അബുദാബി- സന്ദര്‍ശക വിസക്കാര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അബുദാബി. ഗ്രീന്‍ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് അബുദാബിയിലെത്താന്‍ തടസ്സമില്ല. എന്നാല്‍ ഇന്ത്യ അടക്കം റെഡ് രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
അബുദാബിയിലേക്കു വിമാനമാര്‍ഗം പ്രവേശനാനുമതി ഇല്ലാത്തതിനാല്‍ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങി മറ്റു എമിറേറ്റുകളില്‍ എത്തിയാണ് പലരും റോഡ് മാര്‍ഗം അതിര്‍ത്തി കടന്നിരുന്നത്. ഏതാനും ദിവസങ്ങളായി സന്ദര്‍ശക വിസക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും അതിര്‍ത്തിയില്‍ പ്രവേശനാനുമതി നിഷേധിച്ചു.
ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും അതിര്‍ത്തിയില്‍നിന്ന് തിരിച്ചയക്കുകയാണ്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മേല്‍നോട്ടത്തിനായി നാട്ടില്‍നിന്ന് ദുബായിലെത്തി 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലേക്കു പോകാനെത്തിയ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും തിരിച്ചയച്ചവരില്‍ ഉള്‍പ്പെടും. ബന്ധപ്പെട്ട സ്‌കൂളില്‍നിന്നുള്ള കത്തു നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതുപോലെ ബന്ധുക്കളെ കാണാനും ടൂറിസത്തിനും ജോലി അന്വേഷിച്ചും അതിര്‍ത്തി കടക്കാനെത്തിയവര്‍ക്കും മടങ്ങേണ്ടിവന്നു.
അബുദാബിയില്‍ ജോലി ചെയ്യുന്നവരുടെ അടുത്തേക്കു വരുന്ന ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കും മികച്ച കമ്പനിയില്‍നിന്ന് ലഭിച്ച അസ്സല്‍ തൊഴില്‍അനുമതി പത്രം കാണിക്കുന്നവര്‍ക്കും മാനുഷിക പരിഗണനയില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ വ്യാജ ഓഫര്‍ ലെറ്റര്‍ കാണിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്.






