റിയാദ് - വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയുടെ കുടുംബ വീടിനു നേരെ വെടിവെപ്പ് നടത്തിയ സൗദി പൗരനെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കാറിലെത്തിയാണ് പ്രതി ഭാര്യാ വീടിനു നേരെ നിറയൊഴിച്ചത്. ഇത് പ്രദേശവാസികളെ ഭീതിയിലാക്കിയിരുന്നു.
റിയാദിലെ അര്‍ഖ ഡിസ്ട്രിക്ടില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതിയുടെ ഭാര്യ തന്നെ ചിത്രീകരിച്ച് വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. സ്വന്തം മക്കള്‍ അടക്കം ഭാര്യാ വീട്ടിലെ മുഴുവന്‍ പേരെയും വീടിന് തീയിട്ട് കൊലപ്പെടുത്തുമെന്നും തനിക്ക് ആരെയും ഭയമില്ലെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി അയച്ച ശബ്ദ സന്ദേശങ്ങളും ഭാര്യ പുറത്തുവിട്ടു.
വിവാഹം അസാധുവാക്കുന്നതിന് കേസ് നല്‍കിയതില്‍ പ്രകോപിതനായാണ് ഭര്‍ത്താവ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും തന്റെ കുടുംബ വീടിനു നേരെ നിറയൊഴിക്കുകയും ചെയ്തതെന്ന് പ്രതിയുടെ ഭാര്യ പറഞ്ഞു. തന്നെ മര്‍ദിക്കുകയും തന്നെ വഞ്ചിച്ച് പരസ്ത്രീബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം തേടി കേസ് നല്‍കിയത്. തങ്ങള്‍ക്ക് മൂന്നു ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്. മൂത്ത മകന്റെ പ്രായം എട്ടു വയസാണ്.
വിവാഹ മോചനം തേടി കേസ് നല്‍കിയ ശേഷവും താന്‍ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി ദാമ്പത്യ ജീവിതം തുടരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മര്‍ദനവും തോക്കു ചൂണ്ടിയുള്ള ഭീഷണിപ്പെടുത്തലും ഭര്‍ത്താവ് തുടര്‍ന്നതോടെ ഭര്‍തൃവീട്ടില്‍ നിന്ന് രക്ഷപ്പെട്ട് താന്‍ സ്വന്തം വീട്ടിലെത്തുകയായിരുന്നു. ഇതിനു ശേഷം ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച താന്‍ വിവാഹ മോചനമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒന്നുകില്‍ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി തനിക്കൊപ്പം ജീവിതം തുടരുക, അതല്ലെങ്കില്‍ മരണം എന്ന് പറഞ്ഞ് ഇതിനു ശേഷം ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. തങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ വഷളാവുകയും ഭര്‍ത്താവ് പലതവണ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു. സ്വന്തം വീട്ടില്‍ നിന്ന് താന്‍ പുറത്തിറങ്ങുന്നത് ഭര്‍ത്താവ് രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. ശബ്ദ സന്ദേശങ്ങള്‍ അയച്ച് തന്നെ ഭീഷണിപ്പെടുത്തുന്നത് ഭര്‍ത്താവ് തുടര്‍ന്നു. മൂന്നു മാസം മുമ്പ് തന്റെ മൊബൈല്‍ ഫോണ്‍ ഭര്‍ത്താവ് കവര്‍ന്നു. ഇതിനു ശേഷം തന്റെ പുതിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഭര്‍ത്താവിന് അറിയില്ലായിരുന്നു. എന്നാല്‍ എല്ലാവരെയും കൊലപ്പെടുത്തുമെന്നും വീടിന് തീയിടുമെന്നും പറഞ്ഞുള്ള ഭീഷണി സന്ദേശങ്ങള്‍ മാതാവിന്റെ മൊബൈല്‍ ഫോണിലേക്ക് ഭര്‍ത്താവ് അയക്കാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം തങ്ങളുടെ കുടുംബ വീടിനു മുന്നിലെത്തി ഭര്‍ത്താവ് വീടിനു നേരെ പലതവണ നിറയൊഴിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.