ദുബായ് -പുതുവൽസരാഘോഷം പൊടിപൊടിക്കാൻ എല്ലാവരും ദുബായിലേക്ക് പറക്കാനൊരുങ്ങന്നതിനിടെയാണ് ഒരു വാർത്ത പാക്കിസ്ഥാനിൽ വൈറലായത്. പാക്കിസ്ഥാൻ പൗരന്മാർക്ക് വീസ നൽകുന്നത് യു.എ.ഇ താൽക്കാലികമായി നിർത്തി വച്ചു എന്നു പറയുന്ന യു.എ.ഇ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ പേരിലുള്ള ഒരു വ്യാജ നോട്ടീസ് ആണ് പ്രചരിച്ചത്. ഈ ഊഹാപോഹം പാക്കിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വീസ സേവനങ്ങൾ നിർത്തി വച്ചതായി ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് പാക്കിസ്ഥാൻ വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ടി.വി റിപ്പോർട്ട് ചെയ്തത് നിരവധി പാക്കിസ്ഥാനി പ്രവാസികളെ ആശങ്കയിലാക്കി.
എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് വ്യക്തമാക്കി. സാഹചര്യങ്ങളിൽ മാറ്റമൊന്നുമില്ലെന്നും വീസ ഉള്ള എല്ലാ പാക്കിസ്ഥാനി പൗരന്മാർക്കും രാജ്യത്തെത്താമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും ഇത്തരം വിവരങ്ങൾ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.






