റിയാദ് - സൗദി അറേബ്യ ഇന്നലെ പ്രഖ്യാപിച്ച ബജറ്റിൽ പ്രവാസികൾക്ക് സന്തോഷിക്കാൻ വല്ലതുമുണ്ടോ. ലെവി അടക്കമുള്ള കാര്യങ്ങളിൽ പുനർചിന്ത ഉണ്ടായേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലെവിയിൽനിന്നുള്ള വരുമാനം കൂടി കണക്കാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 14 ശതമാനം എണ്ണേതര വരുമാനമാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ട ലെവി, പെട്രോൾ ഡീസൽ, വൈദ്യുതി വില വർധന തുടങ്ങിയവയിൽ നിന്നാണ് ഈ വരുമാനം പ്രതീക്ഷിക്കുന്നത്. അതായത് നേരത്തെ പ്രഖ്യാപിച്ച ലെവി അതുപോലെ തുടരും എന്നു തന്നെയാണ്. ലെവി നടപ്പാക്കുന്നിലൂടെ നിരവധി കുടുംബങ്ങൾ സൗദി വിടുമെന്നും കണക്കാക്കിയിട്ടുണ്ട്. അതുവഴി ഉണ്ടാകുന്ന വരുമാന നഷ്്ടം കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. പുതിയ ബജറ്റിൽ ലെവി പിൻവലിക്കുകയോ പ്രഖ്യാപിച്ച ലെവി നൂറു റിയാലായി നിലനിർത്തുമോ എന്നതായിരുന്നു പ്രവാസികൾ ഉറ്റുനോക്കിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരിക്കലും പിറകോട്ടില്ലെന്ന നിലപാടാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചത്.
സ്വകാര്യമേഖലക്ക് ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചും സ്വദേശികൾക്ക് സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളേർപ്പെടുത്തിയും അവതരിപ്പിച്ച പുതിയ ബജറ്റിൽ കമ്മിയായി രേഖപ്പെടുത്തിയത് 195 ബില്യൻ റിയാലാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ സൗദി അറേബ്യയുടെ അഞ്ചാമത്തെ കമ്മി ബജറ്റാണിത്. എണ്ണവിലയിലെ കയറ്റിറക്കങ്ങളെ കേന്ദ്രീകരിച്ച് ആറു മിച്ച ബജറ്റും നാലു കമ്മി ബജറ്റുമാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ധനമന്ത്രി അവതരിപ്പിച്ചത്.
ജനക്ഷേമ ബജറ്റുമായി സൗദി
2008ൽ 584 ബില്യൻ റിയാലിന്റെ മിച്ച ബജറ്റാണ് ഇക്കാലയളവിൽ ഏറ്റവും ശ്രദ്ധേയമായ ബജറ്റ്. മുൻവർഷമായ 2007നേക്കാൾ 75 ശതമാനമായിരുന്നു അന്ന് എണ്ണ വിപണിയിലുണ്ടായ വിലക്കയറ്റം. അതായത് ബാരലിന് 133 ഡോളർ. 2007ൽ 117 ബില്യന്റെയും 2010ൽ 88 ബില്യന്റെയും 2011ൽ 291 ബില്യന്റെയും 2012ൽ 374 ബില്യന്റെയും 2013ൽ 177 ബില്യന്റെയും മിച്ച ബജറ്റുകളാണ് അവതരിപ്പിക്കപ്പെട്ടത്.
എന്നാൽ എണ്ണ വരുമാനം 51 ശതമാനത്തോളം ഇടിഞ്ഞ് 447 ബില്യൻ റിയാലിലെത്തിയ 2015ലാണ് ബജറ്റിൽ 366 ബില്യൻ റിയാലിന്റെ കമ്മി രേഖപ്പെടുത്തിയത്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കമ്മി ബജറ്റായിരുന്നു ഇത്. അതോടെ എണ്ണേതര വരുമാനങ്ങളിലേക്ക് സർക്കാർ ശ്രദ്ധയൂന്നാൻ തുടങ്ങി. തൊട്ടുമുമ്പുള്ള 2014ൽ 66 ബില്യൻ റിയാൽ മാത്രമായിരുന്നു കമ്മി കണക്കാക്കിയിരുന്നത്.
എണ്ണ വരുമാനം 26 ശതമാനത്തോളം വീണ്ടും കുറഞ്ഞ് 329 ബില്യൻ റിയാൽ രേഖപ്പെടുത്തിയ 2016ൽ 297 ബില്യൻ റിയാലിന്റെ കമ്മി ബജറ്റാണ് അവതരിപ്പിക്കേണ്ടിവന്നത്. ഇക്കാലയളവിൽ രാജ്യം ആഭ്യന്തര, വിദേശ മാർക്കറ്റുകളിൽ നിന്ന് കടമെടുക്കേണ്ടിവന്നു. ഇതോടെ പൊതുകടം 316.5 ബില്യൻ റിയാലായി ഉയർന്നു. 2015 ൽ പൊതുകടം 142 ബില്യൻ റിയാലായിരുന്നുവെങ്കിലും ഇരട്ടിയാണ് 2016ൽ കടമെടുക്കേണ്ടിവന്നത്. 2017ൽ വരുമാനം 696 ബില്യനും ചെലവ് 926 ബില്യനും കമ്മി 230 ബില്യനും രേഖപ്പെടുത്തിയ ബജറ്റായിരുന്നു അവതരിപ്പിച്ചത്.. ആ വർഷം എണ്ണവരുമാനം 440 ബില്യൻ റിയാലും എണ്ണേതര വരുമാനം 256 ബില്യൻ റിയാലുമാണെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ കണക്ക്.സാമ്പത്തിക സന്തുലിത പദ്ധതിയനുസരിച്ച് 2023ഓടെ നഷ്ടമെല്ലാം നികത്തി സന്തുലിത ബജറ്റെന്ന സ്വപ്‌നത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. സ്വകാര്യമേഖലക്ക് ഉത്തേജനം നൽകാനും സ്വദേശികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം, താമസം, പൊതുഗതാഗതം തുടങ്ങി വിവിധ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾക്ക് പുതിയ ബജറ്റിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്. വ്യവസായ, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും സാഹചര്യമൊരുക്കുന്നു. നേരത്തെ പ്രഖ്യാപിച്ചതല്ലാത്ത മറ്റു പുതിയ നികുതികളൊന്നും ബജറ്റിലില്ല എന്നതും ശ്രദ്ധേയമാണ്.