Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജനക്ഷേമ ബജറ്റുമായി സൗദി 

റിയാദ് - ജനക്ഷേമ പദ്ധതികൾക്കും സാമ്പത്തിക വളർച്ചക്കും ഊന്നൽ നൽകുന്ന പുതിയ ബജറ്റ് സൗദി അറേബ്യ പ്രഖ്യാപിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് 97,800 കോടി റിയാൽ ചെലവും 78,300 കോടി റിയാൽ വരവും 19,500 കോടി റിയാൽ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് അംഗീകരിച്ചത്. എണ്ണ വിലയിടിഞ്ഞിട്ടും സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിതെന്ന് സൽമാൻ രാജാവ് പറഞ്ഞു. എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന രീതി പകുതിയോളം കുറക്കാൻ കഴിഞ്ഞെന്ന് രാജാവ് പറഞ്ഞു. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് വികസന പ്രയാണം തുടരും. സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിനും സ്വകാര്യ മേഖലക്ക് പിന്തുണ നൽകുന്നതിനുമുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ നേടുന്നതിന് പുതിയ പന്ത്രണ്ടു പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. പൊതുചെലവ് ഉയർത്തിയിട്ടും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ബജറ്റ് കമ്മി 25 ശതമാനം കുറക്കാൻ സാധിച്ചു. അടുത്ത കൊല്ലത്തെ ബജറ്റിൽ കമ്മി മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ എട്ടു ശതമാനത്തിലും താഴെയായി കുറക്കാനാണ് ലക്ഷ്യമിടുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന് ബജറ്റിൽ വലിയ വിഹിതം നീക്കിവെച്ചിട്ടുണ്ട്. വളർച്ച തുടരുന്നതിനും വരുമാന സ്രോതസ്സുകൾ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരും. കമ്മിയും മിച്ചവുമില്ലാത്ത ബജറ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നത് 2023 ലേക്ക് നീട്ടിവെച്ചിട്ടുണ്ട്. എല്ലാ പ്രവിശ്യകളിലും സന്തുലിത വികസനം തുടരുന്നതിന് ഊന്നൽ നൽകിയിട്ടുണ്ടെന്നും ബജറ്റ് അംഗീകരിച്ച് നടത്തിയ പ്രസംഗത്തിൽ സൽമാൻ രാജാവ് പറഞ്ഞു. 
സാമ്പത്തിക അടിത്തറയുടെ വൈവിധ്യവൽക്കരണത്തിലൂടെ സാമ്പത്തിക വളർച്ച തുടരുന്നത് ഉറപ്പുവരുത്തുന്നതിന് ഉതകുന്ന നിലക്കാണ് പുതിയ ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഈ വർഷം പൊതുചെലവ് 92,600 കോടി റിയാലായിരുന്നു. ഇതിനെക്കാൾ 5.6 ശതമാനം കൂടുതലാണ് പുതിയ ബജറ്റിലെ പൊതുചെലവ്. അടുത്ത കൊല്ലത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്ന വരുമാനം ഈ വർഷത്തെ ബജറ്റിൽ കൈവരിച്ച വരുമാനത്തെക്കാൾ 12.5 ശതമാനം കൂടുതലാണ്. ഈ വർഷം പൊതുവരുമാനം 69,600 കോടി റിയാലാണ്. ഈ വർഷത്തെ ബജറ്റ് കമ്മി 23,000 കോടി റിയാലാണ്. ഇതിനെക്കാൾ 15 ശതമാനം കുറവാണ് അടുത്ത കൊല്ലത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്ന കമ്മി. അടുത്ത കൊല്ലം പുതിയ നികുതികളിലൂടെ 8,500 കോടി റിയാൽ വരുമാനം പ്രതീക്ഷിക്കുന്നു. സബ്‌സിഡികൾ എടുത്തുകളയുന്നതിനു പകരം കുറഞ്ഞ വരുമാനക്കാർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി ധനസഹായം നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതി വഴി പ്രതിമാസം 250 കോടി റിയാൽ വീതം വിതരണം ചെയ്യും. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്കും വിദേശികളുടെ ആശ്രിതർക്കും നേരത്തെ പ്രഖ്യാപിച്ച ലെവികൾ അതേപോലെ യാതൊരുവിധ മാറ്റവുമില്ലാതെ തുടരും. 
അടുത്ത കൊല്ലം മൊത്തം ചെലവ് 1.1 ട്രില്യൺ റിയാലിലധികമായി ഉയരുമെന്ന് കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മൂന്നു പ്രധാന സ്രോതസ്സുകളിൽനിന്ന് അടുത്ത വർഷം പണം ചെലവഴിക്കും. ബജറ്റിൽനിന്ന് 97,800 കോടി റിയാൽ ചെലവഴിക്കും. ഇതിനു പുറമെ നാഷണൽ ഡെവലപ്‌മെന്റ് ഫണ്ടിനു കീഴിലെ വിവിധ ഡെവലപ്‌മെന്റ് ഫണ്ടുകളിൽനിന്ന് പാർപ്പിട, വ്യവസായ, ഖനന പദ്ധതികൾക്ക് സഹായങ്ങൾ നൽകുന്നതിന് 5,000 കോടി റിയാൽ നീക്കിവെക്കും. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വഴി പുതിയ പദ്ധതികൾക്കും നിലവിലുള്ള പദ്ധതികൾക്കും 8,300 കോടി റിയാൽ മൂലധന നിക്ഷേപം നടത്തും. മൂന്നു സ്രോതസ്സുകളിൽ നിന്നുമുള്ള പൊതുധന വിനിയോഗം 1.1 ട്രില്യൺ റിയാലിനു മുകളിലേക്ക് ഉയരും. 


 

Latest News