ഇന്ത്യയില്‍ വരാനിരിക്കുന്നത് ഐസിയുവില്ലാതെ രോഗികള്‍ മരിക്കുന്ന ദിവസങ്ങള്‍

പൂനെ- രാജ്യത്ത് കോവിഡ് സാഹചര്യം കൂടുതല്‍ വഷളാകുമെന്ന മുന്നറിയിപ്പുകളാണ് വിദഗ്ധര്‍ ആവര്‍ത്തിച്ചു നല്‍കുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത്  അഞ്ച് ലക്ഷം ഐസിയു കിടക്കകളും രണ്ട് ലക്ഷം നഴ്‌സുമാരും ഒന്നര ലക്ഷം ഡോക്ടര്‍മാരും കൂടി വേണ്ടി വരുമെന്ന് പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ദേവി പ്രസാദ് ഷെട്ടി പറഞ്ഞു. വലിയ വെല്ലുവിളി നേരിടുന്നതിന് സത്വരവും സമൂലവുമായ പരിഹാരങ്ങളാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


നിലവില്‍ ഇന്ത്യയില്‍ 75,000 മുതല്‍ 90,000 വരെ ഐസിയു കിടക്കകള്‍ മാത്രമേ ഉള്ളൂ. മിക്കവാറും ഇതിനകം  തന്നെ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. മഹാമാരിയുടെ രണ്ടാം തരംഗം ഇതുവരെ അതിന്റെ പാരമ്യതയിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ 3.5 ലക്ഷം കേസുകളാണ്  പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംഖ്യ പ്രതിദിനം അഞ്ച് ലക്ഷം കേസുകള്‍ വരെയായി  ഉയരുമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്.

മിക്ക പത്രങ്ങളുടേയും തലക്കെട്ടുകളും ടെലിവിഷന്‍ കവറേജും ഐസിയുവുകളിലെ രോഗികള്‍ക്ക് ഓക്‌സിജന്റെ അഭാവം മാത്രമാണ്. അടുത്ത തലക്കെട്ട് ആലോചിച്ചാണ്  എനിക്ക് ഉറക്കമില്ലാത്തത്. ഐസിയുകള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍  മരിക്കുന്നു എന്നായിരിക്കും അടത്ത തലക്കെട്ട്.  രോഗികളെ പരിചരിക്കാന്‍ നഴ്‌സുമാരും ഡോക്ടര്‍മാരുമില്ലെന്ന് അദ്ദേഹം പറഞ്ഞു.


യു.എന്‍ സഹായ വാഗ്ദാനം ഇന്ത്യ നിരസിച്ചു; മികച്ച സംവിധാനമുണ്ടെന്ന് മറുപടി

ഇതാണ് സംഭവിക്കാന്‍ പോകുന്നുതെന്ന കാര്യത്തില്‍ സംശയമില്ലെന്ന്  ഇന്ത്യയിലെ 21 മെഡിക്കല്‍ സെന്ററുകളുടെ ശൃംഖലയായ നാരായണ ഹെല്‍ത്തിന്റെ ചെയര്‍മാനും സ്ഥാപകനുമായ ഡോ. ഷെട്ടി പറഞ്ഞു. പൂനെയിലെ സിംബയോസിസ് ഗോള്‍ഡന്‍ ജൂബിലി പ്രഭാഷണ പരമ്പരയില്‍  ഓണ്‍ലൈന്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


ഒരു വ്യക്തിക്ക് പോസിറ്റീവ് സ്ഥിരീകരിക്കുമ്പോള്‍  അഞ്ച് മുതല്‍ 10 വരെ ആളുകള്‍ പരിശോധന നടത്തിയില്ലെങ്കിലും പോസിറ്റീവ് ആയിരിക്കും.  ഇങ്ങനെ നോക്കിയാല്‍  ഇന്ത്യയില്‍ ഇപ്പോള്‍  15 മുതല്‍ 20 ലക്ഷത്തിലധികം ആളുകള്‍ ദിവസവും രോഗബാധിതരാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോസിറ്റീവ് രോഗികളില്‍ അഞ്ച് ശതമാനം പേര്‍ക്ക് പ്രായം കണക്കിലെടുക്കാതെ ഒരു ഐസിയു ബെഡ് ആവശ്യമാണ്. ഐസിയുവിലെ ഒരു രോഗി ശരാശരി 10 ദിവസമെങ്കിലും അവിടെ ചെലവഴിക്കേണ്ടി വരുന്നുവെന്നും ഡോ. ദേവി പ്രസാദ് ഷെട്ടി പറഞ്ഞു.


എന്താണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; സിലിണ്ടറുമായുള്ള വ്യത്യാസം

 

Latest News