Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

സാനന്ദമാസ്വദിക്കേണ്ട അനർഘ ജീവിതം 

കഴിഞ്ഞ ദിവസം നടന്ന ഗുഡ്‌വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) ഇൻ ഹൗസ് മീറ്റിൽ സ്ത്രീകൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ എന്ന വിഷയമവതരിപ്പിച്ച് നാസിറാ സുൾഫിക്കർ നടത്തിയ ചില പരാമർശങ്ങൾ ആരുടെയും കണ്ണു തുറപ്പിക്കുന്നതാണ്. 
പെൺജന്മങ്ങളുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും ഏത് രീതിയിലാണ് മെനഞ്ഞെടുക്കപ്പെടുന്നതെന്നും ഈ കാലയളവിനുള്ളിൽ അവർ വളർന്നു വരുന്നചുറ്റുപാട് എങ്ങനെയാണ് അവരിലെ മാനസിക വളർച്ചയെയും ജീവിതോല്ലാസത്തെയും സ്വാധീനിക്കുന്നതെന്നും ചിന്തോദ്ദീപകമായി അവർ നിരീക്ഷിച്ചു. ഭാര്യ, ഭർത്താവ് എന്നതിനപ്പുറത്ത് ഇണ-തുണ എന്ന സമവാക്യത്തിലേക്ക് ദാമ്പത്യ ബന്ധങ്ങൾ ഗുണപരമായി പരിവർത്തിപ്പിക്കപ്പെടേണ്ടതുണ്ടെന്നും കുറഞ്ഞ നേരത്തെ അവതരണത്തിൽ നാസിറ ഭംഗിയായി അവതരിപ്പിച്ചു. 


വീട്ടിനകത്ത് തളച്ചിടപ്പെടുന്ന പ്രതിഭകൾ ആണ് മിക്കവാറും സ്ത്രീകൾ എന്നുള്ളത് വളരെ നേരത്തെ തന്നെ വെർജീനിയ വൂൾഫ് എന്ന എഴുത്തുകാരി പറഞ്ഞുവെച്ചിട്ടുണ്ട്. സ്ത്രീകളുടെ സമയം കറിക്ക് അരിയാനും കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും വസ്ത്രമലയ്ക്കാനും പാത്രങ്ങൾ കഴുകാനും മാത്രമായി പരിമിതപ്പെടുത്തപ്പെടുന്ന ഗാർഹികാന്തരീക്ഷത്തിൽ അത്തരം സർഗ സിദ്ധികൾ പരിപോഷിപ്പിക്കപ്പെടാതെ വീർപ്പ് മുട്ടുന്നതിന്റെ ആവോളം ഉദാഹരണങ്ങൾ നിത്യേന നമുക്കിടയിലും കണ്ടുവരുന്നുണ്ടെന്ന വിലയിരുത്തൽ ഒരു വേള ഗൃഹനാഥൻമാരുടെയും ആങ്ങളമാരുടെയും മാതാപിതാക്കളുടെയും ചിന്തക്ക് വിഷയീഭവിപ്പിക്കേണ്ടത് തന്നെയാണ്. 


സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ മത ശാസനകളെയും ചരിത്ര വസ്തുതകളെയും മാറ്റിനിർത്താൻ കഴിയില്ല. ഇസ്‌ലാമിക പൂർവ അറേബ്യയിൽ പെൺകുഞ്ഞ് പിറന്നാൽ കുഴിച്ചു മൂടിയിരുന്ന ഒരു ഇരുണ്ട കാലം ചരിത്രാന്വേഷികൾക്ക് വായിച്ച് പഠിക്കാനാവും. സ്വശരീരം മാന്യമായി മറയ്ക്കാൻ അനുവാദമില്ലാത്ത സഹോദരിമാരുടെ നീറുന്ന ഗദ്ഗദങ്ങൾ ഗതകാല ഏടുകളിലൂടെ കടന്നു പോയാൽ ഇപ്പോഴും മുഴങ്ങിക്കേൾക്കാം. ഭർത്താവ് മരിച്ചാൽ ചിതയിൽ ആത്മാഹുതി ചെയ്യേണ്ടി വന്ന ഹതഭാഗ്യകളുടെ കരളലിയിപ്പിക്കുന്ന കഥകൾ ചില്ലറയല്ല. 
ലളിതാംബികാ അന്തർജനത്തിന്റെ അഗ്‌നി സാക്ഷിയും അഷിതയുടെ കഥകളും അഭിമുഖവും കമലാ സുരയ്യയുടെ എഴുത്തുകളുമെല്ലാം മലയാള സ്ത്രീയുടെ വേറിട്ട ആത്മസംഘർഷങ്ങളും വിധവകളുടെയും വിവാഹ മോചിതരുടെയും നൊമ്പരങ്ങളും വേണ്ടുവോളം ഹൃദയസ്പൃക്കായ രീതിയിൽ തന്നെ വായനക്കാർക്ക് മുന്നിൽ തുറന്നു വെച്ചിട്ടുണ്ട്. 


ആർത്തവ കാലത്തും ഗർഭകാലത്തും പ്രസവാനന്തരവും സ്ത്രീകൾ അനുഭവിക്കുന്ന സവിശേഷ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് പെരുമാറുന്ന ഇണകൾ കൂട്ടിനുണ്ടെങ്കിലേ സ്വർഗീയാന്തരീക്ഷം പുലരുന്ന ഇടമായി കുടുംബ ജീവിതം മാറുകയുള്ളൂ. ഇണ പിശാചാവുന്നിടത്ത് തുണ മാലാഖയാവുകയില്ലെന്ന തിരിച്ചറിവ് ഉണ്ടാവണം. 
തലമറയ്ക്കലും മാറു മറയ്ക്കലുമാണ് സ്ത്രീ സ്വാതന്ത്ര്യത്തിന് വിലങ്ങാവുന്നത് എന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ വർധിച്ചു വരുന്ന ഒരു കാലമാണിത്. മതാനുശാസനങ്ങൾ മനസ്സിരുത്തി വായിക്കുന്ന ഒരാൾക്കും സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയുംഹനിക്കാനോ സ്വാഭീഷ്ടപ്രകാരം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന രഹിതമായ ആധുനിക ബഹളങ്ങളുടെ പേരിൽ സർവതന്ത്ര സ്വതന്ത്രരായി വഴിവിട്ട് അലയാനോ സാധിക്കുകയില്ല. 


കന്യാസ്ത്രീകളുടെയും മുസ്‌ലിം സ്ത്രീകളുടെയും സ്വാമിനിമാരുടെയും വേഷങ്ങളെ പരിഹസിക്കുന്നവർ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. അവിടവിടങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പ്രാദേശിക സംസ്‌കാരത്തിന്റെയുംഭൂപ്രകൃതിയുടെയും പശ്ചാത്തലത്തിൽ രൂപപ്പെടുന്ന വേറിട്ട വസ്ത്രധാരണ രീതിയുടെയും തീവ്രാചാര ബോധങ്ങളുടെയും പേരിൽ മതശാസനകളെ അടുത്തറിഞ്ഞ ആരെങ്കിലും സ്ത്രീ സ്വാതന്ത്ര്യം ഹനിക്കാൻ ചില പ്രത്യേക മതം കൽപിക്കുന്നുവെന്നു ഒച്ചയിട്ടാർക്കുകയില്ല. അടച്ചാക്ഷേപിക്കുകയുമില്ല. 


തങ്ങൾ സമ്പൂർണ സ്വതന്ത്രരാണെന്നും നിരാശ്രയരാണെന്നും തങ്ങളുടെ ഇഛകൾക്കും അഭിലാഷങ്ങൾക്കും മേൽ നിയന്ത്രണമേർപ്പെടുത്താൻ ആരുമില്ലെന്ന് വീമ്പിളക്കുന്ന ചില മനുഷ്യർ ബോധപൂർവം വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. തങ്ങളുടെ ലിംഗനിർണയത്തിന്റെയും ജനനത്തിന്റെയും മരണത്തിന്റെയും കാര്യത്തിൽ തങ്ങൾക്ക് വലിയ പങ്കൊന്നുമില്ല എന്ന വസ്തുതയാണത്. 
ജീവിതത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചും വിവേകപൂർവം ചിന്തിച്ച് ദൗത്യബോധത്തോടെ ജീവിക്കാനുതകുന്ന സവിശേഷ ബുദ്ധിയാണല്ലോ അന്യ ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. അത്തരക്കാരാണ് യതാർത്ഥ ബുദ്ധിയുള്ളവർ! അല്ലാതെ ഒരടിസ്ഥാനവും പ്രമാണവുമില്ലാതെ തനിക്ക് അപ്പപ്പോൾ തോന്നുന്നത് പുലമ്പുന്ന നിരുത്തരവാദികളായ വായാടികളെയല്ല ബുദ്ധിജീവികൾ എന്ന് വിശേഷിപ്പിക്കേണ്ടത്. 


ശാസ്ത്രത്തിന് മാത്രം ഉത്തരം തരാൻ കഴിയുന്നതല്ല മനുഷ്യ ജീവിത ദൗത്യത്തിന്റെ അർത്ഥവും വ്യാപ്തിയും. മരണം എന്ന പ്രഹേളികക്ക് മുന്നിൽ ശാസ്ത്രം അന്തിച്ചു നിൽക്കുന്നു. വൈകല്യങ്ങളോടെ പിറക്കുന്ന ചിലരുടെ കാര്യത്തിൽ ശാസ്ത്രത്തിനുത്തരമില്ല. നെറികെട്ട ഭരണാധികാരികളും നിഷ്ഠുരരായ ഇണകളും എത്രയെത്ര രാജ്യങ്ങളെയും കുടുംബങ്ങളെയുമാണ് തകർത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നത്! അനീതിയും അന്യായവും കൊടി കുത്തി വാഴുമ്പോൾ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ മനുഷ്യ കോടതികൾ വരെ പ്രതിക്കൂട്ടിലാക്കപ്പെടുന്നു.ഒരാളെ കൊന്നവനും നൂറാളെ കൊന്നവനും പരമാവധി ലഭിക്കുന്നത് ഒറ്റ വധശിക്ഷയാണ്. പതിനായിരങ്ങളെ കൊന്നൊടുക്കുന്ന കാപാലികർ അധികാരക്കസേരകളിൽ സാമോദം വിലസുന്നു. എത്രയോ നിരപരാധികൾ അനേക കാലം തുറുങ്കലിൽ പീഡിപ്പിക്കപ്പെടുന്നു. ചിലർ സുഖലോലുപതയിൽ തിമിർക്കുമ്പോൾ മറ്റു ചിലർ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നരകിക്കുന്നു. 
അതിനാൽ വിവേകികളായ മനുഷ്യരുടെ അന്വേഷണം ഭൗതിക പ്രത്യയ ശാസ്ത്രങ്ങളുടെ തൽക്കാലിക ക്ഷേമ പ്രസംഗങ്ങളുടെയും പദ്ധതികളുടെയും വാചാലതയിൽ മാത്രം തൃപ്തിയടയുന്നില്ല. അവർ അന്വേഷണം അവസാനിപ്പിച്ച് നിരാശരായി ജീവനൊടുക്കുകയോ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിഷേധികളാവുകയോ ഇല്ല. അവർ വിവിധ മതങ്ങൾ പഠിപ്പിക്കുന്ന മൂല്യങ്ങളിൽ മുൻവിധികളും അബദ്ധ ധാരണകളുമില്ലാതെ പരതിത്തുടങ്ങും. 


മതങ്ങൾ അനുശാസിക്കുന്ന അടിസ്ഥാന മൂല്യങ്ങളുടെ സമാനതകൾ അവരെ അമ്പരപ്പിക്കും. പാപപുണ്യങ്ങളെ കുറിച്ച് കൂടുതൽ തെളിമ കൈവരും. അബദ്ധങ്ങൾ പിണയാൻ ഇടയുള്ള മനുഷ്യർ പശ്ചാത്താപം എങ്ങനെ ആരോട് നടത്തണമെന്നുള്ള കൃത്യമായ ചിത്രം സുവ്യക്തമാവും. ആരാധിക്കേണ്ടതാരെ, പ്രാർത്ഥന ആരോട് എങ്ങനെയെന്നൊക്കെയുള്ള കാര്യങ്ങളിൽ മനസ്സിൽ ഉടലെടുത്തു കൊണ്ടിരിക്കുന്ന സന്ദേഹമകലും. കൂടാതെ എവിടെയാണ് മതങ്ങൾ അടിസ്ഥാനപരമായി വിയോജിക്കുന്ന നിർണായക കാര്യങ്ങൾ എന്നവർ യുക്തിപൂർവം വിലയിരുത്തും.

കാലദേശങ്ങൾക്കതീതനായ സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ ഉടയോ നോട് നേർവഴി കാട്ടിത്തരാൻ അവർ പ്രാർത്ഥിച്ചു തുടങ്ങും. തന്റെ വിവേകത്തിനും വിശകലനത്തിനും ബോധ്യമാവുന്ന വിശ്വാസ സംഹിതയെ കണ്ടെത്തും, ആശ്ലേഷിക്കും. ജീവിത ദൗത്യവും മാർഗവും തിരിച്ചറിയും. ജീവിതത്തിൽ നിഷ്‌കർഷിക്കേണ്ട ദൈവിക ബോധനങ്ങൾ അവർ സന്തോഷപൂർവം സ്വമേധയാ പിൻപറ്റും. 
മാതാപിതാക്കളോടും ഇണയോടും മക്കളോടും സർവ ചരാചരങ്ങളോടും ഏത് രീതിയിൽ പെരുമാറണമെന്ന വെളിച്ചം അവരുടെ അകതാരിൽ തെളിയും. വർത്തമാനകാല യാതാർത്ഥ്യങ്ങൾ പുത്തൻ വെളിച്ചത്തിൽ വായിച്ചു തുടങ്ങും. വേദമന്ത്രങ്ങൾ ഉദ്‌ഘോഷിക്കുന്ന സന്തോഷ വാർത്തകളും മുന്നറിയിപ്പുകളും വഴിവിളക്കുകളാവും. വെല്ലുവിളികൾക്കും പ്രാരാബ്ധങ്ങൾക്കുമിടയിലും ജീവിതം സാനന്ദമായ അനുഭവമായി മാറും. ദാമ്പത്യ ജീവിതം കാരുണ്യ നിർഭരവും അനുരാഗ സുഗന്ധിയുമാവും. പരജീവി സ്‌നേഹവും അലിവും ആർദ്രതയും താനിടപെടുന്ന കുടുംബത്തിലും സമൂഹത്തിലും കളിയാടുന്നത് നേരനുഭവമാവും. നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന വേദപ്പൊരുൾ സൗമ്യമായി സഹസ്ര പീലി വിടർത്തുന്ന ജീവിത മുദ്രാവാക്യമായി മാറും.

Latest News