിമയുടെ 25 ാം ദിവസത്തിന്റെ ആഘോഷ പരിപാടികളുടെ പോസ്റ്ററായി ഫർഹാന്റെ കാർവിംഗാണ് ഉപയോഗിച്ചത് എന്നതും ഫർഹാന് ഏറെ സന്തോഷം നൽകി.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരകാലത്ത് ഫർഹാന് ചെയ്ത കാർവിംഗ് ഏറെ പ്രശംസ പിടിച്ചു പറ്റിയതിനാൽ കൂടുതൽ സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള കാർവിംഗുകൾ പിറക്കുകയായിരുന്നു.


കേവലമൊരു കാർവിംഗ് ഉണ്ടാക്കുക എന്നതിനപ്പുറം സമകാലിക വിഷയങ്ങളിൽ തന്റെ മനസ്സിനെ സ്പർശിക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഉണ്ടാക്കുന്നതിലാണ് ഫർഹാന്റെ ശ്രദ്ധ. ഈഫൽ ടവറിന്റെ രൂപം, ഒരു വൃദ്ധയായ സ്ത്രീ കാലിൽ ചോരയൊലിപ്പിച്ച് നടക്കുന്ന ഫോട്ടോ കണ്ടിട്ട് കാർവ് ചെയ്തത് തുടങ്ങിയവ ഫർഹാന്റെ വൈവിധ്യമാർന്ന കാർവിംഗ് കരവിരുത് പ്രദർശിപ്പിക്കുന്നതാണ്.
ലോക പ്രശസ്ത പെൻസിൽ കാർവിംഗ് കലാകാരനായ റഷ്യൻ സ്വദേശി സെലോത്ത് ഫിദായി ഫർഹാന്റെ ഐസ്‌ക്രീമിന്റെ കാർവിംഗിന് കമന്റ് ചെയ്തതാണ് ഫർഹാന്റെ കലാജീവതത്തിലെ ഏറ്റവും ഹൃദ്യമായ മുഹൂർത്തം.


ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ കാലിഗ്രഫി ചിത്രം വരച്ച അഹമ്മദ് അൽ മജ്ദിന്റെ ടൈറ്റിൽ സിഗ്‌നേച്ചർ വരയ്ക്കാനും അത് അദ്ദേഹത്തിന് നേരിൽ സമ്മാനിക്കാനും സാധിച്ചുവെന്നതും ഫർഹാന്റെ കലാജീവിതത്തിലെ അവിസ്മരണീയമായ സംഭവമാണ്.


കാലിഗ്രഫിയും ടൈപ്പോഗ്രഫിയും കാർവിംഗിൽ ഉൾപ്പെടുത്തി ചില സൃഷ്ടികളും ഫർഹാൻ ചെയ്തിട്ടുണ്ട്. അല്ലാഹു, മുഹമ്മദ് എന്നീ നാമങ്ങളും മരണം രംഗബോധമില്ലാത്ത കോമാളി എന്നതും അവയിൽ ചിലത് മാത്രം. ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള ഫർഹാൻ ഹെൽമറ്റിൽ വയനാടിന്റെ പ്രകൃതി ഭംഗി മുഴുവനായി ഒപ്പിയെടുത്ത സെൽഫി ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സുഹൃത്തുക്കളായ പ്രമുഖ കാലിഗ്രഫി ആർട്ടിസ്റ്റ് കരീം ഗ്രാഫിയും അൽതാഫും റബാഹുമാണ് ഫർഹാന്റെ സൃഷ്ടികളെ നിരന്തരം വിലയിരുത്തുകയും ക്രിയാത്മക നിർദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.


ചെറുപ്പം മുതലേ ചിത്രങ്ങൾ വരക്കുന്നതിൽ തൽപരനായിരുന്ന ഫർഹാൻ പത്താം ക്ലാസ് മുതൽ വൈകുന്നേങ്ങളിൽ കംപ്യൂട്ടർ പഠിക്കുകയും പിന്നീട് വരകൾ ഡിജിറ്റൽ മേഖലയിലേക്ക് മാറുകയുമായിരുന്നു. അനിമേഷൻ, മോഷൻ ഗ്രഫിക്, ഗ്രഫിക് ഡിസൈനർ, എഡിറ്റർ, ഫോട്ടോഗ്രഫർ എന്നീ വ്യത്യസ്ത മേഖലകളിൽ സജീവമായ ഫർഹാൻ ഖത്തറിൽ ഒരു ബ്രാൻഡിംഗ് ഏജൻസിയിൽ അനിമേറ്ററായി ജോലി ചെയ്യുകയാണ്.
കുറ്റിയാടി ദേവർകോവിൽ സ്വദേശി ഹമീദ് ഷക്കീല ദമ്പതികളുടെ രണ്ടാമത്തെ മകനായ ഫർഹാന്റെ സഹോദരങ്ങളാണ് ജാസ്മിൻ, സഫഹാന, മുഹമ്മദ് ജാസിം എന്നിവർ.

Latest News