സൗദി-ഖത്തർ ചർച്ച ദോഹയിൽ, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാകും

സൗദി സഹമന്ത്രിയും മന്ത്രിസഭാംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ദോഹയിൽ ചർച്ച നടത്തുന്നു.

ദോഹ - സൗദി സഹമന്ത്രിയും മന്ത്രിസഭാംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ചർച്ച നടത്തി. ദോഹ അൽബഹർ കൊട്ടാരത്തിലെ ഓഫീസിൽ വെച്ചാണ് ഖത്തർ അമീർ സൗദി മന്ത്രിയെ സ്വീകരിച്ചത്. സൗഹൃദ സംഭാഷണങ്ങൾ നടന്ന കൂടിക്കാഴ്ചക്കിടെ പൊതുതാൽപര്യമുള്ള വിഷയങ്ങളും സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. 
ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയും അമീരി ദീവാൻ പ്രസിഡന്റ് ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ഔദ്യോഗിക സന്ദർശനാർഥം ഖത്തറിലെത്തിയ തുർക്കി രാജകുമാരനെ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയും ദോഹ സൗദി എംബസി ആക്ടിംഗ് ചാർജ് ഡി അഫയേഴ്‌സ് അലി അൽഖഹ്താനിയും ചേർന്ന് ദോഹ എയർപോർട്ടിൽ സ്വീകരിച്ചു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മൂന്നു ദിവസം മുമ്പ് ഖത്തർ സന്ദർശിച്ച് ഖത്തർ അമീറുമായും വിദേശ മന്ത്രിയുമായും ചർച്ചകൾ നടത്തുകയും സൗദി സന്ദർശനത്തിനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഔദ്യോഗിക ക്ഷണം ഖത്തർ അമീറിന് കൈമാറുകയും ചെയ്തിരുന്നു. 

Latest News